ഒരേയൊരു ഏറ്.. 84.85 മീറ്റർ; നീരജ് ലോകചാമ്പ്യൻഷിപ്പ് ഫൈനലിൽ
text_fieldsനീരജ് ചോപ്ര
ടോക്യോ: ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ. ബുധനാഴ്ച നടന്ന യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ 84.85 മീറ്റർ ദൂരം എറിഞ്ഞാണ് ഒളിമ്പിക്സ്, ലോകചാമ്പ്യനായ നീരജ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത ഉറപ്പിച്ചത്. ജർമനിയുടെ ജൂലിയൻ വെബർ (87.21 മീ), പോളണ്ടിന്റെ ഡേവിഡ് വെഗ്നർ (85.67) എന്നിവരും മിന്നും പ്രകടനവുമായി ഫൈനൽ റൗണ്ടിലേക്ക് നേരിട്ട് ഇടം പിടിച്ചു. വ്യാഴാഴ്ചയാണ് മെഡൽ നിർണയിക്കുന്ന കലാശപ്പോരാട്ടം.
ഗ്രൂപ്പ് റൗണ്ടിൽ 84.50 മീറ്ററാണ് നേരിട്ട് ഫൈനലിൽ പ്രവേശിക്കാനുള്ള യോഗ്യതാ ദൂരമായി നിശ്ചയിച്ചത്. ആദ്യ ഏറിൽ തന്നെ യോഗ്യതാ ദൂരം മറികടക്കാൻ നീരജിന് കഴിഞ്ഞു. യോഗ്യതാ ദൂരം കടക്കുന്നവർക്ക് പുറമെ, രണ്ട് റൗണ്ടിലുമായി മികച്ച ദൂരം കണ്ടെത്തുന്നവരെ കൂടി പരിഗണിച്ച് 12 പേർ ഫൈനലിൽ ഇടം നേടും.
ഒന്നാം ശ്രമത്തിൽ വെബറിന് 82.29 മീറ്റർ മാത്രമെ എറിയാൻ കഴിഞ്ഞുള്ളൂ. രണ്ടാം ഏറിയാണ് താരം യോഗ്യതാ മാർക്ക് മികച്ച പ്രകടനത്തോടെ കടന്നത്. ഇന്ത്യയുടെ സചിൻ യാദവിന് രണ്ട് ശ്രമങ്ങളിലും മികച്ച ദൂരം കണ്ടെത്താനായില്ല.
2020 ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യൻ താരം സ്വർണം നേടിയ അതേ വേദിയിലാണ് വർഷങ്ങളുടെ ഇടവേളക്കു ശേഷം ലോകചാമ്പ്യൻഷിപ്പിനായി വ്യാഴാഴ്ച ഇറങ്ങുന്നതെന്ന പ്രത്യേകതയുണ്ട്. 2023 ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ നീരജ്, മെഡൽ നേട്ടം ആവർത്തിക്കാനായി മിന്നും ഫോമിലാണ് ഇപ്പോൾ ടോക്യോയിലെത്തിയത്. മേയിൽ നടന്ന ഡയമണ്ട് ലീഗിൽ 90മീറ്റർ ആദ്യമായി കടന്നും നീരജ് ചരിത്രം കുറിച്ചിരുന്നു.
ജാവലിൻ ത്രോ ഫൈനലിലേക്ക് യോഗ്യത നേടിയവർ
താരം, രാജ്യം, എറിഞ്ഞ ദൂരം
- ആൻഡേഴ്സൻ പീറ്റേഴ്സ് (ഗ്രനേഡ) - 89.53
- ജൂലിയൻ വെബർ (ജർമനി) - 87.21
- ജൂലിയസ് യെഗോ (കെനിയ) - 85.96
- ഡേവിഡ് വെഗ്നർ (പോളണ്ട്) - 85.67
- അർഷദ് നദീം (പാകിസ്താൻ) - 85.28
- നീരജ് ചോപ്ര (ഇന്ത്യ) - 84.85
- കർട്ടിസ് തോംസൺ (യു.എസ്) - 84.72
- ജുകൂബ് വാഡ്ലെച്ച് (ചെക് റിപ്പ.) - 84.11
- കെഷോൺ വാൽക്കോട്ട് (ട്രിനിഡാഡ്) - 83.93
- സചിൻ യാദവ് (ഇന്ത്യ) - 83.67
- കാമറൂൺ മക്എൻടയർ (ആസ്ട്രേലിയ) - 83.03
- രുമേഷ് തരംഗ പതിരാഗെ (ശ്രീലങ്ക) - 82.80
ട്രിപ്ൾ ജംപിൽ അബ്ദുല്ല പുറത്ത്
ടോക്യോ: വേലിനും ഫൈനലിൽ കടക്കാനായില്ല. മലയാളിയായ അബ്ദുല്ല 16.33 മീറ്ററും പ്രവീൺ 16.74 മീറ്ററുമാണ് യോഗ്യത റൗണ്ടിൽ ചാടിയത്. 200 മീറ്ററിലെ ദേശീയ റെക്കോഡ് ജേതാവ് കൂടിയായ അനിമേഷ് കുജൂറിനും മുന്നേറാനായില്ല. ഹീറ്റ് മൂന്നിൽ ഓടിയ അനിമേഷ് 20.77 സെക്കൻഡിൽ ഒമ്പതാമനായി.
ഇന്ത്യ ഇന്ന്
- 3.53pm പുരുഷ ജാവലിൻ ത്രോ ഫൈനൽ - നീരജ് ചോപ്ര, സച്ചിൻ യാദവ്.
- 4.25pm വനിത 800 മീ. ഹീറ്റ്സ് -പൂജ.