സാഫ് ജൂനിയർ അത്‌ലറ്റിക്സിൽ സ്വർണമെഡൽ ജേതാവ്, ഇപ്പോൾ ജ്യൂസ് കടയിലെ ജീവനക്കാരൻ; വിട്ടുകൊടുക്കാൻ തയാറല്ലെന്ന് അനീഷ്
text_fieldsഅനീഷ് ജ്യൂസ് കടയിലെ ജോലിക്കിടെ
ഇരുപത്തഞ്ചുകാരന്റെ ജീവിതത്തിൽ ഒന്നര പതിറ്റാണ്ടെന്നത് ചെറിയ കാലയളവല്ല. 15 വർഷക്കാലത്തെ കഠനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും രാജ്യത്തിനും സംസ്ഥാനത്തിനുമയി നിരവധി മെഡലുകൾ നേടിയ ചെറുപ്പക്കാരന്‍റെ കായിക ജീവിതത്തിൽ വിശേഷിച്ചും. തിരുവനന്തപുരം കാര്യവട്ടത്തെ കേരള സർവകലാശാല കാമ്പസിനടുത്തെ ജൂസ് കടയിൽ അക്ഷരാർഥത്തിൽ ‘വിയർപ്പ് തുന്നിയിട്ട ഇന്ത്യൻ ജഴ്സി’യണിഞ്ഞ് ആ 25കാരൻ ജോലിയിലാണ്. തനിക്കൊപ്പം ട്രാക്കിലിറങ്ങിയവരെല്ലാം സർക്കാർ സർവീസിൽ പ്രവേശിച്ചപ്പോൾ കോട്ടയം ചങ്ങനാശേരി സ്വദേശി പി.എസ്. സനീഷ് ജൂസ് ഗ്ലാസുകൾ കഴുകിയും ടാക്സി ഓടിച്ചും തന്‍റെ പരിശീലനത്തിന് ആവശ്യമായ പണം സമ്പാദിക്കുകയാണ്.
2018ൽ ശ്രീലങ്കയിൽ നടന്ന സാഫ് ജൂനിയർ അത്‌ലറ്റിക്സ് സ്പ്രിന്‍റ് റിലേയിൽ സ്വർണമെഡൽ ജേതാവായിരുന്നു സനീഷ്. ആ വർഷം ജപ്പാനിൽ നടന്ന ഏഷ്യൻ ജൂനിയർ അത്‌ലറ്റിക്സിൽ വെങ്കലം നേടിയ സനീഷ് ഫിൻലൻഡിൽ നടന്ന ലോക ജൂനിയർ മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. പക്ഷേ, ജോലിക്കായുള്ള സർക്കാരിന്റെ പരിഗണനാപട്ടികയിൽ ഇടകിട്ടാതെ വന്നതോടെ ജീവിതം സനീഷിനെ ജൂസ് കടയിലെത്തിച്ചു. എൽ.എൻ.സി.പി.ഇയിലെ പരിശീലനം മുടങ്ങാതിരിക്കാൻ സമീപത്ത് ജോലി സംഘടിപ്പിച്ച് താമസത്തിനും ഭക്ഷണത്തിനും പരിശീലന ചിലവിനും വഴികണ്ടെത്തുകയാണ് ഈ സ്വർണ മെഡൽ വേട്ടക്കാരൻ.
ദേശീയ സ്‌കൂൾ മേളയിൽ സ്വർണജേതാവായ സനീഷിന്‍റെ പേരിൽ സംസ്ഥാന മീറ്റിൽ 100, 200 മീറ്ററുകളിൽ റെക്കോർഡുമുണ്ട്. സ്പോർട്‌സ് കോട്ട ജോലിക്കായി അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. ജൂനിയർ രാജ്യാന്തര മെഡലുകൾ സർക്കാർ ജോലിക്കു പരിഗണിക്കാനാകില്ലെന്ന വിചിത്ര മറുപടിയാണ് കായികവകുപ്പിന്‍റേത്. നഷ്ടമായതെല്ലാം കഠിനാധ്വാനത്തിലൂടെ വീണ്ടെടുക്കുമെന്ന നിശ്ചയദാർഢ്യമാണ് സനീഷിനെ 25-ാം വയസ്സിലും ട്രാക്കിൽ പിടിച്ചുനിർത്തുന്നത്. കഴിഞ്ഞ രണ്ട് വർഷമായി തിരുവനന്തപുരം എൽ.എൻ.സി.പി.ഇയിൽ പിന്റോ മാത്യുവിനു കീഴിൽ പരിശീലനം നടത്തുന്നു. സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമാകുമ്പോൾ പരിശീലനം വേണ്ടന്നുവച്ച് ടാക്‌സി ഡ്രൈവറാകാറുണ്ടെന്നും സനീഷ് പറയുന്നു.
ഇന്‍റർനാഷനൽ അത്‌ലറ്റായ സനീഷിന് ആവശ്യമായ സാമ്പത്തിക സഹായവും ജോലിയും ലഭ്യമാക്കിയാൽ ഇന്ത്യക്ക് ഏറെ പ്രതീക്ഷിക്കാവുന്ന താരമാകുമെന്ന് ഇന്‍റർനാഷനൽ അത്ലറ്റും കോച്ചുമായ പിന്‍റോ മാത്യു പറയുന്നു. കോണ്ടിനെന്‍റൽ ഏഷ്യൻ അത്‌ലറ്റായ സനീഷിന് മറ്റുപലരെയും പോലെ കുടുംബത്തിൽനിന്ന് സാമ്പത്തിക സഹായമൊന്നും ലഭിക്കുന്നില്ല. 14 വർഷം മുമ്പ് പിതാവ് സന്തോഷിന്‍റെ വിയോഗത്തോടെ അനാഥനായി. മാതാവ് ലീല വീടുപണി ചെയ്താണ് വിദ്യാർഥിയായ അനിയൻ സലീഷുൾപ്പെടെ മൂന്നുപേരടങ്ങുന്ന കുടുംബം പുലർത്തുന്നത്.
പദവികളും അംഗീകാരവും സാധ്യതകളും നോക്കിയല്ല മറിച്ച്, കായിക രംഗത്തോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഓരോ താരങ്ങളും ഈ രംഗത്തേക്ക് വരുന്നത്. എന്നാൽ, പിന്നീട് ഈ ലക്ഷ്യങ്ങളൊന്നും നേടാൻ കഠിനാധ്വാനമോ കഴിവോ മാത്രം പോര എന്ന തിരിച്ചറിയുമ്പോൾ പല യുവതാരങ്ങളും പതിയെ കായിക രംഗത്ത് നിന്നുതന്നെ പിൻവാങ്ങുന്നു. അപൂർവം ചില സനീഷുമാർക്ക് മാത്രമേ തങ്ങളുടെ സ്വന്തം ഇച്ഛാശക്തിയിൽ പരിശീലനമെങ്കിലും തുടരാനാവുന്നുള്ളൂ.
ഇന്ത്യയുടെ ജഴ്സിയണിഞ്ഞ് ജൂസ് കടയിൽ ജോലി ചെയ്യുന്നത് കാണുമ്പോൾ ചിലർ വിചാരിക്കും ഇതൊക്കെ വളരെ എളുപ്പമാണെന്ന്. ഒരു സ്പൈക് വാങ്ങാൻ മാത്രം 30,000 രൂപ വേണം. പതിനായിരം രൂപ മാസവരുമാനത്തിൽ അന്യന്‍റെ അടുക്കളയിൽ ജോലിചെയ്യുന്ന എന്‍റെ അമ്മയോട് ഇക്കാര്യം എങ്ങനെ പറയുമെന്നാണ് സനീഷ് ചോദിക്കുന്നത്. കഷ്ടപെട്ടാൽ പോലും ഒരു സ്പൈക്ക് വാങ്ങാനാവാത്ത നമ്മൾ ഉസൈൻ ബോൾട്ടിനെ പോലെ ഒടണമെന്ന് സ്വപ്നം കാണുന്നതെങ്ങനെ. സ്വപ്നം മാത്രമേ കൂട്ടിനുള്ളു. വീണ്ടും വീണ്ടും സ്വപ്നം കണ്ടുകൊണ്ടേയിരിക്കുന്നു. ഇനിയൊരവസരം കൂടിയുണ്ടെങ്കിൽ അത് നേടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ട്രാക്കുകളിലെ വെടിയൊച്ചക്ക് കാതോർക്കുന്നത്.
കുഞ്ഞു ക്ലാസുകളിൽ പഠിക്കുമ്പോൾ മുതൽ മത്സരങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നു. പാത്രങ്ങളും മറ്റുമായിരുന്നു അന്ന് സമ്മാനമായി ലഭിച്ചിരുന്നതെന്നും സനീഷ് ഓർക്കുന്നു. പൊൻകുന്നം എസ്.ഡി.യു.പി സ്കൂളിൽ ഏഴിൽ പഠിക്കുമ്പോൾ വത്സല ടീച്ചറായിരുന്നു തന്നിലെ അത്‌ലറ്റിനെ കണ്ടെത്തിയതെന്ന് സനീഷ് പറയുന്നു. “വലിയ കുട്ടികൾക്കൊപ്പം ഓടി സമ്മാനം ലഭിച്ചതോടെ ടീച്ചർ ജില്ലാ മത്സരത്തിൽ പങ്കെടുപ്പിച്ചു. ആ ജയത്തോടെ എട്ടാംക്ലാസ് മുതലുള്ള പഠനം ജി.വി. രാജ സ്കൂളിലായി. അങ്ങനെ നൂറ്, 200 മീറ്റർ ഓട്ടത്തിലും റിലേയിലുമെല്ലാം സംസ്ഥാന റെക്കോഡുകളും ദേശീയ മെഡലുകളും കിട്ടിതുടങ്ങി. വേഗമേറിയ ഓട്ടക്കാരൻ എന്ന പേര് ലഭിച്ചു. ചാക്കോ സാറായിരുന്നു ജി.വി രാജയിലെ പ്രധാന പരിശീലകൻ. പിന്നീട് സായിയിൽ പീസ് പെമ്പിളകുന്നേലിന്‍റെ കീഴിലായി പരിശീലനം. അവിടെ രണ്ടാം വർഷമായപ്പോൾ ആദ്യ അന്തർദേശീയ മെഡൽ ലഭിച്ചു. ഇതോടെ കരിയറും പരിശീലനവും സ്വപ്നങ്ങളും മാറിത്തുടങ്ങി. നിർഭാഗ്യവശാൽ കോവിഡും ലോക്ക്ഡൗണും വന്നത് ഈ സമയത്തായിരുന്നു. അതോടൊപ്പം ചെറിയ പരിക്കും. മൂന്ന് വർഷം പരിശീലനം പോലും നടത്താനാവാത്ത അവസ്ഥയായി” -സനീഷ് പറയുന്നു.
ദേശീയ മെഡലായിരുന്നു ആദ്യ ആഗ്രഹം. ഫെഡറേഷൻ കപ്പിലൂടെ അത് വന്നു. നല്ല ഓട്ടം ഓടിയാൽ രാജ്യത്തിന് വേണ്ടി രാജ്യത്തിന്‍റെ ജഴ്സിയണിഞ്ഞ് ഇന്‍റർനാഷനൽ മത്സരത്തിന് പോകാമെന്ന് ആഗ്രഹിച്ച് തുടങ്ങി. അന്ന് മുതൽ കഠിനമായി കഷ്ടപ്പെട്ട് തുടങ്ങി. 100ലും 200ലും യോഗ്യതനേടി. അതോടെ പെട്ടെന്ന് വീട്ടിലേക്ക് പോയി പാസ്പോർട്ട് എടുത്തു. 18 വയസ്സായിരുന്നു അപ്പോൾ. രാജ്യത്ത് നിലവിലുള്ള റെക്കോഡ് തിരുത്തണമെന്ന് തീരുമാനിച്ചു. ഉസൈൻ ബോൾട്ടിനെ പോലെ ആകണമെന്നായിരുന്നു മോഹം. ആ സമയത്തെ ഇന്ത്യയിൽ ഇത്ര സമയമേ ഓടൂ എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. ഇത് മാറ്റണമെന്ന് തീരുമാനിച്ചു.
കുറേ ആഗ്രഹങ്ങളുണ്ടായിരുന്നു. പതിയെ പതിയെ അവരെപോലെ നമുക്ക് എന്തുകൊണ്ട് കയറിപോകാൻ കഴിയുന്നില്ല എന്ന് തിരിച്ചറിഞ്ഞു തുടങ്ങി. ആഗ്രഹങ്ങൾ മാത്രമാണ് മുന്നോട്ട് നയിച്ചത്. അവസരങ്ങൾ ഒന്നും വിട്ടുകളയാതെ പരിശ്രമിച്ചുകൊണ്ടോയിരുന്നു. മടുത്തില്ലേ, നിർത്തിക്കൂടെ എന്ന് ചോദിക്കുന്ന നിരവധി പേരുണ്ട്. ഇത്രയും വർഷം ഇതിനായി ശ്രമിച്ചിട്ടും ഇതിൽനിന്ന് എന്തെങ്കിലും ഉണ്ടാക്കണം എന്ന ആഗ്രഹത്തിലാണ് ഇപ്പോഴും നിൽക്കുന്നത്. കഴിഞ്ഞ സ്റ്റേറ്റ് മീറ്റിൽ അത്യാവശ്യം നല്ല പ്രകടനം ലഭിച്ചു. രാവിലെയും വൈകിയും പരിശീലനം നടത്തിയിരുന്നു. പിന്നെ സാമ്പത്തിക പ്രശ്നമായി. പരിശീലനം ഒരു നേരമാക്കി മറ്റ് ജോലിക്ക് പോകാൻ തുടങ്ങിയതോടെ വിശ്രമമില്ലാതായി.
ആഗ്രഹിച്ച് നേടിയതാണ് ഇന്ത്യൻ ജഴ്സി. അത് അങ്ങിനെയങ്ങ് ഒഴിവാക്കി കളയാൻ പറ്റില്ല. വീണ്ടും മത്സരങ്ങൾക്കിറങ്ങി പുതിയ ജഴ്സികളും മെഡലുകളും സ്വന്തമാക്കണം. എപ്പോഴും ഈ ജഴ്സി കൂടെതന്നെ ഉണ്ടാകണമെന്നാണ് ആഗ്രഹം. ഇന്ത്യയുടെ ടീഷർട്ടിട്ട് നടക്കുന്നവർക്ക് അറിയാം അതിനുള്ള കഷ്ടപ്പാട് എത്രയാണെന്ന്. ആദ്യം കേരളത്തിന്‍റെ ജഴ്സി കിട്ടാനായിരുന്നു ആഗ്രഹിച്ചത്. അതിന് തന്നെ കുറേ പരിശ്രമമുണ്ട്. 134 കോടി ജനങ്ങളിൽനിന്ന് ഒരവസരം കിട്ടിയാൽ മാത്രമേ ദേശീയ ജഴ്സി കിട്ടു. ഇന്നലെ അങ്ങ് ചെന്ന് വാങ്ങാൻ കഴിയുന്നതല്ലല്ലോ അത്. ഓരോ ജഴ്സിക്കു പിന്നിലും ഒരുപാട് കഷ്ടപാടുണ്ട്. അതൊരു ഭാഗ്യം കൂടിയാണ്.
താൽപര്യമുള്ളതിനാൽ മാത്രമാണ് ഇതിങ്ങനെ തുടരാൻ കഴിയുന്നത്. വീണ്ടും ഇന്‍റർനാഷനൽപോയി മെഡൽ കൊണ്ടു വരണമെന്നാണ് ആഗ്രഹം. ചിലർക്ക് പുഛമായിരിക്കും. അത് കേൾക്കാൻ പോയാൽ ഒന്നും ചെയ്യാൻ കഴിയില്ല. ഇതൊരു ലഹരിയാണിത്. ഫുൾ ഹാപ്പിയായിരിക്കും. എന്തും ചെയ്യാനുള്ള ധൈര്യം ആയിരിക്കും. ജയം മാത്രമല്ല, തോറ്റ് തോറ്റാണ് ജയത്തിലേക്ക് എത്തുന്നത്. തോൽവിയുണ്ടെങ്കിലേ ജയമുള്ളു എന്നാണമല്ലോ. എന്തും ചെയ്യാനുള്ള വാശിയാണ്. ആരെന്ത് പറഞ്ഞാലും തോൽക്കാനുള്ള മനസല്ല, ജയിക്കാനുള്ള വാശി മാത്രമേയുള്ളൂ ഇപ്പോഴും. ഇനി തോൽക്കില്ല. പരിശീലകനാകാൻ ആഗ്രഹമുണ്ട്. അതിലേക്ക് പോകണം. തോറ്റുകൊടുക്കാൻ തയ്യാറല്ല. പറ്റുന്ന വിധത്തിൽ വരുംതലമുറയെ പരിശീലിപ്പിക്കും.
ഏഷ്യൻ ചാമ്പ്യൻമാരിൽ എനിക്ക് മാത്രമാണ് ജോലി ഇലാത്തത്. വിഷമമാണത്. കിടുമെന്ന പ്രതീക്ഷയിലാണ്. എല്ലാവാതിലുകളും മുട്ടുന്നുണ്ട്. പറ്റുന്ന രീതിയിൽ എല്ലാം ചെയ്യുന്നുണ്ട്. എനിക്കൊപ്പം മെഡൽ വാങ്ങിയ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് അന്ന് പോയി വന്നയുടനെ ജോലി കൊടുത്തു. എന്‍റെ കൂടെ മത്സരിച്ച് ജോലിയിൽ കയറിയവർക്ക് ഇപോ അഞ്ച് വർഷത്തെ സർവീസ് ആയി. എനിക്കുമാത്രമാണ് ഇതുവര ജോലി ആകാത്തത് -സനീഷ് പറഞ്ഞു.
കോവിഡും ലോക്ഡൗണും വന്നില്ലായിരുന്നെങ്കിൽ അവന്‍റെ മൂന്ന് വർഷം നഷ്ടമാകില്ലായിരുന്നുവെന്ന് പരിശീലകൻ പിന്‍റോ കൂട്ടിച്ചേർത്തു. പ്രായം 21 കഴിഞ്ഞതിനാൽ സായി പോലുള്ള പദ്ധതികളിൽനിന്ന് പുറത്തായി. മത്സരങ്ങളും കുറഞ്ഞു. സ്പോൺസർഷിപ്പും ഇല്ല. കുടുംബപരമായ സാഹചര്യമെങ്കിലും ഉണ്ടായിരുന്നെങ്കിൽ രക്ഷപ്പെടാൻ കഴിയുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. രാത്രി പതിനൊന്ന് വരെയൊക്കെ ജോലി ചെയ്ത് അടുത്ത ദിവസം പരിശീലനത്തിന് വരുമ്പോൾ ആവശ്യമായ വിശ്രമം ലഭിക്കില്ല. ഇന്‍റർനാഷനൽ മത്സരങ്ങൾ വരുന്നുണ്ട്. അവയിലൊക്കെ പങ്കെടുക്കണമെങ്കിൽ നല്ല വിശ്രമം അനിവാര്യമാണ്. നല്ലൊരു പിന്തുണ ലഭിച്ചാൽ വലിയൊരു അത്‌ലറ്റായി മാറേണ്ടയാളാണ് സനീഷെന്ന് അദ്ദേഹം ആവർത്തിക്കുന്നു.