സൗത്ത് ഏഷ്യൻ അത്ലറ്റിക് മീറ്റ്; അഭിമാനമായി മുഹമ്മദ് കുട്ടിയുടെ സുവർണ നേട്ടം
text_fieldsഅലനല്ലൂർ: കർണാടകയിലെ മംഗലാപുരത്ത് നടന്ന ഒന്നാമത് സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ 100 മീറ്ററിൽ ഇന്ത്യക്കായി സുവർണനേട്ടം കൈവരിച്ച് മുതുകുറ്റി മുഹമ്മദ് കുട്ടി ജില്ലക്ക് അഭിമാനമായി. കാട്ടുകുളത്ത് താമസിക്കുന്ന നാട്ടുകൽ ഐ.എൻ.ഐ.സി. സ്കൂൾ കായികാധ്യാപകനായ മുഹമ്മദ് കുട്ടി അലനല്ലൂർ ഗവ. ഹൈസ്കൂളിൽ പഠിക്കുമ്പോൾ തുടർച്ചയായി രണ്ട് വർഷം ജില്ല ചാമ്പ്യനായിരുന്നു.
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ സി.പി.എഡ് പഠനശേഷം കുറച്ച് കാലം വിദേശത്തായിരുന്നു. പിന്നീട് കായികാധ്യാപകനായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. മുതുകുറ്റി കുഞ്ഞാലിക്കുട്ടിയുടെ മകനാണ്. അധ്യാപിക ബുസ്താനയാണ് ഭാര്യ. സജ്ഹാൻ, ഹിജാൻ എന്നിവർ മക്കളാണ്. സഹോദരനായ റിട്ട. അധ്യാപകൻ അസീസിന്റെ നിർലോഭമായ പ്രോത്സാഹനം മുഹമ്മദ് കുട്ടിക്ക് ഉണ്ടായിരുന്നു.