ടാറ്റ സ്റ്റീൽ ചെസ്: മാഗ്നസ് കാൾസൺ കൊൽക്കത്തയിലെത്തും
text_fieldsകൊൽക്കത്ത: ഇന്ത്യയുടെ മുൻനിര താരങ്ങളായ അർജുൻ എരിഗെയ്സി, ആർ. പ്രഗ്നാനന്ദ, വിദിത് ഗുജറാത്തി എന്നിവർ മാറ്റുരക്കുന്ന ടാറ്റ സ്റ്റീൽ ചെസ് റാപിഡ്- ബ്ലിറ്റ്സ് ടൂർണമെന്റിന്റെ ആറാം എഡിഷനിൽ ലോക ചെസ് ഇതിഹാസം മാഗ്നസ് കാൾസണും പങ്കെടുക്കും.
നവംബർ 13 മുതൽ 17 വരെ കൊൽക്കത്തയിലെ ധോനോ ധനിയോ ഓഡിറ്റോറിയത്തിലാണ് മത്സരം. 2019ലും കാൾസൺ മത്സരത്തിനെത്തിയിരുന്നു. ചൈനയുടെ ഡിങ് ലിറെനെതിരെ ലോക ചാമ്പ്യൻഷിപ് സിംഗപ്പൂരിൽ നവംബർ- ഡിസംബറിലായതിനാൽ ഡി. ഗുകേഷ് ഇത്തവണയുണ്ടാകില്ല.
അതേസമയം, അടുത്തിടെ ഗ്ലോബൽ ചെസ് ലീഗ് ടൂർണമെന്റ് താരമായി തെരഞ്ഞെടുക്കപ്പെട്ട നിഹാൽ സരിൻ, എസ്.എൽ. നാരായണൻ എന്നിവരും നദീർബെക് അബ്ദുസ്സത്താറോവ്, ഡാനിൽ ഡുബോവ്, വെസ്ലി സോ തുടങ്ങിയ വിദേശ താരങ്ങളും പങ്കെടുക്കും. വനിതകളിൽ കൊനേരു ഹംപിയാണ് ഇന്ത്യൻ നിരയിലെ ഉയർന്ന സീഡുള്ള താരം. ആർ. വൈശാലി, ഹരിക ദ്രോണവല്ലി, ദിവ്യ ദേശ്മുഖ്, വന്തിക അഗ്രവാൾ എന്നിവരും പങ്കെടുക്കും.