മാഡിസൺ കീസിന് ആസ്ട്രേലിയൻ ഓപൺ വനിത സിംഗിൾസ് കിരീടം
text_fieldsമെൽബൺ: സമയമേറെയെടുത്ത മൂന്നാം സെറ്റിൽ മാഡിസൺ കീസ് പായിച്ച കിടിലൻ ഫോർഹാൻഡ് വിന്നർ ലോക ഒന്നാം നമ്പർ താരം സബലെങ്കയെ കടന്ന് ഗാലറി ലക്ഷ്യമാക്കി പറന്നപ്പോൾ മെൽബൺ പാർക്കിൽ പിറന്നത് അമേരിക്കൻ വീരചരിതം.
പഴുതില്ലാത്ത സെർവുകളും വന്യവീര്യം തുളുമ്പിയ റിട്ടേണുകളും കരുത്തുറ്റ ഗ്രൗണ്ട്സ്ട്രോക്കുകളുമടക്കം എല്ലാം തികഞ്ഞ കളിയുമായി മാഡിസൺ കീസ് തന്റെ 29ാം വയസ്സിൽ സ്വന്തമാക്കിയത് കന്നി ഗ്രാൻഡ് സ്ലാം കിരീടം. ആസ്ട്രേലിയൻ ഓപണിൽ കിരീട ഹാട്രിക് തേടിയെത്തിയ ബെലറൂസ് താരത്തെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് അമേരിക്കൻ താരം വീഴ്ത്തിയത്. സ്കോർ 6-3,2-6,7-5.
സെമിയിൽ ലോക രണ്ടാം നമ്പറുകാരി ഇഗ സ്വിയാറ്റെകിനെ അട്ടിമറിച്ച് കലാശപ്പോരിന് ടിക്കറ്റുറപ്പിച്ച 19ാം സീഡുകാരി സബലെങ്കയെന്ന അതികായക്ക് മുന്നിൽ വീഴുമെന്നായിരുന്നു കണക്കുകൂട്ടൽ.
മൂന്ന് പോയന്റ് മാത്രം വിട്ടുനൽകി ആദ്യ സെറ്റ് പിടിച്ച താരം പക്ഷേ, രണ്ടാം സെറ്റിൽ സബലെങ്കയുടെ പരിചയ മികവിനുമുന്നിൽ നേരത്തേ വീണു. ഇതോടെ നിർണായകമായി മാറിയ മൂന്നാം സെറ്റിൽ കൊണ്ടും കൊടുത്തും ഇരുവരും ഒപ്പത്തിനൊപ്പം നിന്നുപൊരുതിയതിനൊടുവിലാണ് കളിക്കരുത്ത് ആഘോഷമാക്കി 29കാരി കിരീടത്തിലേക്ക് റാക്കറ്റ് പായിച്ചത്. ഒരു ഗ്രാൻഡ്സ്ലാമിൽ ലോക ഒന്ന്, രണ്ട് റാങ്കുകാരെ വീഴ്ത്തി കിരീടം സ്വന്തമാക്കുകയെന്ന അപൂർവ നേട്ടവും ഇതോടെ അമേരിക്കൻ താരത്തിന് സ്വന്തം. 2017ൽ യു.എസ് ഓപൺ ഫൈനലിലെത്തിയ ശേഷം ആദ്യ ഗ്രാൻഡ്സ്ലാം ഫൈനൽ കൂടിയാണ് താരത്തിന്. 2015ൽ 33കാരിയായ ഫ്ലാവിയ പെനെറ്റ യു.എസ് ചാമ്പ്യനായ ശേഷം ഗ്രാൻഡ് സ്ലാം കിരീടം ചൂടുന്ന പ്രായംകൂടിയ വനിത കൂടിയാണ് കീസ്.
പുരുഷ ഫൈനലിൽ ഇന്ന് ഒന്ന്, രണ്ട് സീഡുകാരായ ജാനിക് സിന്നറും അലക്സാണ്ടർ സ്വരേവും ഏറ്റുമുട്ടും. സെമിയിൽ സിന്നർ അമേരിക്കൻ താരം ബെൻ ഷെൽട്ടണെ വീഴ്ത്തിയപ്പോൾ നൊവാക് ദ്യോകോവിച് പരിക്കേറ്റ് പിന്മാറിയതിനെ തുടർന്നാണ് സ്വരേവിന് കിരീടപ്പോരിൽ ഇടമുറച്ചത്.