റവന്യു ജില്ല കായികമേള: ട്രാക്കിൽ ‘ഇടിമിന്നൽ’
text_fieldsകനത്ത മഴയിൽ നടന്ന മത്സരത്തിൽ സീനിയർ ഗേൾസ് 100 മീറ്ററിൽ ഒന്നാമതെത്തുന്ന അനന്യ സുരേഷ് (സായി തിരുവനന്തപുരം
ആറ്റിങ്ങൽ: ഇടിവെട്ടി പെയ്തിറങ്ങിയ പെരുമഴക്കും പേടിപ്പിച്ചെത്തിയ മിന്നലിനും തലസ്ഥാനത്തിന്റെ കൗമാരപ്രതിഭകളെ തളർത്താനായില്ല. ശ്രീപാദം സ്റ്റേഡിയത്തില്‍ അവര്‍ ആവേശത്തോടെ ഓടിയും ചാടിയും എറിഞ്ഞും മെഡലുകള്‍ വാരിക്കൂട്ടി. റവന്യു ജില്ല സ്കൂള്‍ അത്ലറ്റിക് മീറ്റിന്റെ ആദ്യ ദിനത്തിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മെഡല്‍ കൊയ്ത്തില്‍ നിലവിലെ ചാമ്പ്യന്മാരായ നെയ്യാറ്റിൻകരയെ പിന്നിലാക്കി തിരുവനന്തപുരം നോര്ത്തിന്റ കുതിപ്പ്. ആറു സ്വര്‍ണവും നാലു വെള്ളിയും അഞ്ചു വെങ്കലവും ഉള്‍പ്പെടെ 62 പോയിന്റുമായാണ് നോര്‍ത്ത് ഉപജില്ല ഒന്നാം സ്ഥാനത്തെത്തിയത്. അഞ്ചു സ്വര്‍ണവും രണ്ടു വെള്ളിയും അഞ്ചു വെങ്കലവുമായി 46 പോയിന്റുമായി നെയ്യാറ്റിൻകര തൊട്ടുപിന്നിലുണ്ട്. രണ്ടു വീതം സ്വര്‍ണം,വെള്ളി,വെങ്കലം എന്നിവയുടെ പിന്‍ബലത്തില്‍ 29 പോയിന്റുമായി കിളിമാനൂര്‍ വിദ്യാഭ്യാസ ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്.
ആദ്യദിനം 39 ഫൈനലുകളാണ് അരങ്ങേറിയത്. 3000 മീറ്റർ സീനിയർ ആൺകുട്ടികളുടെ ഓട്ടം മത്സരത്തോടെയാണ് കായികമേളക്ക് തിരിതെളിഞ്ഞത്. പി.കെ.എസ്.എച്ച്.എസ്.എസിന്റെ മെറോമൽ ഷാജിക്കായിരുന്നു ആദ്യ സ്വർണം. വെമ്പായം നെടുവേലികൊഞ്ചിറ ഗവണ്മെന്റ് എച്ച്.എസ്.എസിലെ എസ്.എസ്. അഭിനവ് കൃഷ്ണ വെള്ളിയും പാറശാല ഗവണ്മെന്റ് വി.എച്ച്.എസ്.എസിലെ എസ്.അഭിജിത്ത് വെങ്കലവും നേടി. തുടർന്നുള്ള മത്സരങ്ങളിൽ ട്രാക്കിലും പിറ്റിലും ഇടിവെട്ട് പ്രകടനവുമായി ജി.വി.രാജയുടെ കുട്ടികളും തങ്ങളുടെ വരവ് അറിയിച്ചു. ഉച്ചക്ക് ശേഷം അപ്രതീക്ഷിതമായി എത്തിയ മഴയിലായിരുന്നു സീനിയർ വിഭാഗത്തിന്റെ 100 മീറ്റർ ഓട്ടം മത്സരങ്ങൾ നടന്നത്. ഒടുവിൽ ഇടിയും മിന്നലുമുണ്ടായതോടെ മത്സരങ്ങൾ 45 മിനിട്ടോളം സംഘാടകർ നിറുത്തിവച്ചു.
സർക്കാർ സ്കൂള്‍ വിഭാഗത്തില്‍ നെയ്യാറ്റിന്‍കര ഉപജില്ലയിലെ കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ്.എസ് ആണ് ആദ്യ ദിനം ഒന്നാമതുള്ളത്. രണ്ടു സ്വര്‍ണവും ഒരു വെള്ളിയുമുള്‍പ്പെടെ 13 പോയിന്റാണ് കാഞ്ഞിരംകുളത്തിന്റെ അക്കൗണ്ടിലുള്ളത്. തൊട്ടുപിന്നിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ എം.വി.എച്ച്.എസ്.എസ് അരുമാനൂരാണ്. രണ്ടു സ്വര്‍ണവും ഒരു വെങ്കലവുമുള്‍പ്പെടെ 11 പോയിന്റാണ് അരുമാനൂരിനുള്ളത്. മേള ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എസ്.കുമാരി ഉദ്ഘാടനം ചെയ്തു.സബ് ജൂനിയര്‍ ,ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 96 കായിക ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. റവന്യൂ ജില്ലയിലെ 12 വിദ്യാഭ്യാസ ഉപപജില്ലകളില് നിന്നായി 2000 ത്തോളം കായികതാരങ്ങളാണ് സംസ്ഥാന കായികമേളക്ക് വേണ്ടിയുള്ള യോഗ്യത തേടിയിറങ്ങുന്നത്.


