ജന്മനാടിന്റെ ആനന്ദത്തിലേക്ക് ശ്രീജേഷ് നാളെ പറന്നിറങ്ങും
text_fieldsന്യൂഡൽഹിയിൽ ഹോക്കി ഇന്ത്യ നൽകിയ യാത്രയയപ്പ് ചടങ്ങിൽ പി.ആർ ശ്രീജേഷ് ഒളിമ്പിക്സ് ഷൂട്ടിങ് മെഡൽ ജേതാവ് മനു ഭാകറിനൊപ്പം. ഇരുവരുടെയും കുടുംബാംഗങ്ങൾ സമീപം
കിഴക്കമ്പലം (എറണാകുളം): പാരിസിൽ ഹോക്കിയിലെ മിന്നും പ്രകടനത്തിനുശേഷം മലയാളികളുടെ അഭിമാനമായ ശ്രീജേഷ് വെള്ളിയാഴ്ച നാട്ടിലെത്തും. ഉച്ചക്ക് 2.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സർക്കാരും സ്പോർട്സ് കൗൺസിലും ഒളിമ്പിക് അസോസിയേഷനും ചേർന്ന് ഗംഭീര സ്വീകരണമാണ് ഒരുക്കുന്നത്. മന്ത്രിമാരായ പി. രാജീവ്, വി. അബ്ദുറഹ്മാൻ, എം.എൽ.എമാർ, എം.പിമാർ, നിരവധി കായിക താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. അവിടെനിന്ന് തുറന്ന വാഹനത്തിൽ ആലുവ യു.സി കോളജിലെത്തും. വൈകീട്ട് 4.30ന് നടക്കുന്ന പൗരസ്വീകരണത്തിൽ പങ്കെടുക്കും. തുടർന്ന് പുക്കാട്ടുപടിയിൽ കുന്നത്തുനാട് മണ്ഡല അതിർത്തിയിൽ എം.എൽ.എയുടെ നേതൃത്വത്തിൽ സ്വീകരണമൊരുക്കും. പുക്കാട്ടുപടിയിലേക്കുള്ള യാത്രയിൽ ഓരോ പഞ്ചായത്ത് അതിർത്തികളിലും അതത് ഭരണസമിതികൾ സ്വീകരിക്കും. വൈകീട്ട് ആറിന് പിറന്ന നാട്ടിലെത്തുന്ന ശ്രീജേഷിന് കിഴക്കമ്പലം കല ഓഡിറ്റോറിയത്തിൽ നാട്ടുകാർ വമ്പിച്ച വരവേൽപ് നൽകും. തുടർന്നാണ് പാറാട്ട് വീട്ടിലേക്കെത്തുന്നതെന്ന് സ്വീകരണ പരിപാടിയുടെ സംഘാടക സമിതി ചെയർമാൻ പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു.