പോളണ്ടിലെ നീരജ്-നദീം പോരാട്ടത്തിന് സാധ്യത മങ്ങി
text_fieldsലണ്ടൻ: പാരിസ് ഒളിമ്പിക്സിന് ശേഷം പുരുഷ ജാവലിൻ കളത്തിൽ സൂപ്പർ താരങ്ങളായ നീരജ് ചോപ്രയും അർഷദ് നദീമും നേർക്കുനേർ വരുന്നത് കാണാൻ ഒരു വർഷത്തോളമായി കാത്തിരിക്കുന്ന ആരാധകർക്ക് നിരാശ. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന പാക് താരം ആഗസ്റ്റ് 16ന് നടക്കുന്ന പോളണ്ട് ഡയമണ്ട് ലീഗിൽ മത്സരിക്കാൻ സാധ്യത കുറവാണെന്ന് പരിശീലകൻ സൽമാൻ ബട്ട് അറിയിച്ചു.
ഒളിമ്പിക്സ് ഇന്ത്യക്ക് സ്വർണം സമ്മാനിക്കുമെന്ന് പ്രതീക്ഷിച്ച നീരജിനെ രണ്ടാമനാക്കി നദീം ചാമ്പ്യനായിരുന്നു. അതിനു ശേഷം ഇരു താരവും മുഖാമുഖം വന്നിട്ടില്ല. സെപ്റ്റംബറിൽ ടോക്യോയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലാണ് നദീം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സൽമാൻ പറഞ്ഞു. 2023ൽ ബുഡപെസ്റ്റിൽ നീരജിന് പിന്നിൽ വെള്ളി നേടിയ നദീമിന് ലോക ചാമ്പ്യൻഷിപ്പ് ഏറെ പ്രധാനമാണ്. ലോക ചാമ്പ്യൻഷിപ്പിന് മുമ്പ് ഇരുവരും ഒരുമിച്ച് മത്സരിക്കുമെന്ന പ്രതീക്ഷയില്ലെന്നും പരിശീലകൻ തുടർന്നു.
ശസ്ത്രക്രിയ കഴിഞ്ഞ് റീഹാബിലിറ്റേഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന നദീമിനൊപ്പം സൽമാനും ലണ്ടനിലുണ്ട്. ഡോക്ടറുടെ അനുമതി ലഭിച്ചാൽ ലോക ചാമ്പ്യൻഷിപ്പിന് മുമ്പ് ഒരു മത്സരത്തിലെങ്കിലും നദീം പങ്കെടുക്കുമെന്ന് പരിശീലകൻ സൂചിപ്പിച്ചു. പോളണ്ടിന് പിന്നാലെ സ്വിറ്റ്സർലൻഡിലും ഡയമണ്ട് ലീഗ് നടക്കുന്നുണ്ട്.