ചൈനീസ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റ്; സിന്ധു, സാത്വിക്-ചിരാഗ് മുന്നോട്ട്
text_fieldsചിരാഗ് ഷെട്ടിയും സാത്വിക് റെഡ്ഡിയും
ഷെൻസെൻ: ചൈനീസ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പി.വി. സിന്ധുവും സാത്വിക് സായ് രാജ് റാങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ക്വാർട്ടർ ഫൈനലിൽ കടന്നു. ലോക 14ാം നമ്പർ താരമായ സിന്ധു ആറാം നമ്പർ തായ്ലൻഡിന്റെ പോൺപാവി ചോചുവോങ്ങിനെയാണ് 21-15, 21-15ന് വീഴ്ത്തിയത്. ക്വാർട്ടറിൽ ലോക ഒന്നാം നമ്പർ ദ. കൊറിയയുടെ ആൻ സെ യങ് ആണ് സിന്ധുവിന്റെ എതിരാളി.
ലോക ഏഴാം നമ്പറുകാരായ സാത്വിക്-ചിരാഗ് സഖ്യം 21-13, 21-12ന് 21ാം റാങ്കിലുള്ള ചൈനീസ് തായ്പേയിയുടെ ഹിസിയാങ് ചെയ് ചിയു-വാങ് ലീ ചിൻ ടീമിനെയാണ് പരാജയപ്പെടുത്തിയത്. ക്വാർട്ടറിൽ ചൈനയുടെ റെൻ സിയാങ് യു-സീ ഹാവോനാൻ ജോടിയാണ് ഇന്ത്യൻ സഖ്യത്തിന്റെ എതിരാളികൾ.