പരാതിക്കളം: താളംതെറ്റി സംസ്ഥാനത്തെ സ്കൂൾ കായികമേളകൾ
text_fieldsമലപ്പുറം ഉപജില്ല കായിക മേളയുടെ ചെസ് മത്സരം മാറ്റിവെച്ചതിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ
മലപ്പുറം: ‘മലപ്പുറം ഉപജില്ല ചെസ് മത്സരത്തിൽ പങ്കെടുപ്പിക്കാൻ കുട്ടികളെയും കൊണ്ട് പോയിരുന്നു. രാവിലെ ഒമ്പതിന് മത്സരം തുടങ്ങുമെന്ന് അറിയിപ്പുണ്ടായി. പിന്നീട് അത് പതിനൊന്നരയാക്കി. കാത്തിരുന്ന് കാത്തിരുന്ന് ഉച്ച കഴിഞ്ഞിട്ടും മത്സരം തുടങ്ങിയില്ല. പിന്നീട് ഹെഡ്മാസ്റ്ററുടെ അറിയിപ്പുണ്ടായി, ഇന്ന് മത്സരമില്ലെന്ന്. മത്സരം നടത്തേണ്ട അധ്യാപകൻ മറ്റൊരു ഉപജില്ലയുടെ മത്സരം നടത്തുകയാണ്. ഒരു ദിവസത്തെ മുഴുവൻ പരിപാടിയും മാറ്റിവെച്ച് ഉപജില്ല മത്സരത്തിൽ പങ്കെടുക്കാൻ വന്ന രക്ഷിതാക്കളും കുട്ടികളും അധ്യാപകരും അവസാനം നിരാശരായി മടങ്ങി’’ -കഴിഞ്ഞ ദിവസം വിദ്യാർഥികളുമായി ഉപജില്ല മത്സരത്തിനെത്തിയ ഒരു അധ്യാപകന്റെ വാക്കുകളാണിത്.
സമാന പരാതികളുടെ പ്രളയമാണ് സ്കൂൾ കായികമേളയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുയരുന്നത്. കൃത്യമായ ഷെഡ്യൂളും ആവശ്യമായ സജ്ജീകരണങ്ങളും ഇല്ലാതെയാണ് ഈ വർഷത്തെ സംസ്ഥാന-ജില്ല-ഉപജില്ല കായികമേളകൾ നടക്കുന്നത്. ജില്ല സ്കൂൾ കായികമേളയോടനുബന്ധിച്ചുള്ള ഗെയിംസ് മത്സരങ്ങൾ തുടങ്ങിയിട്ടും പല സ്ഥലങ്ങളിലും ഉപജില്ല മത്സരങ്ങൾ പൂർത്തിയാക്കിയിട്ടില്ല.
തങ്ങളുടെ ന്യായമായ ആവശ്യങ്ങൾപോലും സർക്കാർ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ച് സംസ്ഥാനത്തെ കായിക അധ്യാപകർ മേളകളുടെ നടത്തിപ്പിൽനിന്ന് മാറിനിൽക്കുന്നതാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്. ഇതോടെ കിട്ടിയ ആളുകളെ തട്ടിക്കൂട്ടി എങ്ങനെയോ മത്സരങ്ങൾ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. ജില്ലതല ഗെയിംസ് മത്സരങ്ങൾ നടക്കുന്ന സമയത്തുതന്നെ പല ഉപജില്ലകളിലും അത്ലറ്റിക് മത്സരങ്ങളും നടത്തുന്നുണ്ട്.
ഗ്രൂപ് ഇനങ്ങളിൽ പങ്കെടുക്കേണ്ട പല വിദ്യാർഥികളുംതന്നെയാണ് സ്കൂളിനായി ഉപജില്ല മത്സരങ്ങളിൽ അണിനിരക്കുന്നത്. ഇത് വിദ്യാർഥികളുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുകയാണെന്ന് വ്യാപക പരാതി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറത്ത് കബഡി മത്സരത്തിൽ പങ്കെടുക്കാതെ ചെസ് മത്സരത്തിനുവേണ്ടി കാത്തിരുന്ന് കബഡിയും ചെസും നഷ്ടപ്പെട്ട വിദ്യാർഥിനി കരയുന്ന വിഡിയോ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു.
ഉപജില്ല മത്സരം ‘ഔട്ട്’ ട്രയൽസ് ‘ഇൻ’
മത്സരങ്ങൾ സമയത്തിന് നടത്താനാവാത്ത സാഹചര്യത്തിൽ പല ഉപജില്ല മത്സരങ്ങളും ഒഴിവാക്കി സെലക്ഷൻ ട്രയൽസ് മാത്രം നടത്തി കുട്ടികളെ തെരഞ്ഞെടുക്കുന്ന സ്ഥിതിയാണ്. നന്നായി കളിക്കുന്ന നിരവധി കുട്ടികൾക്ക് ഇത്തരം സെലക്ഷൻ ട്രയൽസിൽ അവസരം നഷ്ടപ്പെടുന്നതായി ആക്ഷേപമുണ്ട്. ഉപജില്ല തലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന കുട്ടികൾക്ക് പ്ലസ് ടു, കോളജ് തലങ്ങളിൽ ഗ്രേസ് മാർക്ക് ലഭിക്കേണ്ടതാണ്. എന്നാൽ, ഇത്തരത്തിൽ മത്സരങ്ങൾ ഒഴിവാക്കി സെലക്ഷൻ ട്രയൽസ് നടത്തുമ്പോൾ കുട്ടികൾക്ക് ലഭിക്കേണ്ട സർട്ടിഫിക്കറ്റും ഗ്രേസ് മാർക്കും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഇത് കുട്ടികളെയും രക്ഷിതാക്കളെയും മാനസികമായും കടുത്ത നിരാശരാക്കുന്നുണ്ട്.
അർഹമായി ലഭിക്കേണ്ട കുട്ടികളുടെ അവകാശങ്ങൾ ഹനിക്കുന്ന നടപടിയാണിതെന്ന വിമർശനവുമുണ്ട്. തിരൂർ ഉപജില്ലയിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അണ്ടർ 14, 17 വിഭാഗം ഫുട്ബാൾ, മങ്കട ഉപജില്ല സീനിയർ ഫുട്ബാൾ, വണ്ടൂർ ഉപജില്ല ഫുട്ബാൾ തുടങ്ങി നിരവധി കായികമത്സരങ്ങളിൽ നേരിട്ട് മത്സരം നടത്താതെ സെലക്ഷൻ ട്രയൽസ് മാത്രമാണ് നടത്തിയത്. പല ജില്ലകളിലും കബഡി, ബാഡ്മിന്റൺ, വോളിബാൾ, ഫുട്ബാൾ തുടങ്ങിയ ഇനങ്ങളിൽ സെലക്ഷൻ ട്രയൽസ് മാത്രമാണ് നടന്നതെന്ന് ആക്ഷേപമുണ്ട്.
കളത്തിലിറങ്ങാതെ കായികാധ്യാപകർ
തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാത്ത സർക്കാർ നയത്തിൽ പ്രതിഷേധിച്ച് സ്കൂൾ കായികമേളകളുടെ നടത്തിപ്പിൽ നിന്ന് വിട്ടു നിൽക്കാൻ തന്നെയാണ് കായിക അധ്യാപകരുടെ തീരുമാനം. വർഷങ്ങളായി കായിക അധ്യാപകനായി സ്കൂളുകളിൽ രാപകലില്ലാതെ ഓടി പണിയെടുത്താലും സർക്കാറിന്റെ പരിഗണനക്ക് പുറത്താണ് തങ്ങളെന്ന് ഇവർ പറയുന്നു. കായിക അധ്യാപക സംരക്ഷണ ഉത്തരവ് ഭാഗികമായി മാത്രമാണ് പുനഃസ്ഥാപിച്ചിട്ടുള്ളത്.
പത്തോളം കായികാദ്ധ്യാപകർ ജോലിയും ശമ്പളവും നഷ്ടപ്പെട്ട് സർവീസിന് പുറത്താണ്. മുഴുവൻ കായികാദ്ധ്യാപകർക്കുമായി സംരക്ഷണ ഉത്തരവ് പുന:സ്ഥാപിക്കാത്തതിനാലും അധ്യാപക വിദ്യാർഥി അനുപാതം കുറക്കാത്ത സാഹചര്യത്തിലും മുൻ വർഷങ്ങളിലെ റവന്യൂ ജില്ലാ സെക്രട്ടറിമാർക്ക് മേളകളുടെ ഭാഗമായി ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ ലഭ്യമാക്കാത്തതിനാലും ഇത്തവണ കായികമേളകളുമായി സഹകരിക്കില്ലെന്ന് അധ്യാപകർ നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നു.