Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഗെയിം ഓൺ ഇന്ത്യ;...

ഗെയിം ഓൺ ഇന്ത്യ; 2030ലെ അഹ്മദാബാദ് കോമൺവെൽത്ത് ഗെയിംസിന് സ്വാഗതമോതി ഇന്ത്യ

text_fields
bookmark_border
ഗെയിം ഓൺ ഇന്ത്യ; 2030ലെ അഹ്മദാബാദ് കോമൺവെൽത്ത് ഗെയിംസിന് സ്വാഗതമോതി ഇന്ത്യ
cancel
camera_alt

കോമൺവെൽത്ത് ഗെയിംസിന് സമാപനം കുറിച്ച് ഗ്ലാസ്ഗോയിൽ ഇന്ത്യൻ സംഘം അവതരിപ്പിച്ച സാംസ്കാരിക പരിപാടികളിൽനിന്ന്

ഗ്ലാസ്ഗോ: 2030ൽ ഗുജറാത്തിലെ അഹ്മദാബാദ് വേദിയാവുന്ന കോമൺവെൽത്ത് ഗെയിംസിന് ലോകത്തെ സ്വാഗതം ചെയ്ത് ഇന്ത്യ. 11 ദിവസം നീണ്ടുനിന്ന 23ാമത് കോമൺവെൽത്ത് ഗെയിംസിന് വർണാഭമായ ചടങ്ങോടെ സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ സമാപനമായപ്പോൾ അടുത്ത ആതിഥേയരുടെ പ്രതിനിധികൾ പതാക ഏറ്റുവാങ്ങി. ഒ.വി.ഒ ഹൈഡ്രോയിൽ ഞായറാഴ്ച രാത്രിയായിരുന്നു ചടങ്ങുകൾ. ജാവലിൻ ത്രോ സൂപ്പർ താരം നീരജ് ചോപ്ര, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ, ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ് സംഘവി എന്നിവർക്കാണ് ഗെയിംസ് പതാക കൈമാറിയത്. ഗ്ലാസ്‌ഗോയിലെ സമാപന സാംസ്കാരിക പരിപാടികളുടെ ചുമതലയും ഇന്ത്യ ഏറ്റെടുത്തിരുന്നു.

ശതാബ്ദി ഗെയിംസ്

നൂറാമത് കോമൺവെൽത്ത് ഗെയിംസാണ് 2030ലേത്. ഇതിന് ആതിഥ്യമരുളുന്ന ഇന്ത്യ ‘ലോകം ഒരു കുടുംബം: വസുധൈവ കുടുംബകം’ എന്ന ശീർഷകത്തിലാണ് സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചത്. നടിയും മുൻ മിസ് വേൾഡുമായ മാനുഷി ചില്ലാർ നയിച്ച പരിപാടിയിൽ, ശങ്കർ മഹാദേവന്റെ സംഗീതവും ഷിയാമക് ദവാറും സംഘവും ഒരുക്കിയ നൃത്തച്ചുവടുകളും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും ഐക്യത്തിന്റെയും ആതിഥ്യമര്യാദയുടെയും സന്ദേശത്തെയും ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു.

ശങ്കർ മഹാദേവന്റെ മക്കളായ ശിവം, സിദ്ധാർഥ് എന്നിവരുടെയും ബോളിവുഡ് ഗായിക ഭൂമി ത്രിവേദിയുടെയും പ്രകടനം ദൃശ്യവിരുന്നിന് മിഴിവേകി. നേരത്തെ, ‘ക്ലാൻ ആൻ ഡ്രുമ’ എന്ന ട്രൈബൽ ഡ്രം ബാൻഡിന്റെ അകമ്പടിയോടെ ഗായികയും ഗാനരചയിതാവുമായ സാൻഡി തോം ‘ഐ ആം പ്രൗഢ് ടു ബി ഫ്രം സ്കോട്ട്ലൻഡ്’ എന്ന ഗാനം ആലപിച്ചാണ് പരിപാടികൾക്ക് തുടക്കമിട്ടത്. സമാപന പരേഡിൽ ബോക്സിങ് ചാമ്പ്യൻ ജെയ്സ്മിൻ ലംബോറിയ ഇന്ത്യൻ പതാകയേന്തി.

മെഡലെണ്ണത്തിൽ കുറവ്

2022ലെ ബിർമിങ്ഹാം ഗെയിംസിൽ ഇന്ത്യക്ക് ആകെ 60 മെഡലുകൾ ലഭിച്ചിരുന്നു. ഇക്കുറി 39ൽ ഒതുങ്ങി. ഇന്ത്യക്ക് മേധാവിത്വമുള്ള പല ഇനങ്ങളും ഇത്തവണത്തെ ഗെയിംസിൽ നിന്ന് ഒഴിവാക്കിയതാണ് മെഡലെണ്ണത്തിലെ വലിയ ഇടിവിന് കാരണം. ഗുസ്തി, ടേബ്ൾ ടെന്നിസ്, ബാഡ്മിന്റൺ, ഹോക്കി, സ്ക്വാഷ്, ക്രിക്കറ്റ് തുടങ്ങിയ ഇനങ്ങൾ ഗ്ലാസ്ഗോയിലില്ലായിരുന്നു. ഇവയിൽ കഴിഞ്ഞ തവണ ഇന്ത്യക്ക് ആകെ ലഭിച്ചത് 30 മെഡലുകളാണ്. ആ കണക്കുവെച്ച് ഒമ്പതെണ്ണം ഇക്കുറി അധികം നേടാൻ കഴിഞ്ഞു. 13 സ്വർണവും 17 വെള്ളിയും ഒമ്പത് വെങ്കലവുമാണ് ഗ്ലാസ്ഗോയിലെ സമ്പാദ്യം. 162 മെഡലുകളുമായി ആസ്ട്രേലിയ ഒന്നാംസ്ഥാനം നിലനിർത്തി.

Show Full Article
TAGS:Commonwealth Games 2026 Ahmedabad 2030 CWG India Commonwealth Games 
News Summary - Glasgow CWG Concludes: India Receives Flag for 2030 Ahmedabad Commonwealth Games
Next Story