പ്രൈം വോളി: കാലിക്കറ്റ് ഹീറോസിനെ തകര്‍ത്ത് മുംബൈയുടെ വിജയക്കുതിപ്പ്
text_fieldsപ്രൈം വോളിബാള്‍ ലീഗില്‍ കാലിക്കറ്റ് ഹീറോസ്-മുംബൈ മിറ്റിയോഴ്‌സ് മത്സരത്തില്‍നിന്ന്
ഹൈദരാബാദ്: പ്രൈം വോളിബാള്‍ ലീഗ് നാലാം സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് ഹീറോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് മുംബൈ മിറ്റിയോഴ്‌സ് തുടര്‍ച്ചയായ രണ്ടാം ജയം നേടി. ജയത്തോടെ ബംഗളൂരുവിനെ മറികടന്ന് പട്ടികയിലും മുംബൈ ഒന്നാമതെത്തി. കാലിക്കറ്റിന്റെ രണ്ടാം തോല്‍വിയാണ്. അമിത് ഗുലിയ ആണ് കളിയിലെ താരം. സ്‌കോര്‍: 15-9, 15-8, 15-12.
മത്സരത്തിൽ ആത്മവിശ്വാസത്തോടെയാണ് കാലിക്കറ്റ് തുടങ്ങിയത്. മികച്ച പാസുകള്‍ നല്‍കി ആക്രമണം നടത്താനായിരുന്നു ക്യാപ്റ്റന്‍ മോഹന്‍ ഉക്രപാണ്ഡ്യന്റെ ശ്രമം. എന്നാല്‍ ബ്ലോക്കര്‍ അഭിനവ് സലാറിന്റെ തകര്‍പ്പന്‍ പ്രകടനം മുംബൈക്ക് കാലിക്കറ്റിന്റെ ആക്രമണ ഭീഷണിയെ ഒഴിവാക്കാന്‍ സഹായിച്ചു. കാലിക്കറ്റ് ക്യാപ്റ്റന്‍ ഉക്രപാണ്ഡ്യന്റെ ഡബിള്‍ ടച്ച് മുബൈക്ക് തുടക്കത്തില്‍തന്നെ സൂപ്പര്‍ പോയിന്റ് സമ്മാനിച്ചു. അവര്‍ ലീഡ് നേടുകയും ചെയ്തു. ശുഭം ചൗധരിയുടെ കരുത്തുറ്റ സ്‌പൈക്കുകള്‍ കാലിക്കറ്റ് പ്രതിരോധത്തെ നിലയുറപ്പിക്കാന്‍ സമ്മതിച്ചില്ല. മത്തിയാസ് ലോഫ്‌ടെന്‍സെന്‍സും കാലിക്കറ്റിനെ കാര്യമായി പരീക്ഷിച്ചു.
ഡെറ്റെ ബോസ്‌കോ ആയിരുന്നു ചാമ്പ്യന്‍മാരുടെ നിരയിലെ ഏറ്റവും അപകടകാരിയായ കളിക്കാരന്‍. കാലിക്കറ്റിന്റെ ആക്രമണങ്ങള്‍ക്ക് ഡെറ്റെ കരുത്ത് പകര്‍ന്നു. എന്നിരുന്നാലും പിഴവുകള്‍ കാലിക്കറ്റിനെ തളര്‍ത്തി. മുംബൈ ആധിപത്യം തുടരുകയും ചെയ്തു. സന്തോഷാണ് കാലിക്കറ്റിന് ആവശ്യ ഘട്ടത്തില്‍ ഉണര്‍വ് നല്‍കിയത്. വികാസ് മാനും താളം കണ്ടെത്താന്‍ തുടങ്ങി. പക്ഷേ, ക്യാപ്റ്റന്‍ അമിത് ഗുലിയ ശാന്തമായി കാര്യങ്ങള്‍ നിയന്ത്രിച്ചു. നിര്‍ണായക ഘട്ടത്തില്‍ മുംബൈക്ക് അത് ഗുണകരമായി. പദ്ധതികള്‍ കൃത്യമായി അവര്‍ നടപ്പാക്കി. നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ച ടീം നിര്‍ണായകമായ മൂന്ന് പോയിന്റും നേടി.
ഒക്ടോബര്‍ 10ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെതിരെയാണ് കാലിക്കറ്റിന്റെ അടുത്ത മത്സരം. ചൊവ്വാഴ്ച വൈകിട്ട് 6.30ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ നേരിടും. രാത്രി 8.30ന് ഗോവ ഗാര്‍ഡിയന്‍സും അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും ഏറ്റുമുട്ടും. കഴിഞ്ഞദിവസം നടന്ന കളിയില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഗോവ ഗാര്‍ഡിയന്‍സിനെ 3-2ന് തോല്‍പ്പിച്ചിരുന്നു.
അഞ്ച് സെറ്റ് പോരിൽ ഗോവ ഗാർഡിയൻസിനെ വീഴ്‌ത്തി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്
പ്രൈം വോളിബാള്‍ നാലാം സീസണിലെ രണ്ടാം കളിയില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് തകർപ്പൻ ജയം. ഗോവ ഗാർഡിയൻസിനെ അഞ്ച് സെറ്റ് പോരാട്ടത്തിലാണ് കൊച്ചി ടീം തോൽപ്പിച്ചത്. ആദ്യ കളിയിൽ തോറ്റ കൊച്ചിയുടെ തിരിച്ചുവരവ് കൂടിയായി ഇത്. ഗോവയുടെ തുടർച്ചയായ രണ്ടാം തോൽവിയാണ്. പോയിന്‍റ് പട്ടികയിൽ രണ്ടാമതെത്തിയ കൊച്ചിയുടെ ഹേമന്താണ് കളിയിലെ താരം. സ്കോർ: 11–15, 17–15, 15–13, 10–15, 15–10.
ബംഗളൂരു ടോര്‍പിഡോസിന് രണ്ടാംജയം
ഞായറാഴ്ച നടന്ന കളിയില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ ആവേശകരമായ കളിയില്‍ ബംഗളൂരു ടോര്‍പിഡോസ് കീഴടക്കി. സീസണില്‍ തുടര്‍ച്ചയായ രണ്ടാം ജയമാണ് ബംഗളൂരുവിന്. ആദ്യ മത്സരത്തിന് ഇറങ്ങിയ കൊല്‍ക്കത്തയോട് ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു ബംഗളൂരുവിന്റെ തിരിച്ചുവരവ്. ജോയെല്‍ ബെഞ്ചമിന്‍ ആണ് കളിയിലെ താരം. സ്‌കോര്‍: 15-11, 13-15, 11-15, 11-15.