പാരാലിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണം; ഷൂട്ടിങ്ങിൽ അവനി ലേഖാരക്ക് ലോക റെക്കോർഡ്
text_fieldsടോക്യോ: പാരാലിമ്പിക്സിൽ അഭിമാനം വാനോളം ഉയർത്തി ഇന്ത്യക്ക് ആദ്യ സ്വർണം. ഷൂട്ടിങ് (10 മീറ്റർ എയർ റൈഫിൽ) ഇന്ത്യൻ താരം അവനി ലേഖാരയാണ് സുവർണ നേട്ടം കൈവരിച്ചത്. 249.6 പോയിന്‍റ് നേടിയ ലോക റെക്കോർഡോടെയാണ് അവനി ജേതാവായത്.
10 മീറ്റർ എയർ റൈഫിൽ വിഭാഗത്തിൽ ചൈനയുടെ യുപിങ് ഷാങ് (248.9 പോയിന്‍റ്) വെള്ളിയും ഉക്രെയിന്‍റെ ഇറിന ചെത്നിക് വെങ്കലവും നേടി. യോഗ്യതാ റൗണ്ടിൽ അവനി ലേഖാര 621.7 പോയിന്‍റ് നേടി ഏഴാം സ്ഥാനം നേടിയിരുന്നു.
2012ലെ ഒരു കാർ അപകടത്തിൽ അവനിയുടെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റിരുന്നു. അന്നു മുതൽ വീൽചെയറിലാണ് അവർ കഴിയുന്നത്. 2015ൽ കായിക രംഗത്തേക്ക് കടന്ന അവനി, ഷൂട്ടിങ്ങും അമ്പെയ്ത്തും തെരഞ്ഞെടുത്തു. തുടർന്ന് ഷൂട്ടിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
പാരാലിമ്പിക്സിന്‍റെ ചരിത്രത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് അവനി. 1972ൽ നീന്തലിൽ മുരളീകാന്ത് ബെക്കറും 2004ലും 2016ലും ദേവേന്ദ്ര ജഗാരിയും 2016ൽ മാരിയപ്പോൻ തങ്കവേലുവും ആണ് സ്വർണം നേടിയ പുരുഷ താരങ്ങൾ.
പാരലിമ്പിക്സിൽ ഇന്ത്യൻ താരങ്ങൾ മൂന്നു മെഡലുകൾ കഴിഞ്ഞ ദിവസം നേടിയിരുന്നു. ഭവിനബെൻ പട്ടേൽ (ടേബ്ൾ ടെന്നിസ്), നിഷാദ് കുമാർ (ഹൈജംപ്), വെങ്കലം കരസ്ഥമാക്കിയ വിനോദ് കുമാർ (ഡിസ്കസ്ത്രോ) എന്നിവരാണ് ഇന്ത്യക്കായി മെഡൽ കൊയ്തത്.