സൂപ്പർ ലീഗ് കേരള; പയ്യനാട് ഒരുങ്ങി
text_fieldsസൂപ്പർ ലീഗ് മത്സരങ്ങൾക്ക് വേദിയാകുന്ന പയ്യനാട് സ്റ്റേഡിയത്തിലെ പുല്ലുകൾ വെട്ടി മത്സരങ്ങൾക്ക് തയാറാക്കുന്നു
മഞ്ചേരി: പയ്യനാടിന്റെ പറുദീസയിൽ പന്തുരുളാൻ ഇനി നാല് ദിവസം. സൂപ്പർ ലീഗ് കേരള മത്സരങ്ങളെ വരവേൽക്കാൻ സ്റ്റേഡിയം ഒരുങ്ങി. മലപ്പുറം എഫ്.സിയുടെ ഹോം ഗ്രൗണ്ടാണ് ഈ സ്റ്റേഡിയം. ടീമിന്റെ ജഴ്സിയുടെ നിറമായ ഓറഞ്ചും നീലയും ഉൾപ്പെടുത്തിയാണ് ഗാലറി നവീകരിച്ചത്. രണ്ടാം സീസണിലെ മത്സരങ്ങൾക്ക് ഒക്ടോബർ രണ്ടിന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വിസിൽ മുഴങ്ങും. ആദ്യമത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സിയും റണ്ണേഴ്സ് ആയ ഫോഴ്സ കൊച്ചിയും ഏറ്റുമുട്ടും. മൂന്നിന് വൈകിട്ട് ഏഴരക്കാണ് പയ്യനാട് സ്റ്റേഡിയത്തിലെ ആദ്യ മത്സരം. മലപ്പുറം എഫ്.സി ആദ്യസീസണിലെ അവസാന സ്ഥാനക്കാരായ തൃശൂർ മാജിക് എഫ്.സിയെ നേരിടും. കഴിഞ്ഞ സീസണിൽ കളിക്കളത്തിൽ മാജിക് മറന്ന ടീം ഇത്തവണ രണ്ടും കൽപ്പിച്ചാണ് എത്തുന്നത്.
മലപ്പുറത്തിന്റെ അഞ്ച് ഹോം മത്സരങ്ങൾക്കാണ് സ്റ്റേഡിയം വേദിയാവുക. ഇത്തവണ തൃശൂരിന്റെ ഹോം മത്സരങ്ങൾക്ക് തൃശൂർ കോർപറേഷൻ സ്റ്റേഡിയം വേദിയാകും. ഒക്ടോബർ 12-ന് രണ്ടാം റൗണ്ട് മത്സരത്തില്‍ കണ്ണൂർ വാരിയേഴ്സാണ് മലപ്പുറത്തിന്റെ എതിരാളികൾ. മൂന്നാം റൗണ്ടിലെ മത്സരത്തിൽ 20ന് തിരുവനന്തപുരം കൊമ്പൻസുമായി കളത്തിലിറങ്ങും.
നവംബർ രണ്ടിന് മുൻ ചാമ്പ്യന്മാരായ കാലിക്കറ്റിനെയും അവസാന ഹോം മത്സരത്തിൽ നവംബര്‍ 25 ന് കൊച്ചിയെയും ആതിഥേയർ നേരിടും. സ്പാനിഷ് പരിശീലകന് മിഗ്വേല്‍ കോറല്‍ ടൊറൈറയുടെ തന്ത്രങ്ങളുമായി ടീമെത്തുന്നത്. ഐ.എസ്.എല്ലിൽ ഗോളടിച്ച് കൂട്ടിയ റോയ് കൃഷ്ണയാണ് ടീമിന്റെ കുന്തമുന. ബ്രസീലിയൻ താരം ജോണ്‍ കെന്നഡി, കമ്രോണ്‍ തുര്‍സനോവ്, സ്പാനിഷ് താരം സെര്‍ജിയോ ഗോണ്‍സാലസ്, അർജന്റീനിയൻ താരം ഫാകുണ്ടോ ബല്ലാര്ഡോസ്പാനിഷ് സെന്റർ ബാക്ക് ഐറ്റോര്‍ അല്‍ദാലൂര്‍ എന്നിവരും വിദേശതാരങ്ങളാണ്.
ഹോം -എവേ അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. ഹോംഗ്രൗണ്ടിലെ അഞ്ച് മത്സരങ്ങള്‍ക്ക് പുറമെ എവേ ഗ്രൗണ്ടിലും അഞ്ച് മത്സരങ്ങളുണ്ടാകും. ആറ് ടീമുകൾ പങ്കെടുക്കുന്ന ലീഗിൽ സെമി, ഫൈനൽ മത്സരമടക്കം 33 കളികളുണ്ടാകും. ആദ്യനാലിലെത്തുന്ന ടീമുകൾ സെമി ഫൈനലിന് യോഗ്യത നേടും. ഡിസംബർ 14ന് കലോശപ്പോരാട്ടം നടക്കും.
മലപ്പുറം എഫ്.സിയുടെ മത്സരങ്ങൾ
തീയതി, എതിരാളി, വേദി ക്രമത്തിൽ
◆ 03-10-25 തൃശ്ശൂര്‍ - പയ്യനാട്
◆ 12-10-25 കണ്ണൂര്‍ - പയ്യനാട്
◆ 20-10-25 തിരുവനന്തപുരം - പയ്യനാട്
◆ 27-10-25 കൊച്ചി - കൊച്ചി
◆ 02-11-25 കാലിക്കറ്റ് - പയ്യനാട്
◆ 09-11-25 തൃശ്ശൂര്‍ - തൃശ്ശൂര്‍
◆ 13-11-25 കണ്ണൂര്‍ - കണ്ണൂര്‍
◆ 20-11-25 തിരുവനന്തപുരം - തിരുവനന്തപുരം
◆ 25-11-25 കൊച്ചി -പയ്യനാട്
◆ 28-11-25 കാലിക്കറ്റ് - കാലിക്കറ്റ്


