സ്റ്റേഡിയം നവീകരണം: പുതുപ്രതീക്ഷയിൽ പയ്യനാട്
text_fieldsമഞ്ചേരി പയ്യനാട് സ്റ്റേഡിയം (ഫയൽ ചിത്രം)
മഞ്ചേരി: സൂപ്പർ കപ്പിന് ആദ്യമായി ആതിഥേയത്വം വഹിച്ച സന്തോഷം അവസാനിക്കും മുമ്പേ പയ്യനാടിന് മറ്റൊരു സന്തോഷ വാർത്ത കൂടി. ജില്ലയുടെ കായിക പാരമ്പര്യത്തെ രാജ്യത്തിന് മുന്നിൽ അടയാളപ്പെടുത്തിയ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട വികസനത്തിന് 45 കോടിയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചു.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പയ്യനാടിന് പുതുപ്രതീക്ഷ നൽകി സർക്കാറിന്റെ പ്രഖ്യാപനമെത്തിയത്. സിന്തറ്റിക് ട്രാക്, സ്വിമ്മിങ് പൂൾ, ഹോക്കി ഗ്രൗണ്ട്, ഗാലറി നവീകരണം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുകയെന്നാണ് വിവരം. ഇതിൽ ഗാലറി നവീകരണത്തിന് കൂടുതൽ പ്രാധാന്യം നൽകിയാൽ സ്റ്റേഡിയത്തിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കും എത്തിക്കാനാകും.
മികച്ച മൈതാനമാണെങ്കിലും ഗാലറിയുടെ പരിമിതി പ്രധാന മത്സരങ്ങൾ എത്തിക്കുന്നതിന് തടസ്സമായിരുന്നു. സൂപ്പർ കപ്പിൽ പോലും കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം നടത്തിയത് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലായിരുന്നു. ഗാലറിയുടെ കുറവാണ് പയ്യനാടിന് തടസ്സമായത്.
ഫെഡറേഷൻ കപ്പ്, സന്തോഷ് ട്രോഫി, ഐ ലീഗ്, സൂപ്പർ കപ്പ് എന്നിവക്ക് ആതിഥ്യമരുളിയ പയ്യനാടിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന് കൂടിയാണ് ഗാലറി നവീകരണം. നിലവിൽ 15,000 മാത്രമാണ് ഗാലറിയുടെ ശേഷി. എന്നാൽ ഫെഡറേഷൻ കപ്പിനും സന്തോഷ് ട്രോഫിക്കും ഗാലറി നിറഞ്ഞുകവിഞ്ഞിരുന്നു. കാൽലക്ഷത്തോളം പേരാണ് ഓരോ മത്സരത്തിനും എത്തിയത്. പലർക്കും പുറത്തിരിക്കേണ്ടി വന്നു. ടിക്കറ്റ് എടുത്തിട്ട് പോലും കളി കാണാൻ സാധിച്ചിരുന്നില്ല.
‘‘മലപ്പുറത്ത് ഒരു ലക്ഷം കപ്പാസിറ്റിയുള്ള സ്റ്റേഡിയം വേണം, 50k മതിയാവില്ല, ഇത് മലപ്പുറമാണ്’’ സന്തോഷ് ട്രോഫിയുടെ ഫൈനൽ മത്സരം കാണാനെത്തിയ സമയത്ത് ആരാധകർ പിടിച്ച പോസ്റ്ററിലെ വാക്കുകളിലൊന്നായിരുന്നു ഇത്. ജില്ലയുടെ ഫുട്ബാൾ മുഹബ്ബത്തിന്റെ ഏറ്റവും അവസാന ഉദാഹരണമായിരുന്നു സൂപ്പർ ഹിറ്റായ സന്തോഷ് ട്രോഫി. കേരളത്തിന്റെ മത്സരങ്ങൾക്കായി ഇരച്ചെത്തിയ കാൽപന്തുപ്രേമികൾക്ക് നൽകുന്ന ഏറ്റവും വലിയ സമ്മാനം കൂടിയാകും ഗാലറി നവീകരണം.
ചുരുങ്ങിയത് 50,000 പേർക്കെങ്കിലും ഒരേ സമയം കളി കാണാൻ അവസരം നൽകണമെന്നാണ് കാൽപന്തു പ്രേമികളുടെ ആവശ്യം.അങ്ങനെ വന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിനും (ഐ.എസ്.എൽ) പയ്യനാടിന് വേദിയാകാം. ഗാലറി നവീകരിച്ച ശേഷം ഐ.എസ്.എൽ മത്സരങ്ങൾ അടക്കം പയ്യനാട്ടേക്ക് എത്തിക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ പ്രഖ്യാപിച്ചിരുന്നു.