സംസ്ഥാന യൂത്ത് മീറ്റ്: കിരീടം ചൂടി പാലക്കാട്
text_fieldsകാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന യൂത്ത് അത്ലറ്റിക് മീറ്റിൽ ജേതാക്കളായ പാലക്കാട് ടീം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് ട്രാക്കില്‍ സമാപിച്ച 12ാമത് ഒളിമ്പ്യന്‍ സുരേഷ് ബാബു സ്മാരക സംസ്ഥാന യൂത്ത് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിൽ പാലക്കാടിന് കിരീടം. ആറ് സ്വർണം, ഏഴ് വെള്ളി, നാല് വെങ്കലം എന്നിവ നേടി 135 പോയന്റുമായാണ് പാലക്കാട് കിരീടം ചൂടിയത്. രണ്ട് സ്വർണം, എട്ട് വെള്ളി, എട്ട് വെങ്കലം എന്നിവയടക്കം 106 പോയന്റ് നേടി ആതിഥേയരായ മലപ്പുറമാണ് റണ്ണറപ്. മൂന്നാം സ്ഥാനക്കാരായ എറണാകുളത്തിന് നാല് സ്വർണം, ഒരു വെള്ളി, മൂന്ന് വെങ്കലം ഉൾപ്പെടെ 56 പോയന്റാണുള്ളത്.
അണ്ടർ 18 വുമൺ വിഭാഗത്തിൽ രണ്ട് സ്വർണം, നാല് വെള്ളി, രണ്ട് വെങ്കലം ഉൾപ്പെടെ 62 പോയന്റ് നേടി പാലക്കാടാണ് ഒന്നാമതെത്തിയത്. ഇതേ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ മലപ്പുറത്തിന് ഒരു സ്വർണം, അഞ്ച് വെള്ളി, മൂന്ന് വെങ്കലം എന്നിവയോടെ 57 പോയന്റാണ് ലഭിച്ചത്. ഒരു സ്വർണവും മൂന്ന് വെള്ളിയും ഉൾപ്പെടെ 28.5 പോയന്റ് നേടിയ തിരുവനന്തപുരമാണ് മൂന്നാം സ്ഥാനത്ത്.
ഋതിക അശോക്, കെ. കിരൺ
അണ്ടർ 18 മെൻ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാരായ പാലക്കാട് നാല് സ്വർണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം ഉൾപ്പെടെ 73 പോയന്റ് സ്വന്തമാക്കി. രണ്ടാം സ്ഥാനക്കാരായ മലപ്പുറത്തിന് ഒരു സ്വർണം, മൂന്ന് വെള്ളി, അഞ്ച് വെങ്കലം അടക്കം 49 പോയന്റ് ലഭിച്ചു. 29 പോയന്റ് നേടിയ മൂന്നാം സ്ഥാനക്കാരായ എറണാകുളത്തിന് രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് നേടാനായത്. മീറ്റിലെ മികച്ച അത്ലറ്റുകളായി എറണാകുളത്തിന്റെ ഋതിക അശോക് മേനോനെയും പാലക്കാടിന്റെ കെ. കിരണിനെയും തെരഞ്ഞെടുത്തു.
100, 200 മീറ്ററിലെ മികച്ച പ്രകടനമാണ് ഋതികയെ മികച്ച അത്ലറ്റാക്കിയത്. 913 പോയന്റിന്റെ മികവിലാണ് നേട്ടം. 110 മീറ്റർ ഹർഡിൽസിലെ തകർപ്പൻ പ്രകടനമാണ് കിരണിനെ മികച്ച അത്ലറ്റാക്കിയത്. 942 പോയന്റാണ് നേടിയത്.