ഗെറ്റ്, സെറ്റ്, മഹാരാജാസ്; ദേശീയ ഫെഡറേഷന് കപ്പ് അത്ലറ്റിക്സിന് ഇന്ന് തുടക്കം
text_fieldsകൊച്ചിയിൽ ദേശീയ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിനായി പരിശീലനം നടത്തുന്ന താരങ്ങൾ ഫോട്ടോ:രതീഷ് ഭാസ്കർ
കൊച്ചി: മേയിൽ ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ താരങ്ങളുടെ സെലക്ഷന് ട്രയല്‍സ് വേദിയാവാൻ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട്. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ചവരെ ഇവിടെ നടക്കുന്ന 28ാമത് ദേശീയ ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് രാജ്യത്തിന്റെ അഭിമാന താരങ്ങൾ പുതിയ വേഗവും ദൂരവും ഉയരവും കീഴടക്കാനെത്തുക.
580 താരങ്ങൾ വിവിധയിനങ്ങളിലായി കളത്തിലിറങ്ങും. ഈ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങൾക്കാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത ലഭിക്കും. ഇതിനകം യോഗ്യത മാര്‍ക്ക് കടന്ന താരങ്ങള്‍ക്ക് ഏഷ്യന്‍ മീറ്റിനുമുമ്പ് പരമാവധി കരുത്ത് തെളിയിക്കാനുള്ള അവസരംകൂടിയാണ് കൊച്ചിയിൽ ഒരുങ്ങുന്നത്. 100 മീ. ഹര്‍ഡില്‍സിലെ ദേശീയ റെക്കോഡ് ജേത്രി ജ്യോതി യാരാജി, ജാവലിന്‍ ത്രോയില്‍ രാജ്യത്തെ രണ്ടാം സ്ഥാനക്കാരനായ കിഷോര്‍കുമാര്‍ ജെന, ഷോട്ട്പുട്ടിൽ തജീന്ദർപാൽ തോർ തുടങ്ങിയ താരങ്ങളെല്ലാം മീറ്റില്‍ പങ്കെടുക്കുന്നുണ്ട്.
ഇതിനകം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത നേടിയ ദേശീയ റെക്കോഡ് ജേതാക്കളായ ജ്യോതി യാരാജി, ഗുരിന്ദര്‍വീര്‍ സിങ് (100 മീ.), മലയാളി താരം മുഹമ്മദ് അഫ്സല് (800 മീ.) തുടങ്ങി 11 പേരുൾപ്പെടെ റിലയന്‍സ് ഫൗണ്ടേഷനില്‍ പരിശീലനം നടത്തുന്ന 39 അത്ലറ്റുകൾ ഇക്കൂട്ടത്തിലുണ്ട്. മലയാളി താരങ്ങളായ വി.കെ. മുഹമ്മദ് ലസാന്, മുഹമ്മദ് മുഹ്സിന്, വി.എസ്. സെബാസ്റ്റ്യന്‍ എന്നിവര്‍ക്കൊപ്പം തേജസ്വിന് ശങ്കര്‍, പ്രവീണ്‍ ചിത്രവേല്‍ ഉള്‍പ്പെടെയുള്ള 19 പ്രമുഖ താരങ്ങളെയാണ് ജെ.എസ്.ഡബ്ല്യു സ്പോര്‍ട്സ് ഇറക്കുന്നത്.
സംസ്ഥാന സ്കൂള്‍ മീറ്റിനായി ഒരുക്കിയ അതേ ഗ്രൗണ്ടിലാണ് ദേശീയ താരങ്ങള്‍ ഇറങ്ങുന്നത്. കേരളത്തിന് ലഭിച്ച അഭിമാന ചാമ്പ്യന്‍ഷിപ്പായതിനാല്‍ പ്രതിസന്ധികളെയും പരിമിതികളെയും മാറ്റിനിർത്തിയാണ് സംഘാടകരായ കേരള സ്റ്റേറ്റ് അത്ലറ്റിക് അസോസിയേഷൻ ഭാരവാഹികളും പരിശീലകരും ചേര്‍ന്ന് മീറ്റിന്റെ വിജയത്തിനായി ഒരുക്കം നടത്തുന്നത്. ട്രാക്ക് ഒരുക്കുന്നതുൾപ്പെടെ ഞായറാഴ്ച വൈകീട്ടോടെ പൂർത്തിയാക്കി. തിങ്കളാഴ്ച രാവിലെ 6.10ന് പുരുഷ വിഭാഗം 10,000 മീ. ഓട്ടമാണ് ആദ്യ മത്സരം. വനിത പോള്‍വോള്‍ട്ട്, 100 മീ., പുരുഷ ജാവലിന്‍ ത്രോ, 1500 മീ. ഫൈനലുകളും തിങ്കളാഴ്ചയാണ്. നാലുദിനങ്ങളിലായി ആകെ 38 ഫൈനലുകളുണ്ട്.