അത്ലറ്റിക്സിൽ കേരളത്തിന് സ്വർണമടക്കം ആറ് മെഡലുകൾ കൂടി
text_fieldsവനിത ലോങ് ജംപിൽ വെള്ളി നേടിയ കേരള താരം സാന്ദ്ര ബാബു
ദേശീയ ഗെയിംസ് അത്ലറ്റിക്സിന്റെ രണ്ടാംനാൾ മെഡൽ വാരിക്കൂട്ടി കേരളം. ആദ്യ ദിനം മൂന്ന് വെങ്കലമാണ് ലഭിച്ചതെങ്കിൽ ഇന്നലെ സ്വർണമടക്കം കൈയിലായത് ആറ് മെഡലുകൾ. രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമാണ് മറ്റു നേട്ടങ്ങൾ. ഡെക്കാത്തലണിൽ എൻ. തൗഫീഖ് ചാമ്പ്യനായപ്പോൾ വനിത ലോങ് ജംപിൽ സാന്ദ്ര ബാബുവിനും 4x100 റിലേ ടീമിനും വെള്ളി ലഭിച്ചു. പുരുഷ 4x100 റിലേ ടീമും 110 മീറ്റർ ഹർഡ്ൽസിൽ വി.കെ മുഹമ്മദ് ലസാനും 400 മീറ്ററിൽ ടി.എസ് മനുവും വെങ്കല മെഡലുകൾ കരസ്ഥമാക്കി. 12 സ്വർണവും 11 വെള്ളിയും 17 വെങ്കലവുമായി ഒമ്പതാം സ്ഥാനത്താണ് കേരളം.
ഡെക്കാത്തലണിൽ 6915 പോയന്റ് നേടിയാണ് തൗഫീഖ് പൊന്നണിഞ്ഞത്. വനിത സ്പ്രിന്റ് റിലേയില്‍ ശ്രീന നാരായണന്, ഭവിക വി.എസ്, മഹിത മോള് എ.എല്‍, മേഘ എസ്. എന്നിവരടങ്ങിയ ടീം വെള്ളി നേടി. കർണാടകക്കാണ് സ്വർണം. രണ്ടാമതെത്തിയ തമിഴ്നാട് ടീം റിലേ ബാറ്റൺ കൈമാറുന്നതിൽ പിഴവ് വരുത്തിയെന്ന് കണ്ടെത്തി. ഇതോടെ മൂന്നാമതെത്തിയ കേരളത്തിന്റെ വെങ്കലം വെള്ളിയായി ഉയർന്നു. ലോങ് ജംപിൽ സാന്ദ്ര 6.12 മീറ്റര്‍ ചാടിയാണ് വെള്ളി നേടിയത്. ചാടിയ അഞ്ച് ചാട്ടത്തില്‍ നാലും ഫൗളായി. ബംഗാളിന്റെ മൗമിത് മെഡല്‍ 6.21 മീറ്റര്‍ ചാടി സ്വര്‍ണത്തിലെത്തി.
പുരുഷ റിലേയില്‍ എ.ഡി മുകുന്ദന്, അജിത്ത് ജോണ്‍, ആല്‍ബര്‍ട്ട് ജെയിംസ്, മനീഷ് എം എന്നിവരടങ്ങിയ കേരള ടീമിനാണ് വെങ്കലം. ഇവർ 40.73 മിനിറ്റിൽ ഓട്ടം പൂർത്തിയാക്കി ഒഡിഷക്ക് സ്വര്‍ണവും തമിഴ്നാടിന് വെള്ളിയും ലഭിച്ചത്. 110 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ലസാൻ 14.23 സെക്കൻഡിൽ ഓടിയെത്തിയത് വെങ്കലത്തിലേക്ക്. മഹാരാഷ്ട്രയുടെ തേജസ് അശോക് സിർസെ (13.65) സ്വന്തം മീറ്റ് റെക്കോഡ് പുതുക്കി സ്വർണം നേടി. മറ്റൊരു കേരള താരം റാഹിൽ സക്കീർ അഞ്ചാമതായി. 400 മീറ്ററിൽ 47.08 സെക്കൻഡിലാണ് മനു മൂന്നാംസ്ഥാനക്കാരനായത്. ഒഡിഷയുടെ ബപി ഹാൻസ്ദക്ക് (46.82) സ്വർണവും ഹരിയാനയുടെ വിക്രാന്ത് പഞ്ചലിന് (46.92) വെള്ളിയും ലഭിച്ചു. വനിതകളിൽ കേരളത്തിന്റെ കെ. സ്നേഹ നാലാമതായി. മഹാരാഷ്ട്രയുടെ ഐശ്വര്യ മിശ്ര (51.12 സെക്കൻഡ്) സ്വന്തം മീറ്റ് റെക്കോഡ് പുതുക്കി ചാമ്പ്യനായി. പുരുഷ ഹൈജംപിൽ കേരളത്തിന്റെ ജോമോൻ ജോയ് (2.08 മീ.) ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടപ്പോൾ തമിഴ്നാടിന്റെ ആദർശ് റാം (2.14 മീ.) സ്വർണത്തിലേക്ക് ചാടി.
പുരുഷന്മാരുടെ 400 മീറ്ററിൽ കേരള താരം ടി.എസ് മനു (314) വെങ്കലത്തിലേക്ക്