സർക്കാറിന്റെ ‘ഒളിച്ചുകളി’ കായികാധ്യാപകർക്ക് മടുത്തു; ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ പ്രതിഷേധം തുടരും
text_fieldsമലപ്പുറം: ‘‘മലപ്പുറം ജില്ലയിലെ പ്രമുഖ സ്കൂളിൽ 5000 കുട്ടികൾക്ക് ഒരു കായികാധ്യാപകനാണ് സേവനം ചെയ്യുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം സ്കൂളുകളിലും 2000ത്തിലധികം കുട്ടികൾക്ക് ഒരു അധ്യാപകനെന്ന നിലയാണ്. തുല്യ ജോലിക്ക് തുല്യ വേതനം എന്ന ഭരണഘടന നിർദേശമുള്ള നാട്ടിൽ ഹൈസ്കൂളിൽ നിയമിതനാവുന്ന കായികാധ്യാപകന് ഇപ്പോഴും പ്രൈമറി സ്കൂളിലെ ശമ്പളം മാത്രമാണ് ലഭിക്കുന്നത്.
കായിക വിദ്യാഭ്യാസ മേഖല കൂടുതൽ ശക്തിപ്പെടുത്തുമെന്ന് സർക്കാർ നിരന്തരം പറയുന്നുണ്ടെങ്കിലും ന്യായമായ ആവശ്യങ്ങൾപ്പോലും ‘ഗാലറിക്ക്’ പുറത്താണ്’’ -ഒരു കായികാധ്യാപകന്റെ വാക്കുകളാണിത്. വർഷങ്ങളായി കായികാധ്യാപകനായി സ്കൂളുകളിൽ രാപ്പകലില്ലാതെ ഓടി പണിയെടുത്താലും സർക്കാറിന്റെ പരിഗണനക്ക് പുറത്താണ് ഇന്നും തങ്ങളെന്ന് വ്യക്തമാക്കുകയാണ് കായികാധ്യാപകർ. കാലങ്ങളായി ന്യായമായ ആവശ്യങ്ങൾക്ക് സർക്കാറിന്റെ വാതിൽമുട്ടി മടുത്ത് വീണ്ടും സമരത്തിലേക്കിറങ്ങാൻ നിർബന്ധിതരായിരിക്കുകയാണ് ഇവർ.
പ്രതിഷേധത്തിന്റെ ഭാഗമായി കായികാധ്യാപകർ സ്കൂളിതര പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ വരാനിരിക്കുന്ന സ്കൂൾ കായികമേളകൾ താളംതെറ്റുമെന്ന് ഉറപ്പായി. മലബാറിലെ സ്കൂളുകൾ സജീവമായി പങ്കെടുക്കുന്ന സുബ്രതോ കപ്പിന്റെ ഉപജില്ല, ജില്ലതല മത്സരങ്ങളിലെ ചുമതലകളിൽനിന്നെല്ലാം വിട്ടുനിന്ന് കായികാധ്യാപകർ പ്രതിഷേധിച്ചിരുന്നു.
ഈ ‘കളി’ എന്ന് മാറും...
നിലവിലുണ്ടായിരുന്ന സംരക്ഷണ ഉത്തരവ് 2023ൽ റദ്ദാക്കിയതോടെ 12 കായികാധ്യാപകർക്ക് ജോലി നഷ്ടപ്പെട്ടിരുന്നുവെന്ന് കായികാധ്യാപകരുടെ സംഘടന ഭാരവാഹികൾ പറയുന്നു. സംരക്ഷണ ഉത്തരവ് പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അന്തിമ ഉത്തരവിറങ്ങിയിട്ടില്ല. സംരക്ഷണ ഉത്തരവ് പുനഃസ്ഥാപിക്കാത്തതിനാലും മുൻ വർഷങ്ങളിലെ റവന്യൂ ജില്ല സെക്രട്ടറിമാർക്ക് മേളകളുടെ ഭാഗമായി ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ ലഭ്യമാക്കാത്തതിനാലും ഇത്തവണ കായികമേളകളുമായി സഹകരിക്കില്ലെന്ന് അധ്യാപകർ ഉറപ്പിച്ചുപറയുന്നു.
എൽ.പി തലത്തിൽ ഇന്റഗ്രേറ്റഡ് സബ്ജക്ടായാണ് കായിക വിദ്യാഭ്യാസം ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, യോഗ്യരായ കായികാധ്യാപകരുടെ സേവനം പ്രൈമറി ക്ലാസുകൾക്ക് ലഭ്യമാക്കിയിട്ടില്ല. സംസ്ഥാനത്തെ 2740 യു.പി സ്കൂളുകളിൽ ആകെ 394 കായികാധ്യാപകർ മാത്രമാണുള്ളത്. 87 ശതമാനം വിദ്യാലയങ്ങളിലും ‘ആരോഗ്യ കായിക വിദ്യാഭ്യാസം’ വിനിമയം ചെയ്യാൻ അധ്യാപകരെ നിയമിച്ചിട്ടില്ല. 300 വിദ്യാർഥികൾക്ക് ഒരു കായികാധ്യാപകനെന്ന പുതിയ അനുപാതം നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. നിലവിൽ 1:500 എന്ന നിലയിലാണ് കായികാധ്യാപക-വിദ്യാർഥി അനുപാതം.
വീണ്ടും പ്രത്യക്ഷ സമരത്തിന്
‘ആരോഗ്യ കായിക വിദ്യാഭ്യാസ’ മേഖലയിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് നിരവധി തവണ കായികാധ്യാപക സംഘടന നിവേദനങ്ങൾ കൈമാറിയിരുന്നു. ആവശ്യങ്ങൾ നടപ്പാകാത്തതിനെ തുടർന്ന് അധ്യാപകർ ജില്ലകൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസം പ്രതിഷേധധർണകൾ സംഘടിപ്പിച്ചിരുന്നു. അനുകൂല നിലപാട് ഉണ്ടാവാത്ത സാഹചര്യത്തിൽ അടുത്ത തിങ്കളാഴ്ച സംയുക്ത കായികാധ്യാപക സംഘടനയുടെ കീഴിൽ സെക്രട്ടേറിയറ്റിനു മുന്നിൽ വീണ്ടും അവർ സമരത്തിനിറങ്ങും.
2017ൽ കായികാധ്യാപകർ നടത്തിയ സമരത്തെതുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശപ്രകാരം പൊതു വിദ്യാഭ്യാസ ഡയറക്ടർ ചർച്ച നടത്തി കായികാധ്യാപക സംരക്ഷണ ഉത്തരവ് പ്രസിദ്ധീകരിക്കുകയും മറ്റു പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആറു മാസം കാലാവധി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെ കാതലായ ഒരു പ്രശ്നത്തിനുപോലും പരിഹാരം കാണാൻ വിദ്യാഭ്യാസ വകുപ്പിന് സാധിച്ചിട്ടില്ലെന്നാണ് കായികാധ്യാപകരുടെ ആക്ഷേപം.