സീനിയർ അത്ലറ്റിക് മീറ്റ് കിരീടത്തിൽ പാലക്കാടൻ മുത്തം; രണ്ടാം ദിനം തകർന്നത് നാല് പതിറ്റാണ്ടോളം പഴക്കമുള്ള റെക്കോഡുകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാന സീനിയര്‍ അത്ലറ്റിക് മീറ്റിൽ പാലക്കാടിന് കിരീടം. 168 പോയന്റുമായാണ് പാലക്കാട് കിരീടത്തില്‍ മുത്തമിട്ടത്. 152 പോയന്റുമായി കോട്ടയം രണ്ടാം സ്ഥാനവും 142.5 പോയന്റുമായി എറണാകുളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മീറ്റിന്റെ രണ്ടാം ദിനം ഏഴ് മീറ്റ് റെക്കോഡുകളാണ് പിറന്നത്. പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പ്ൾ ചേസിൽ കോട്ടയത്തിന്റെ ബഞ്ചമിൻ ബാബു 39 വർഷത്തെ റെക്കോഡ് തിരുത്തി. 1986ൽ പാലക്കാടിന്റെ പി.ടി. ജോസഫിന്റെ എട്ട് മിനിറ്റ് 59 സെക്കൻഡ് ബെഞ്ചമിൻ എട്ട് മിനിറ്റ് 53 സെക്കൻഡാക്കുകയായിരുന്നു.
പുരുഷന്മാരുടെ 200 മീറ്റർ ഓട്ടത്തിൽ പാലക്കാടിന്റെ പി.കെ. ജിഷ്ണു പ്രസാദ് 37 വർഷം പഴക്കമുള്ള റെക്കോഡ് തിരുത്തി. 1988ൽ കൊല്ലത്തിന്റെ നജീബ് മുഹമ്മദ് രേഖപ്പെടുത്തിയ 21.40 സെക്കൻഡ് മണ്ണാർക്കാട് സ്വദേശിയായ ജിഷ്ണു പ്രസാദ് 21.38 സെക്കൻഡായി തിരുത്തിയത്. കഴിഞ്ഞ ദിവസം 100 മീറ്റർ ഓട്ടത്തിലും 4x100 റിലേയിലും ജിഷ്ണു സ്വർണം നേടിയിരുന്നു. പുരുഷന്മാരുടെ 800 മീറ്റർ ഓട്ടത്തിൽ പാലക്കാടിന്റെ കെ.എ. അഖിൽ 35 വർഷം പഴക്കമുള്ള റെക്കോഡ് തിരുത്തി. 1990ൽ എറണാകുളത്തിന്റെ ജോസി മാത്യുവിന്റെ ഒരു മിനിറ്റ് 50:60 സെക്കൻഡ് അഖിൽ ഒരു മിനിറ്റ് 50:03 സെക്കൻഡാക്കുകയായിരുന്നു.
പുരുഷന്മാരുടെ 20000 മീറ്റർ നടത്തത്തിൽ എറണാകുളത്തിന്റെ ബിലിൻ ജോർജ് ആന്റോ റെക്കോഡോടെ സ്വർണം നേടി. 2023ൽ തന്റെ തന്നെ ഒരു മണിക്കൂർ 29 മിനിറ്റ് ഇത്തവണ ഒരു മണിക്കൂർ 24 മിനിറ്റിലേക്ക് പുതുക്കുകയായിരുന്നു. വനിതകളുടെ 20000 മീറ്റർ നടത്തത്തിൽ എറണാകുളത്തിന്റെ കെ. അക്ഷയ റെക്കോഡോടെ സ്വർണം നേടി. 2017 കോട്ടയത്തിന്റെ കെ. മേരി മാർഗരറ്റിന്റെ ഒരു മണിക്കൂർ 49 മിനിറ്റാണ് അക്ഷയ ഒരു മണിക്കൂർ 43 മിനിറ്റായി തിരുത്തിയത്. ഡിസ്കസ് ത്രോയിൽ കാസർകോടിന്റെ അഖില രാജു കഴിഞ്ഞ വർഷത്തെ 45.69 മീറ്ററെന്ന തന്റെ തന്നെ റെക്കോഡ് 46.79 മീറ്ററിലേക്ക് ഉയർത്തി സ്വർണം നേടി.
പുരുഷന്മാരുടെ ട്രിപ്പ്ൾ ജംപിൽ പാലക്കാടിന്റെ യു. കാർത്തിക്കിന്റെ വകയായിരുന്നു മറ്റൊരു റെക്കോഡ്. 2022ൽ ഇടുക്കിയുടെ എ.ബി അരുൺ കുറിച്ച 16.17 മീറ്റർ കാർത്തിക് 16.42 മീറ്ററിലേക്ക് തിരുത്തി. രണ്ടുദിവസമായി നടന്ന മീറ്റിൽ ആകെ 14 റെക്കോഡുകളാണ് പിറന്നത്.