പവർലിഫ്റ്റിങ് ദേശീയ മത്സരത്തിൽ സ്വർണ്ണം നേടി ക്രിസ്റ്റി സോളമൻ
text_fieldsകോട്ടയം: ബുധനാഴ്ച ഹിമാചൽപ്രദേശിൽ നടന്ന ദേശീയ പവർലിഫ്റ്റിങ് മത്സരത്തിൽ കേരളത്തിനായി സ്വർണ്ണ മെഡൽ കരസ്ഥമാക്കി ക്രിസ്റ്റി സോളമൻ. ഹിമാചൽപ്രദേശിൽ പാലംപൂരിൽ "സൂപ്പർ മാസ്റ്റേഴ്സ് ഗെയിംസ് ആൻഡ് സ്പോർട്സ് ഫെഡറേഷൻ ഇന്ത്യ"യുടെ ആഭിമുഖ്യത്തിൽ മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ ഹിമാചൽപ്രദേശിന്റെ നേതൃത്വത്തിൽ ആണ് മത്സരം നടന്നത്.
കോട്ടയം കളത്തിപ്പടിയിലെ 'സോളമൻസ് ജിം ഫിറ്റ്നസ് സെൻ്റർ ആൻഡ്സ്പോർട്സ് ക്ളബിൻറെ' ഉടമയും ഫിറ്റ്നസ് പരിശീലകയുമായാണ് ക്രിസ്റ്റി. വനിതകളുടെ 63 കിലോ വിഭാഗത്തിൽ ആണ് 47കാരിയായ ക്രിസ്റ്റി സോളമൻ ആദ്യ മത്സരത്തിൽ തന്നെ സ്വർണ്ണം നേടിയത്. പവർലിഫ്റ്റിങ് അസോസിയേഷൻ ആലപ്പുഴയിൽ കഴിഞ്ഞ വർഷം നടത്തിയ കേരള സ്റ്റേറ്റ് ബെഞ്ച്പ്രസ് മത്സരത്തിൽ ക്രിസ്റ്റി സ്വർണ്ണ മെഡൽ നേടിയിരുന്നു. കഴിഞ്ഞ വർഷംതന്നെ മലപ്പുറത്ത് നടന്ന കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസിലും പവർലിഫ്റ്റിങ് മത്സരത്തിൽ സ്വർണ്ണ മെഡൽ നേടി. ഈ വർഷം ആദ്യം എറണാകുളത്ത് പവർലിഫ്റ്റിങ് അസോസിയേഷൻ കേരള സോൺ നടത്തിയ കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് മത്സരത്തിലും വെള്ളി മെഡൽ നേടി. ഗവൺമെന്റ് എൽ.പി സ്കൂൾ ളാക്കാട്ടൂർ നോർത്ത്, സിസ്റ്റർ അൽഫോൻസാ യു.പി സ്കൂൾ ചേന്നാമറ്റം, ഇൻഫാന്റ് ജീസസ് സ്കൂൾ കണിയാംകുന്ന് മണർകാട്, ബസേലിയോസ് കോളേജ് കോട്ടയം, സെന്റ് മേരീസ് കോളേജ് മണർകാട് എന്നിവിടങ്ങളിലാണ് ക്രിസ്റ്റി വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
അമയന്നൂർ പാറയിൽ പി.ടി. ഏബ്രഹാമിന്റെയും അന്നമ്മയുടെയും മകൾ ആണ് ക്രിസ്റ്റി. ഭർത്താവ് സോളമൻ തോമസുമായി ചേർന്നാണ് മൂന്ന് വർഷമായി ഫിറ്റ്നസ് സ്ഥാപനം നടത്തി വരുന്നത്. സൂസൻ, അലിയാൻസ് (തിരുവനന്തപുരം), ഗബ്രിയേൽ (എൻജിനീയറിങ് വിദ്യാർത്ഥി അയർലൻഡ്) എന്നിവരാണ് മക്കൾ. ആധുനിക കാലത്ത് ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ഫിറ്റ്സിനെ പാഷനാക്കി മാറ്റിയ ക്രിസ്റ്റി വരും വർഷങ്ങളിലും കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്