സ്കൂൾ കായികമേള അത്‍ലറ്റിക്സ്: ഇഞ്ചോടിഞ്ചിൽ മലപ്പുറം; ഓവറോൾ പോരാട്ടത്തിൽ തിരുവനന്തപുരം മുന്നിൽ
text_fieldsസീനിയർ ആൺ കുട്ടികളുടെ പോൾ വാൾട്ടിൽ റെക്കോഡോടെ സ്വർണം നേടുന്ന എറണാകുളം കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസിലെ ശിവദേവ് രാജീവ് (ചിത്രം - ബൈജു കൊടുവള്ളി)
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേള അത്ലറ്റിക്സ് മത്സരങ്ങളുടെ ആദ്യ ദിനം പൂർത്തിയായപ്പോൾ കിരീടപ്പോരാട്ടത്തിൽ മലപ്പുറവും പാലക്കാടും ഇഞ്ചോടിഞ്ച്. 15 ഫൈനലുകളാണ് വ്യാഴാഴ്ച നടന്നത്. മലപ്പുറത്തിന് നാല് സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി 30 പോയന്റുണ്ട്.
നാല് സ്വർണവും ഒരു വെള്ളിയും ആറ് വെങ്കലവുമാണ് 29 പോയന്റുള്ള പാലക്കാടിന്റെ സമ്പാദ്യം. ആതിഥേയരായ എറണാകുളം (19) മൂന്നാംസ്ഥാനത്തുണ്ട്. ഗെയിംസിലെ വൻ മുൻതൂക്കത്തിൽ തിരുവനന്തപുരം ഓവറോൾ പോരാട്ടത്തിൽ മറ്റു ജില്ലകളെ ബഹുദൂരം പിറകിലാക്കി കുതിക്കുകയാണ്. തിരുവനന്തപുരത്തിന് 1579ഉം രണ്ടും മൂന്നും സ്ഥാനക്കാരായ തൃശൂരിനും കണ്ണൂരിനും യഥാക്രമം 592ഉം 562ഉം പോയന്റാണുള്ളത്.
അത്ലറ്റിക്സിൽ ഒന്നാംനാൾ മൂന്ന് മീറ്റ് റെക്കോഡുകൾ പിറന്നു. സീനിയർ ബോയ്സ് പോൾവോൾട്ടിൽ 4.80 മീറ്റർ ചാടിയ എറണാകുളം കോതമംഗലം മാർബേസിൽ എച്ച്.എസ്.എസിലെ ശിവദേവ് രാജീവ് ദേശീയ റെക്കോഡ് മറികടക്കുന്ന പ്രകടനം നടത്തി.
സീനിയർ ബോയ്സ് 3000 മീറ്ററിൽ ചീക്കോട് കെ.കെ.എം എച്ച്.എസ്.എസിലെ മുഹമ്മദ് അമീനും (എട്ട് മിനിറ്റ് 37.69 സെക്കൻഡ്) സീനിയർ ബോയ്സ് 400 മീറ്ററിൽ തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂളിലെ മുഹമ്മദ് അഷ്ഫാഖും (47.65 സെക്കൻഡ്) നിലവിലെ റെക്കോഡുകൾ ഭേദിച്ചു.