Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightവിനേഷ് ഫോഗട്ടിനെ തടയാൻ...

വിനേഷ് ഫോഗട്ടിനെ തടയാൻ വീണ്ടും ഡബ്ല്യു.എഫ്.ഐ നീക്കം; ഒടുവിൽ വഴങ്ങി ഫെഡറേഷൻ, 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കും

text_fields
bookmark_border
wrestling competition
cancel

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് ഗുസ്തി സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിനെ തടയാൻ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ വീണ്ടും ശ്രമിച്ചതായി റിപ്പോർട്ട്. ഡൽഹി ഹൈകോടതിയും സുപ്രീം കോടതിയും ഫെഡറേഷന്റെ എതിർപ്പുകൾ തള്ളി വിനേഷിന് ട്രയൽസിൽ പങ്കെടുക്കാൻ അനുമതി നൽകിയതിന് പിന്നാലെയാണ് ശനിയാഴ്ച രാവിലെ നാടകീയ നീക്കങ്ങളുണ്ടായത്.

രാവിലെ നടന്ന ഔദ്യോഗിക ഭാരപരിശോധന സമയത്താണ് വിനേഷിനെ 50 കിലോഗ്രാം വിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ അനുവദിക്കൂ എന്ന് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചത്. പാരീസ് ഒളിമ്പിക്സ് ഉൾപ്പെടെയുള്ള കഴിഞ്ഞ നാല് അന്താരാഷ്ട്ര മത്സരങ്ങളിൽ താരം ഈ വിഭാഗത്തിലാണ് മത്സരിച്ചതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഫെഡറേഷന്റെ നീക്കം.

എന്നാൽ തനിക്ക് താല്പര്യമുള്ള ഭാരവിഭാഗം തിരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കുന്നതിലൂടെ ഫെഡറേഷൻ തന്നോട് വിവേചനം കാണിക്കുകയാണെന്ന് വിനേഷ് ഫോഗട്ട് ശക്തമായി ആരോപിച്ചു. ഇതോടെ ട്രയൽസ് വേദിയിൽ ഇരുവിഭാഗവും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടായി. ഒടുവിൽ വിനേഷിന്റെ കടുത്ത പ്രതിഷേധത്തിനൊടുവിൽ ഫെഡറേഷൻ ഭാരവാഹികൾ വഴങ്ങുകയായിരുന്നു. ഡബ്ല്യു.എഫ്.ഐ പ്രസിഡന്റ് സഞ്ജയ് സിങ്ങിന്റെ ഇടപെടലിനെത്തുടർന്നാണ് തീരുമാനം മാറ്റിയതെന്നാണ് വിവരം.


"അവർ ഞങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ഭാരം പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തതിനെത്തുടർന്നാണ് അനുമതി നൽകിയത്. ഞങ്ങളാരോടും വിവേചനം കാണിക്കാൻ ആഗ്രഹിക്കുന്നില്ല. ഏത് വിഭാഗത്തിലാണ് മത്സരിക്കാൻ താല്പര്യമെന്ന് അവർ മുൻകൂട്ടി അറിയിച്ചിരുന്നില്ല, എന്നിട്ടും ഞങ്ങൾ അവരെ അനുവദിച്ചു," എന്ന് ഡബ്ല്യു.എഫ്.ഐ പ്രസിഡന്റ് സഞ്ജയ് സിങ് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

ഭാരപരിശോധനയിൽ 53.9 കിലോഗ്രാം ഭാരമുണ്ടായിരുന്ന വിനേഷിനെ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഹരിയാനയിലെ ജുലാനയിൽ നിന്നുള്ള എം.എൽ.എ കൂടിയായ വിനേഷ് ഫോഗട്ട്, ട്രയൽസിൽ മീനാക്ഷി ഗോയട്ട്, അന്തിം പംഗൽ എന്നിവരെയാണ് നേരിടുക. ഈ സെലക്ഷൻ ട്രയൽസിൽ വിജയിക്കുന്ന താരമായിരിക്കും ഈ വർഷം അവസാനം നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക.

Show Full Article
TAGS:Vinesh Phogat Wrestling Competition Asian Games Selection Trial Wrestling Federation of India 
News Summary - Vinesh Phogat allowed to compete in 53kg category Asian Games trials after initial refusal from WFI
Next Story