ചതുരംഗ കളത്തിലെ എം.എസ് ധോണി; മിൽഖയുടെയും മേരികോമിന്റെയും ജീവിതം ഊർജമാക്കിയ കൗമാരക്കാരി
text_fieldsന്യൂഡൽഹി: അഞ്ചുതവണ ലോകകിരീടമണിഞ്ഞ വിശ്വനാഥൻ ആനന്ദ് മുതൽ പുതുതലമുറയിലെ ഡി ഗുകേഷ്, പ്രഗ്നാനന്ദ, ആർ വൈശാലി തുടങ്ങിയ പ്രതിഭകളുടെ നിരയിലെ പുത്തൻതാരപ്പിറവിയുടെ ആഘോഷത്തിലാണ് ഇന്ത്യൻ ചെസ് ലോകം. കഴിഞ്ഞ ദിവസമാണ് ജോർജിയയയിലെ ബാറ്റുമിയിൽ സമാപിച്ച ചെസ് ലോകകപ്പിൽ നാഗ്പൂരിൽ നിന്നുള്ള 19കാരി ദിവ്യ ദേശ്മുഖ് കിരീടമണിഞ്ഞ് ചരിത്രം കുറിച്ചത്. ഇന്ത്യയുടെ തന്നെ വനിതാ സൂപ്പർതാരം കൊനേരു ഹംപിയെ ആവേശകരമായ ടൈബ്രേക്കറിൽ റാപിഡ് ഗെയിമിൽ തോൽപിച്ചായിരുന്നു ദിവ്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
തുടക്കക്കാർ പതറുന്ന ടൈബ്രേക്കറിലും റാപ്പിഡ് മത്സരത്തിലും പോരാട്ടവീര്യം കൈവിടാതെ മത്സരം പിടിച്ചെടുത്ത ദിവ്യയുടെ പോരാട്ടമികവാണ് ആരാധകർക്കിടയിലെ ചർച്ച. മിന്നൽ നീക്കങ്ങൾ പിരിമുറുക്കം സൃഷ്ടിക്കുന്ന ടൈബ്രേക്കറിൽ എതിരാളിയെ അടിതെറ്റിക്കുന്ന നീക്കങ്ങളുമായി മത്സരം പിടിക്കുന്ന ദിവ്യ ദേശ്മുഖിന്റെ മികവിനായിരുന്നു പ്രശംസ ഏറെയും. എന്നാൽ, കൊനേരു ഹംപിക്കെതിരായ മത്സരത്തിൽ മാത്രമല്ല, ക്രിക്കറ്റ് കളത്തിലെ ഫൈനൽ ഓവറിൽ കളി മാറ്റുന്ന എം.എസ് ധോണിയുടെ ശൈലി നേരത്തെ തന്നെ ദിവ്യക്കുണ്ടെന്ന് പറയുന്നത് കുട്ടിക്കാലത്തെ പരിശീലകൻ കൂടിയായ ഇന്റർനാഷണൽ മാസ്റ്റർ ശ്രീനാഥ് നാരായണൻ ആണ്.
ചെസ് ബോർഡിലെ അവളുടെ യാത്രകൾ മിനുക്കിയെടുത്ത ആൾ എന്ന നിലയിൽ ടൈബ്രേക്കറിലെ ദിവ്യയുടെ പ്രകടനം അത്ഭുതപ്പെടുത്തുന്നില്ലെന്ന് ശ്രീനാഥ് നാരായണൻ പറഞ്ഞു. ‘പിരിമുറുക്കം നിറഞ്ഞ സമയങ്ങളിൽ എതിരാളിയെ കുരുക്കിലാക്കുന്ന വിധം മാനസിക കരുത്തുമായി മുന്നേറാനുള്ള കഴിവ് ദിവ്യക്കുണ്ട്. ക്രിക്കറ്റിൽ ഫൈനൽ ഓവറിൽ നിർണായക തീരുമാനവും, നീക്കങ്ങളുമായി എം.എസ് ധോണി നടത്തുന്ന പ്രകടനം പോലെ. 2018 മുതൽ ദിവ്യയുടെ ഈ മികവ് ഞാൻ കാണുന്നു’ -പി.ടി.ഐക്കു നൽകിയ അഭിമുഖത്തിൽ ശ്രീനാഥ് പറഞ്ഞു.
ജോർജിയയിൽ നടന്ന ഫൈനലിൽ സീനിയർ താരം ഹംപിക്കെതിരെ രണ്ടു തവണ സമനില പാലിച്ച ശേഷമായിരുന്നു തിങ്കളാഴ്ച ടൈബ്രേക്കറിൽ ഇരുവരും റാപിഡ് നീക്കങ്ങൾക്കെത്തിയത്. രണ്ടാം ഗെയിമിൽ ഹംപിയുടെ നിർണായക പിഴവുകളിലും സമചിത്തതയോടെ കളംവാണായിരുന്നു ദിവ്യ മത്സരം പിടിച്ചത്. ആദ്യ ഗെയിമിൽ പോൺ ഓപണിങ്ങിലായിരുന്നു ദിവ്യയുടെ തുടക്കം. ഹംപിയുടെ മികച്ച പ്രതിരോധത്തെ അതേമികവിൽ നേരിട്ട് മത്സരം 81ാം നീക്കം വരെ നീണ്ടു.
രണ്ടാം ഗെയിമിൽ 20 നീക്കത്തിൽ സമനില പ്രതീക്ഷിച്ചപ്പോഴാണ്, എതിരാളിയെ വീണ്ടും വീണ്ടും പിഴവുകൾക്ക് പ്രേരിപ്പിച്ച് മത്സരം വിധി നിർണയം 75 വരെ എത്തിച്ച് കിരീടം പിടിച്ചത്. അവസാന നീക്കങ്ങളിൽ കൂടുതൽ ആക്രമണാത്മകത പുറത്തെടുക്കുന്നാതാണ് ദിവ്യയുടെ ബോർഡിൽ കണ്ടത്.
ചരിത്ര നേട്ടത്തിനു പിന്നാലെ ബുധനാഴ്ച നാഗ്പൂരിലെത്തുന്ന ദിവ്യക്ക് വൻ സ്വീകരണമാണ് നാട്ടുകാർ ഒരുക്കുന്നത്. 15ാം സീഡായി മത്സരിക്കാൻ പുറപ്പെട്ട താരം ലോകജേതാവും ഗ്രാൻഡ്മാസ്റ്റർ പദവിയുമായി നാട്ടിലെത്തുമ്പോൾ വരവേൽപ്പും ഗംഭീരമായി മാറും.
ചെസ് കഴിഞ്ഞാൽ, ടെന്നീസും ഫുട്ബാളും ഇഷ്ടപ്പെടുന്ന ദിവ്യ പക്ഷേ കായിക ലോകത്തെ തന്റെ ഇഷ്ടക്കാർ മറ്റു രണ്ടു പേരാണെന്ന് പറയുന്നു. ഇന്ത്യയുടെ അത്‍ലറ്റിക്സ് ഇതിഹാസം മിൽഖ സിങ്ങും, ബോക്സിങ് താരം മേരികോമും. മിൽഖയുടെ ജീവിതം പറയുന്ന സിനിമ പലതവണ കാണുകയും, പാട്ടുകൾ കേൾക്കുകയുമാണ് പതിവ്. മേരികോമിന്റെ റിങ്ങിലെ പോരാട്ടം കായിക കുതിപ്പിൽ ഈ കൗമാരക്കാരി ഊർജമാക്കിയും മാറ്റുന്നു.