Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഇടിക്കൂട്ടിൽ...

ഇടിക്കൂട്ടിൽ പെൺകരുത്ത്; കോമൺവെൽത്ത് ഗെയിംസ് ബോക്സിങ്ങിൽ പ്രീതിക്കും ജയ്സ്മിനും സ്വർണം

text_fields
bookmark_border
ഇടിക്കൂട്ടിൽ പെൺകരുത്ത്; കോമൺവെൽത്ത് ഗെയിംസ് ബോക്സിങ്ങിൽ പ്രീതിക്കും ജയ്സ്മിനും സ്വർണം
cancel

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്സിങ് റിങ്ങിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ. വനിതാ വിഭാഗത്തിൽ പ്രീതി പവാറും ജയ്സ്മിൻ ലംബോരിയയും ഇന്ത്യയ്ക്കായി സ്വർണം ഇടിച്ചുനേടിയപ്പോൾ, പുരുഷ വിഭാഗത്തിൽ പോരാടി വീണ ജാദുമണി സിങ് വെള്ളി മെഡൽ സ്വന്തമാക്കി. ബോക്സിങ്ങിന് പുറമെ ട്രിപ്പിൾ ജംപിലും പാരാ അത്‍ലറ്റിക്സിലും മെഡലുകൾ വാരിക്കൂട്ടി ഇന്ത്യൻ താരങ്ങൾ ഗ്ലാസ്ഗോയിൽ കരുത്തറിയിച്ചു.

ഗ്ലാസ്ഗോയിലെ ഇന്ത്യൻ മെഡൽ നേട്ടങ്ങളിൽ ഏറ്റവും തിളക്കമുള്ളത് ജയ്സ്മിൻ ലംബോരിയയുടെ സ്വർണത്തിനാണ്. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിൽ നോർത്തേൺ അയർലൻഡിന്റെ മിക്കായേല വാൽഷിനെ 5-0 എന്ന സ്കോറിനാണ് നിലവിലെ ലോക ചാമ്പ്യൻ കൂടിയായ ജയ്സ്മിൻ മലർത്തിയടിച്ചത്. കോമൺവെൽത്ത് ഗെയിംസിലെ നിലവിലെ ചാമ്പ്യനെയാണ് ജയ്സ്മിൻ ഫൈനലിൽ വീഴ്ത്തിയത്.

വെറും 40 ദിവസങ്ങൾക്ക് മുൻപ് കടുത്ത പനിയും ഉദരസംബന്ധമായ അസുഖങ്ങളെയും തുടർന്ന് ആശുപത്രി കിടക്കയിലായിരുന്നു ജയ്സ്മിൻ. അവിടെ നിന്നുള്ള ഈ സുവർണ നേട്ടം ഇന്ത്യൻ കായിക ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. വെറും മൂന്നാഴ്ചത്തെ പരിശീലനം കൊണ്ടാണ് ഈ 57 കിലോ വിഭാഗം താരം ഗ്ലാസ്ഗോയിൽ സ്വർണമണിഞ്ഞത്. ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും പരിശീലകരുടെയും സ്പോർട്സ് സയൻസ് ടീമിന്റെയും പിന്തുണയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിലാണ് ലോക മൂന്നാം നമ്പർ താരമായ പ്രീതി പവാറിന്റെ സ്വർണ നേട്ടം. കാനഡയുടെ സ്കാർലറ്റ് ഡൽഗാഡോയെ 5-0 എന്ന നിലയിൽ ഏകപക്ഷീയമായി പരാജയപ്പെടുത്തിയാണ് 22-കാരിയായ പ്രീതി ഫൈനലിൽ ആധിപത്യം പുലർത്തിയത്. സ്വർണ നേട്ടം രാജ്യത്തിന് സമർപ്പിക്കുന്നുവെന്നും ഇന്ത്യൻ ജനതയുടെ പിന്തുണയാണ് തനിക്ക് കരുത്തായതെന്നും മത്സരശേഷം പ്രീതി പ്രതികരിച്ചു.

അതേസമയം, സ്വർണപ്രതീക്ഷയായിരുന്ന ജാദുമണി സിങ് പുരുഷൻമാരുടെ 55 കിലോഗ്രാം ഫൈനലിൽ പരാജയപ്പെട്ടു. ആദ്യ റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, ഓസ്‌ട്രേലിയയുടെ ജ്യേ ഡിക്‌സനോട് 5-0 എന്ന സ്കോറിന് അദ്ദേഹം പരാജയപ്പെടുകയായിരുന്നു.

Show Full Article
TAGS:Commonwelth games Boxing Gold 
News Summary - Gold for Preeti Pawar and Jaismine Lamboria
Next Story