ദേശീയ ഗെയിംസ്; മെഡൽപ്പൂരം
text_fieldsദേശീയ ഗെയിംസ് പുരുഷ ലോങ് ജംപിൽ വെങ്കലം നേടിയ കേരള താരം സി.വി അനുരാഗ്
ഫോട്ടോ ; മുസ്തഫ അബൂബക്കർ
ദേശീയ ഗെയിംസിൽ കേരളത്തിന്റെ മെഡൽ വേട്ട. ശനിയാഴ്ച ഒരു സ്വർണവും ഏഴ് വെങ്കലവുമായി എട്ട് മെഡലുകളാണ് അക്കൗണ്ടിൽ ചേർത്തത്. ഇക്കുറി ഒരു ദിവസത്തെ ഏറ്റവും വലിയ നേട്ടം. തൈക്കോണ്ടോയിൽ സ്വർണവും നാല് വെങ്കലവും ലഭിച്ചു. അത് ലറ്റിക്സിലാണ് മറ്റു മൂന്ന് വെങ്കലങ്ങൾ. തൈക്കോണ്ടോ വനിത 67 കിലോ ഇനത്തിൽ മാർഗരറ്റ് മരിയ റെജിക്കാണ് സ്വർണം. അത്ലറ്റിക്സിന്റെ ആദ്യ ദിനം വനിത പോള്‍വോൾട്ടില്‍ മരിയ ജയ്സണും പുരുഷ ലോങ് ജംപില്‍ സി.വി അനുരാഗും ഡിസ്കസ് ത്രോയില്‍ അലക്സ്.പി.തങ്കച്ചനും വെങ്കലങ്ങള്‍ സ്വന്തമാക്കി. കേരളം ആകെ 11 സ്വർണവും ഒമ്പത് വെള്ളിയും 14 വെങ്കലവുമായി പത്താമതാണ്.
- കേരളത്തിന് ഒരു സ്വർണവും ഏഴ് വെങ്കലവും കൂടി
- തൈക്കോണ്ടോയിൽ ഒറ്റ ദിനം അഞ്ച് മെഡലുകൾ
- അത്ലറ്റിക്സില് മൂന്ന് വെങ്കലത്തോടെ തുടങ്ങി
തൈക്കോണ്ടോ പുരുഷ വിഭാഗം 63 കിലോയിൽ വെങ്കലം നേടിയ കേരള താരം ബി. ശ്രീജിത്ത്
സ്വർണം തേടി ഇന്ന് ട്രാക്കിൽ
അത്ലറ്റിക്സില് മെഡല്‍ പ്രതീക്ഷയുമായി കേരളം ഞായറാഴ്ച ഇറങ്ങും. രാവിലെ പുരുഷ വിഭാഗം 110 മീറ്റര്‍ ഹര്‍ഡ്ല്‍സ് യോഗ്യത മത്സരങ്ങള്‍ നടക്കും. മുഹമ്മദ് ലസാനും റാഹില്‍ സക്കീറും മത്സരിക്കും. യോഗ്യത നേടിയാല്‍ ഉച്ച തിരിഞ്ഞ് 2.30 ന് ഫൈനല്‍ നടക്കും. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ അന്ന റോസ് ടോമി ഇറങ്ങും. വൈകുന്നേരം മൂന്നിനാണ് ഫൈനല്‍.
പുരുഷന് ഹൈജംപില്‍ ജോമോന് ജോയി, വനിത ലോങ് ജംപില്‍ സാന്ദ്ര ബാബുവും മത്സരിക്കും. വനിതകളുടെയും പുരുഷന്മാരുടെയും 400 മീറ്റര്‍ ഫൈനലിലേക്ക് കേരളം യോഗ്യത നേടിയിട്ടുണ്ട്. വനിതകളില്‍ കെ. സ്നേഹയും പുരുഷ വിഭാഗത്തില്‍ മനു ടി.എസും മത്സരിക്കും. വനിതാ, പുരുഷ വിഭാഗം 4X400 മീറ്റര്‍ റിലേ മത്സരങ്ങളും ഇന്ന് നടക്കും.
ദേശീയ ഗെയിംസ് വനിത പോൾവോൾട്ടിൽ വെങ്കലം നേടിയ കേരള താരം മരിയ ജയ്സൺ
മാർഗരറ്റിന്റെ സ്വർണത്തൊഴി
തൈക്കോണ്ടോ 67 കിലോ ഫൈനലിൽ മഹാരാഷ്ട്ര താരം സിദ്ദിയെയാണ് കോട്ടയം സ്വദേശിനിയായ മാർഗരറ്റ് ഏകപക്ഷീയമായി വീഴ്ത്തിയത്. ഫൈനലിലെ ആദ്യ റൗണ്ടിൽ മാർഗരറ്റിന് എട്ട് പോയന്റ് ലഭിച്ചപ്പോൾ എതിർ താരം പൂജ്യത്തിലൊതുങ്ങി. രണ്ടാം റൗണ്ടിൽ മാർഗരറ്റ് പത്തും സിദ്ദി രണ്ടും പോയന്റ് നേടി. ദേശീയ ഗെയിംസിൽ ഇത് മൂന്നാം തവണയാണ് താരം സ്വർണം നേടുന്നത്. പുരുഷ 63 കിലോ വിഭാഗത്തിൽ ബി. ശ്രീജിത്ത്, 80 കിലോയിൽ മനു ജോർജ്, 53 കിലോയിൽ സി. ശിവാംഗി, എന്നിവരും ലയ ഫാത്തിമ, സേബ, കർണിക എന്നിവരടങ്ങിയ ടീമുമാണ് വെങ്കല ജേതാക്കൾ. ഇവർ സെമി ഫൈനലിൽ പരാജയപ്പെടുകയായിരുന്നു. മണിപ്പൂരികാരിയായ ശിവാംഗി കേരളത്തിലാണ് പരിശീലനം നടത്തുന്നത്.
- ബി. ശ്രീജിത്ത്, മനു ജോർജ്, സി. ശിവാംഗി എന്നിവരും ലയ ഫാത്തിമ, സേബ, കർണിക എന്നിവരടങ്ങിയ ടീമുമാണ് വെങ്കല ജേതാക്കൾ
തൈക്കോണ്ടോ വനിത വിഭാഗം 67 കിലോ ഇനത്തിൽ സ്വർണം നേടിയ കേരള താരം മാർഗരറ്റ് മരിയ റെജി
നെറ്റ്ബാള്‍ ഒത്തുകളിയിൽ നടപടി വേണമെന്നാവശ്യം
ഡെറാഡൂൺ: വിവാദങ്ങൾ നിറഞ്ഞ ദേശീയ ഗെയിംസിലെ നെറ്റ്ബാള്‍ മത്സരവേദിയിൽ നേരിട്ടെത്തി കാര്യങ്ങൾ ആരാഞ്ഞ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പി.ടി ഉഷ. ഒത്തുകളിക്കും റഫറിമാരുടെ പിഴവുകള്‍ക്കുമെതിരെ കേരളത്തിന്റെ ചെഫ് ഡി മിഷന് സെബാസ്റ്റ്യന്‍ സേവ്യര്‍ ഉഷയോട് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഇനിയുള്ള മത്സരങ്ങളില്‍ ശ്രദ്ധിക്കാമന്ന നിലപാടിലായിരുന്നു ദേശീയ നെറ്റ്ബാള്‍ ഫെഡറേഷന് ഭാരവാഹികള്‍. ഉടനടി നടപടിവേണമെന്നാവശ്യപ്പെട്ട് ഗെയിംസ് സംഘാടകസമിതി നെറ്റ്ബാൾ ഫെഡറേഷന് അന്ത്യശാസനംനല്കിയിട്ടുണ്ട്. പുരുഷ, വനിത വിഭാഗങ്ങളിൽ കേരളത്തിന്റെ പുറത്താവലിന് പിന്നിൽ റഫറിമാർ മനപ്പൂർവം വരുത്തിയ വീഴ്ചകളും ഒത്തുകളിയുമാണെന്നാണ് ആരോപണം.
അത്ലറ്റിക്സില് അക്കൗണ്ട് തുറന്നു
അത്ലറ്റിക്സിന്റെ ആദ്യ ദിനം കേരളത്തിന് സ്വർണമോ വെള്ളിയോ നേടാനായില്ല. വനിത പോള്‍വോൾട്ടില്‍ മരിയ ജയ്സൺ 3.90 മീറ്റര്‍ ചാടി മൂന്നാംസ്ഥാനത്തെത്തി. തമിഴ്നാടിനാണ് ഈ ഇനത്തിലെ സ്വര്‍ണവും വെള്ളിയും. 3.95 മീറ്റര്‍ ക്ലിയര്‍ ചെയ്ത പവിത്ര വെങ്കടേഷ് സ്വര്‍ണം നേടിയപ്പോള്‍ 3.90 മീറ്റര്‍ മരിയയേക്കാള്‍ കുറഞ്ഞചാന്സില് ക്ളിയര്‍ ചെയ്ത ബര്ണിക്ക ഇളങ്കോവന് വെള്ളിയിലെത്തി. 3.80 മീറ്റര്‍ ചാടിയ കേരളത്തിന്റെ കൃഷ്ണ രചന് അഞ്ചാമതായി.
പുരുഷ ലോങ് ജംപിൽ 7.56 മീറ്റര്‍ ചാടിയാണ് അനുരാഗ് വെങ്കലം നേടിയത് 7.70 മീറ്റർ ദൂരത്തിൽ ഉത്തര്‍പ്രദേശിന്റെ ഷാനവാസ് ഖാന് സ്വര്‍ണം നേടി. 7.59 മീറ്റര്‍ ചാടിയ തമിഴ്നാടിന്റെ വി. ശ്രീറാമിനാണ് വെള്ളി. ഡിസ്കസ് ത്രോയില്‍ 52.79 മീറ്റര്‍ എറിഞ്ഞാണ് അലക്സ് വെങ്കലത്തിലെത്തിയത്. 55.01 മീറ്റര്‍ എറിഞ്ഞ സര്‍വീസസിന്റെ ഗഗന്‍ദീപ് സ്വര്‍ണവും 54.07 മീറ്റര്‍ എറിഞ്ഞ ഹരിയാനയുടെ ഗഗന് ദീപ് വെള്ളിയും നേടി.പുരുഷ വിഭാഗം 100 മീറ്ററില്‍ ഒഡിഷയുടെ അനിമേഷ് ഗെയിംസ് റെക്കാഡിനൊപ്പമെത്തി ഗെയിംസിലെ ഏറ്റവും വേഗമേറിയ താരമായി. 10.28 സെക്കന്‍ഡിലാണ് അനിമേഷ് ഫിനിഷ് ചെയ്തത്.
വനിതകളുടെ 100 മീറ്ററില്‍ 11.76 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മഹാരാഷ്ട്രയുടെ സുദേശ്ന ശിവാങ്കറാണ് സ്വര്‍ണം നേടിയത്. തെലങ്കാനയുടെ നിത്യ ഗാംഥേ (11.79 സെക്കന്‍ഡ്) വെള്ളിയും തമിഴ്നാടിന്റെ ഗിരിധരിണി (11.88) വെങ്കലവും നേടി.
അത് ലറ്റിക്സിലെ ആദ്യ ഇനമായിരുന്ന വനിതകളുടെ 10000 മീറ്ററില്‍ കേരളത്തിന്റെ റീബ അന്ന ജോര്‍ജ് ആറാം സ്ഥാനത്തായി. മഹാരാഷ്ട്രയുടെ സഞ്ജീവനി യാദവാണ് സ്വര്‍ണത്തിനുടമ. 33 മിനിട്ട് 33.47 സെക്കന്‍ഡിലാണ് സഞ്ജീവനി 10000 മീറ്റര്‍ ഫിനിഷ് ചെയ്തത്. പുരുഷ വിഭാഗം 10000 മീറ്ററില്‍ ഹിമാചല്‍ പ്രദേശിന്റെ സാവന്‍ ബര്‍വാള്‍ ഗെയിംസ് റെക്കാഡോടെ സ്വര്‍ണം നേടി. 28 മിനിട്ട് 49.93 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു സാവന്‍.
തൈക്കോണ്ടോ വനിത വിഭാഗം പുംസെ ഗ്രൂപ് ഇനത്തിൽ വെങ്കലം നേടിയ കേരളത്തിന്റെ കർണിക, സേബ, ലയ
ഫാത്തിമ