ദേശീയ ഫെഡറേഷൻ കപ്പ് അത്ലറ്റിക് ചാമ്പ്യൻഷിപ്; ട്രാക്കിൽ സിൽവർ ലൈൻ
text_fieldsകൊച്ചി: ആദ്യദിനത്തിലെ ഒന്നുമില്ലായ്മയിൽനിന്ന് രണ്ടാം ദിനത്തിലെ അഞ്ച് വെങ്കലനേട്ടത്തിലേക്ക് കുതിച്ച മലയാളി താരങ്ങൾ ദേശീയ ഫെഡറേഷൻ കപ്പ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം ദിനം രണ്ട് വെള്ളി മെഡലുകളും ഒരു വെങ്കലവും സ്വന്തമാക്കി. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ വനിതകളുടെ ഹർഡിൽസിൽ ആർ. അനുവും വനിതകളുടെ ട്രിപ്ൾ ജംപിൽ ജെ.എസ്.ഡബ്ല്യുവിന്റെ സാന്ദ്രാ ബാബുവുമാണ് വെള്ളിയിലേക്ക് ഫിനിഷ് ചെയ്തത്. ട്രിപ്ൾ ജംപിൽ കേരളത്തിന്റെ താരമായ എൻ.വി. ഷീന മൂന്നാമതുമെത്തി.
എൻ.വി. ഷീന (വെങ്കലം, വനിത ട്രിപ്ൾ ജംപ്)
നിലവിൽ രണ്ട് വെള്ളിയും ആറ് വെങ്കലവുമാണ് കേരളത്തിന്റെ നേട്ടം. 58.26 സെക്കൻഡ് സമയത്തിലാണ് അനുവിന്റെ വെള്ളി നേട്ടം. 13.48 മീറ്റർ ദൂരത്തിൽ ചാടി സാന്ദ്ര വെള്ളിയും 13.25 മീറ്ററിൽ ചാടി ഷീന വെങ്കലവും നേടുകയായിരുന്നു. 2022 ഭുവനേശ്വര്‍ ഓപണ്‍ മീറ്റിൽ അവസാനമായി മെഡൽ നേടിയ അനു പരിക്കിന്റെ പിടിയിലായിരുന്നു. മൂന്നുവര്‍ഷത്തിന് ശേഷമുള്ള ആദ്യ മെഡല്‍ നേട്ടമാണിത്. വനംവകുപ്പില്‍ സീനിയര്‍ സൂപ്രണ്ടായ അനു പാലക്കാട് എരുമയൂര്‍ വടക്കുംപുറം വീട്ടില്‍ പരേതരായ രാഘവന്റെയും സുജാതയുടെയും മകളാണ്.
അഞ്ചുതവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ക്യൂബയുടെ യൊയാന്ഡ്രിസ് ബെറ്റന്സോസ് എന്ന പരിശീലകന് കീഴില്‍ തുടര്‍ച്ചയായ മൂന്നാം മെഡലാണ് സാന്ദ്രയുടേത്. സമാപനദിനമായ വ്യാഴാഴ്ച ലോങ്ജംപിലും മത്സരമുണ്ട്. കണ്ണൂര്‍ കേളകം ഇല്ലിമുക്ക് തയ്യുള്ളതില്‍ ടി.കെ. ബാബുവിന്റെയും മിശ്രകുമാരിയുടെയും മകളായ സാന്ദ്ര ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പി.ജി ഹിസ്റ്ററി വിദ്യാര്‍ഥിനിയാണ്. 2017 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവാണ് ഷീന. തിരുവനന്തപുരത്ത് കൃഷിവകുപ്പില്‍ എല്‍.ഡി ക്ലര്‍ക്കാണ്. തൃശൂര്‍ ചേലക്കര നെല്ലിക്കല്‍ വര്‍ക്കിയുടെയും ശോശാമ്മയുടെയും മകളാണ്. സമാപന ദിനമായ വ്യാഴാഴ്ച പരിക്ക് മാറി തിരിച്ചെത്തുന്ന ആന്‍സി സോജനും ശൈലി സിങ്ങും തമ്മില്‍ കടുത്ത മത്സരം പ്രതീക്ഷിക്കുന്ന ലോങ്ജംപായിരിക്കും ശ്രദ്ധേയ ഇനം.
ഹർഡിൽസിൽ വിത്യക്ക് റെക്കോഡ്
വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ മീറ്റ് റെക്കോഡ് തകർത്ത് വിത്യ രാംരാജ്. 2019ൽ പട്യാലയിൽ നടന്ന അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഗുജറാത്തിന്റെ സരിതബെൻ ഗെയ്ക്വാദ് സ്ഥാപിച്ച 57.21 സെക്കൻഡ് എന്ന റെക്കോഡാണ് കൊച്ചിയിൽ 56.04 സെക്കൻഡിൽ ഫിനിഷ് ചെയ്ത് തമിഴ്നാടിന്റെ വിത്യ പഴങ്കഥയാക്കിയത്. ഈ നേട്ടവുമായി ദക്ഷിണകൊറിയയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും വിത്യക്ക് പങ്കെടുക്കാം. കഴിഞ്ഞദിവസം 400 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു.
വിത്യ രാംരാജ്
2023ൽ ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഹർഡിൽസിൽ മലയാളി അത്ലറ്റ് പി.ടി. ഉഷയുടെ നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള റെക്കോഡിനൊപ്പം വിത്യ എത്തിയിരുന്നു. 1984ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ഉഷ സ്ഥാപിച്ച 55.42 സെക്കൻഡ് എന്ന ദേശീയ റെക്കോഡിനൊപ്പമാണ് അന്ന് വിത്യ എത്തിയത്. ചെന്നൈയിൽ നടന്ന ഇന്ത്യ ഓപൺ അത്ലറ്റിക് മീറ്റിലും(56.90), ബംഗളൂരുവിൽ നടന്ന ദേശീയ ഓപൺ അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും (56.23) ഉൾപ്പെടെ നിരവധി സ്വർണം സ്വന്തമാക്കിയിട്ടുണ്ട്.
നീഹാരികയുടെ ‘സെൽഫ് സ്പോൺസറിങ്ങി’ന് സ്വർണം
കൊച്ചി: വനിതകളുടെ ട്രിപ്ൾ ജംപിൽ സ്വർണമെഡൽ ചാടിപ്പിടിച്ചെങ്കിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യത കുറഞ്ഞ സെൻറിമീറ്ററുകൾക്ക് നഷ്ടപ്പെട്ടതിന്റെ നിരാശ ചില്ലറയൊന്നുമല്ല പഞ്ചാബിന്റെ നീഹാരിക വശിഷ്ഠിനുള്ളത്. കൊച്ചിയിൽ നടന്ന ദേശീയ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ 13.49 മീറ്റർ ദൂരമാണ് ഒന്നാം സ്ഥാനക്കാരി ചാടിയത്. ഏഷ്യൻ യോഗ്യതയാവട്ടെ 13.68 മീറ്ററും.
നീഹാരിക വശിഷ്ഠ്
പഞ്ചാബിലെ മൊഹാലിയിൽനിന്നുള്ള നീഹാരിക കഴിഞ്ഞ ദേശീയ ഗെയിംസിൽ 13.37 മീറ്റർ ദൂരം താണ്ടി ട്രിപ്ൾ ജംപിൽ സ്വർണം സ്വന്തമാക്കിയിരുന്നു. രാജ്യത്തിന്റെ അഭിമാനമായ അത്ലറ്റ് എന്നതിനൊപ്പം ഇൻസ്റ്റഗ്രാമിൽ രണ്ടര ലക്ഷത്തോളം പേർ പിന്തുടരുന്ന കണ്ടൻറ് ക്രിയേറ്റർ കൂടിയാണ് നീഹാരിക. തന്റെ പരിശീലനത്തിനും മറ്റുമുള്ള തുക കണ്ടെത്തുന്നത് ഇൻസ്റ്റഗ്രാം വരുമാനത്തിലൂടെയാണെന്നും മറ്റ് സ്പോൺസർമാരൊന്നും ഇല്ലെന്നും നീഹാരിക പറയുന്നു. പരിശീലനത്തിന്റെയും മത്സരത്തിന്റെയും വിഡിയോകളാണ് ഏറെയും പോസ്റ്റ് ചെയ്യാറുള്ളത്. നിരവധി പേരിൽ നിന്നും പ്രോത്സാഹനവും ഇതുവഴി കിട്ടുന്നുണ്ടെന്ന് 29കാരി കൂട്ടിച്ചേർത്തു.