Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightകടം വാങ്ങിയ പോളിൽ...

കടം വാങ്ങിയ പോളിൽ ഉയർന്ന ‘ശ്രീ’

text_fields
bookmark_border
കടം വാങ്ങിയ പോളിൽ ഉയർന്ന ‘ശ്രീ’
cancel
camera_alt

സി​ന്ധു​ശ്രീ മ​ല​യാ​ളി പ​രി​ശീ​ല​ക​ൻ വി​ജീ​ഷി​നൊ​പ്പം

ഭുവനേശ്വർ: കടം വാങ്ങിയ പോളുമായി പോൾവാൾട്ടിൽ മത്സരിക്കുന്നത് സ്കൂൾ കായികമേളകളിലെല്ലാം പതിവ് വാർത്തയാണ്. എന്നാൽ, കടം വാങ്ങിയ പോളുമായി സീനിയർ തലത്തിൽ ദേശീയ റെക്കോഡ് കുറിച്ച് ഏഷ്യൻ ഗെയിംസിലേക്ക് ടിക്കറ്റ് നേടിയ മിടുക്കിയുടെ മിന്നും പ്രകടനമാണ് ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് അത്‍ലറ്റിക്സിൽ കണ്ടത്. ശിവമൊഗ്ഗ ജില്ലയിലെ ഭദ്രാവതിയിൽ നിന്നുള്ള ജി. സിന്ധുശ്രീയാണ് ഇല്ലായ്മയിൽ നിന്ന് ചരിത്രമെഴുതിയത്. 4.25 മീറ്റർ ചാടിയാണ് സിന്ധുശ്രീ സ്വർണം നേടിയത്. തമിഴ്‌നാടിന്റെ ബരാനിക്ക ഇളങ്കോവന്റെ ഒരു മാസം പഴക്കമുള്ള മുൻ ദേശീയ റെക്കോഡായ 4.20 മീറ്ററാണ് മറികടന്നത്.

2022ൽ പിതാവിന്റെ മരണശേഷം സിന്ധുശ്രീക്ക് നീളമുള്ള പോളുകൾ വാങ്ങാൻ പണത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നു. ചെറിയ പോളുകളുമായി മത്സരിച്ച സിന്ധുശ്രീ രണ്ടാഴ്ച മുമ്പാണ് സുഹൃത്തിന്റെ നീളമുള്ള പോൾ കടം വാങ്ങി ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലെത്തിയത്.

‘‘ഞാൻ നേടിയതെല്ലാം എന്റെ അച്ഛൻ കാരണമാണ്. എല്ലാ ദിവസവും രാവിലെ അദ്ദേഹം എന്നെ ഓട്ടത്തിന് കൊണ്ടുപോകുമായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തിനുവേണ്ടി കളിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഏഷ്യൻ ഗെയിംസിലൂടെ അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു’’- പിതാവിന്റെ ഫോട്ടോ ഉയർത്തിപ്പിടിച്ച് സിന്ധുശ്രീ പറഞ്ഞു. ഇലക്ട്രീഷ്യനായിരുന്ന അച്ഛൻ ആർ.ഗണേഷ് ഹൃദയാഘാതത്താൽ മരിച്ചു.

അമ്മ തയ്യൽ ജോലി ചെയ്യുന്നു. മുത്തച്ഛനാണ് ഇപ്പോൾ സഹായിക്കുന്നത്. ഈ മിടുക്കിക്ക് സ്പോൺസർമാരും ജോലിയുമില്ലെന്നതാണ് ഏറെ സങ്കടകരം. ദേശീയ റെക്കോഡ് തിരുത്തിയതിനാൽ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിന്ധുശ്രീ. അഞ്ചടി രണ്ടര ഇഞ്ച് മാത്രം ഉയരം വെച്ചാണ് സിന്ധുശ്രീ ഉയരങ്ങൾ താണ്ടുന്നത്.കഴിഞ്ഞ മാസം ചെന്നൈയിൽ നടന്ന ഇന്ത്യൻ അത്‌ലറ്റിക്സ് സീരീസിൽ നാല് മീറ്ററായിരുന്നു ഈ താരത്തിന്റെ മികച്ച പ്രകടനം. ഇപ്പോൾ 25 സെന്റിമീറ്റർ മെച്ചപ്പെടുത്തിയെന്ന പ്രത്യേകതയുമുണ്ട്.

സിന്ധുശ്രീ തുടക്കത്തിൽ 400 മീറ്റർ ഓട്ടക്കാരിയായിരുന്നു. പരിശീലകൻ 2017ൽ അവളെ പോൾവാൾട്ടിലേക്ക് മാറാൻ നിർബന്ധിച്ചു. മലയാളിയായ വിജീഷ് എം.എം ആണ് പരിശീലകൻ. ക്ഷമയാണ് ശിഷ്യയുടെ പ്രധാന ഗുണമെന്ന് വിജീഷ് പറഞ്ഞു. നല്ല പോളുകളും പോഷകാഹാരവും കിട്ടിയാൽ ഏഷ്യൻ ഗെയിംസിൽ മിന്നാനാകുമെന്ന് കോച്ച് പറയുന്നു.

Show Full Article
TAGS:Athlete pole vault Record Asian Games Sports News 
News Summary - 'Shri' raised in borrowed money
Next Story