സ്കൂൾ കായികമേള ചാമ്പ്യന്മാർക്ക് ഇനി 117.5 പവെന്റ സ്വർണ കപ്പ്
text_fieldsrepresentation image
തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ചാമ്പ്യൻമാരാകുന്ന ജില്ലക്ക് 117.5 പവൻ തൂക്കം വരുന്ന സ്വർണക്കപ്പ് നൽകും.
സ്വർണക്കപ്പ് നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നൽകിയിട്ടുണ്ട്. സർക്കാർ, എയ്ഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളിൽ നിന്ന് ഒരു രൂപ വീതം സംഭാവനയായി ശേഖരിച്ച് സംസ്ഥാന ശാസ്ത്രമേളക്ക് ഒരു കിലോഗ്രാം തൂക്കമുള്ള സ്വർണക്കപ്പ് നിർമിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിലുള്ള അക്കൗണ്ടിൽ സൂക്ഷിച്ച പണം ശാസ്ത്രമേള കപ്പിനായി വിനിയോഗിച്ചിരുന്നില്ല.
കായികമേളക്ക് പ്രത്യേകമായി സ്വർണക്കപ്പ് വേണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശിപാർശ പരിഗണിച്ചാണ് ശാസ്ത്രമേള കപ്പിനായി ശേഖരിച്ച തുകയും കായിക മേളക്കായി സമാഹരിക്കുന്ന സ്പോൺസർഷിപ്പ് തുകയും ചേർത്ത് 117.5 പവൻ കപ്പ് തയാറാക്കാൻ അനുമതി നൽകിയത്. നിലവിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന് 117പവന്റെ സ്വർണ്ണക്കപ്പ് നൽകുന്നുണ്ട്. ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള ഒളിമ്പിക്സ് ഒക്ടോബർ 21 മുതൽ 28 വരെ തിരുവനന്തപുരത്താണ് നടക്കുന്നത്. ഈ വർഷം മുതൽ കപ്പ് നൽകാനാണ് തീരുമാനം.