ആസ്ട്രേലിയൻ ഓപൺ; ജയം നമ്പർ വൺ
text_fieldsകാർലോസ് അൽകാരസ്, അരീന സബലങ്ക
മെൽബൺ: ആസ്ട്രേലിയൻ ഓപൺ ടെന്നിസ് മത്സരങ്ങളുടെ ആദ്യ ദിനം ലോക ഒന്നാം നമ്പർ താരങ്ങളായ കാർലോസ് അൽകാരസും അരീന സബലങ്കക്കും ജയം. പുരുഷ സിംഗിൾസിൽ ആസ്ട്രേലിയയുടെ ആദം വാൾട്ടനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സ്പാനിഷ് താരം അൽകാരസ് തോൽപിച്ചത്. സ്കോർ: 6-3, 7-6, 6-2. വനിതകളിൽ ബെലറൂസിന്റെ സബലങ്ക ഫ്രാൻസിന്റെ ടിയാന്ത്സോവ സാറയെ 6-4, 6-1ന് മറികടന്നും രണ്ടാം റൗണ്ടിലെത്തി.
പുരുഷന്മാരിൽ ജർമനിയുടെ അലക്സാൻഡർ സ്വരേവ് 6-7 (1/7), 6-1, 6-4, 6-2ന് കാനഡയുടെ ഗബ്രിയേൽ ഡിയാലോയെ മടക്കി. ഇറ്റാലിയൻ പ്രമുഖൻ ഫ്ലാവിയോ കൊബോളിയെ ബ്രിട്ടീഷ് ക്വാളിഫയർ ആർതർ ഫെറി അട്ടിമറിച്ചു. 7-6 (7/1), 6-4, 6-1നായിരുന്നു ഫെറിയുടെ ജയം. ഇറ്റലിയുടെ ജാസ്മിൻ പാവോലിനി 6-1, 6-2ന് ബെലറൂസിന്റെ അലക്സാൻഡ്ര സാസ്നോവിചിനെ അനായാസം പരാജപ്പെടുത്തി വനിത സിംഗിൾസിൽ രണ്ടാം റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്.
അതേസമയം, അഞ്ച് വർഷത്തിനുശേഷം ആസ്ട്രേലിയൻ ഓപൺ കളിക്കാനിറങ്ങിയ യു.എസ് വെറ്ററൻ താരം വീനസ് വില്യംസ് ചരിത്രം കുറിച്ചെങ്കിലും ഒന്നാം റൗണ്ടിൽ തോറ്റ് പുറത്തായി. ആസ്ട്രേലിയൻ ഓപണിൽ മത്സരിക്കുന്ന പ്രായം കൂടിയ വനിതയെന്ന നേട്ടമാണ് വീനസിനെ തേടിയെത്തിയത്. എന്നാൽ, സെർബിയയുടെ ഒൾഗ ഡാനിലോവിചിനോട് 6-7 (5/7), 6-3, 6-4ന് മുട്ടുമടക്കാനായിരുന്നു വിധി.


