പോൾവോൾട്ടിൽ ദേശീയ റെക്കോഡിട്ട് 19കാരൻ ദേവ് മീണ
text_fieldsദേശീയ ഗെയിംസ് പുരുഷൻമാരുടെ പോള്വാട്ടിൽ ദേശീയറെക്കോഡോടെ സ്വർണം നേടുന്ന മദ്ധ്യപ്രദേശിന്റെ ദേവ്കുമാര്മീണ ഫോട്ടോ : മുസ്തഫ അബൂബക്കർ
ദേശീയ ഗെയിംസ് അത്ലറ്റിക്സിന്റെ മൂന്നാംനാൾ ദേവ് കുമാർ മീണയുടെതായിരുന്നു. അത്യാവേശകരമായ റിലേ മത്സരങ്ങൾ നടക്കുമ്പോൾ പോലും പോൾവോൾട്ട് പിറ്റിലേക്ക് കണ്ണുനട്ടിരുന്നു മറ്റു താരങ്ങളും കാണികളും പരിശീലകരുമെല്ലാം. ആർപ്പുവിളികളും ഹർഷാരവങ്ങളും വാനോളമുയർന്നപ്പോൾ പുരുഷ പോൾവോൾട്ടിൽ പിറന്നത് ദേശീയ റെക്കോഡ്.
മധ്യപ്രദേശുകാരനായ ദേവ് 5.32 മീറ്റർ ചാടിയാണ് റെക്കോഡിട്ടത്. 2022ലെ ഗുജറാത്ത് ഗെയിംസിൽ തമിഴ്നാടിന്റെ എസ്. ശിവ സ്ഥാപിച്ച 5.31 മീറ്റർ മറികടന്നു 19കാരൻ. തുടർന്ന് 5.45 മീറ്ററിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അഞ്ച് മീറ്റർ വീതം ചാടിയ തമിഴ്നാടിന്റെ ജി. റീഗൻ വെള്ളിയും ഉത്തർപ്രദേശിന്റെ കുൽദീപ് കുമാർ വെങ്കലവും നേടി. കേരളത്തിന്റെ എ.കെ സിദ്ധാർഥ് ഒമ്പതാമതായി.
5.20 മീറ്ററായിരുന്നു ദേവിന്റെ പേഴ്സനൽ ബെസ്റ്റ്. ഇതെല്ലാം പിന്നിട്ട് ഉയരത്തിലേക്ക് കുതിച്ച കൗമാരക്കാരന് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് യോഗ്യത മാർക്കായ 5.51 മീറ്റർ ചാടാനായില്ല. 2024ലെ ഏഷ്യൻ അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെങ്കലം സ്വന്തമാക്കി ഈ മീറ്റിൽ 38 വർഷത്തിനിടെ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു ദേവ്. പെറുവിൽ നടന്ന അണ്ടർ 20 ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ചു.
പരിശീലനത്തിന് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത സിൽഫോഡ് ഗ്രാമത്തിലെ കർഷക കുടുംബാംഗമാണ് താരം. ഏറെ നാളായി റെക്കോഡിനായി കാത്തിരിക്കുന്നുവെന്നും ഇത് അഭിമാന നിമിഷമാണെന്നും ദേവ് പ്രതികരിച്ചു. രണ്ട് വർഷത്തോളം ക്യൂബക്കാരൻ പരിശീലന് കീഴിലായിരുന്നു. അതിന്റെ കൂടി ഫലമാണ് ഈ നേട്ടമെന്നും ദേവ് കൂട്ടിച്ചേർത്തു.
അതേസമയം, വനിത ഹാമർത്രോയിൽ ഉത്തർപ്രദേശിന്റെ അനുഷ്ക യാദവ് (62.89 മീ.) ഗെയിംസ് റെക്കോഡിട്ടു. കഴിഞ്ഞ ഗോവ ഗെയിംസിൽ സഹ താരം തനിയ ചൗധരി സ്ഥാപിച്ച 62.47 മീറ്റർ റെക്കോഡാണ് പഴങ്കഥയായത്. ഇക്കുറി തനിയ രണ്ടാമതായി. യു.പിയുടെ തന്നെ നന്ദിനിക്കാണ് വെങ്കലം.