സംസ്ഥാന സ്കൂൾ കായികമേള; ഷമ്മാസ് ഹീറോയാണ്
text_fieldsകൈവിടാതെ.... ഇന്‍ക്ലൂസിവ് മേളയിൽ 14 വയസ്സിന് മുകളിലുള്ളവരുടെ 100 മീറ്റര്‍ ഓട്ടത്തിൽ റണ്ണിങ് റ്റെതർ പൊട്ടിയ ശേഷം ഗൈഡ് റണ്ണറായ മുഹമ്മദ് സിനാന്റെ കൈ പിടിച്ചോടുന്ന മുഹമ്മദ് ഷമ്മാസ് (ചിത്രം: ബൈജു കൊടുവള്ളി)
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ സവിശേഷ കഴിവുകളുള്ള താരങ്ങൾ മത്സരിക്കുന്ന ഇന്‍ക്ലൂസീവ് വിഭാഗത്തിൽ ഓട്ട മത്സരത്തിൽ മെഡലുകളൊന്നുമില്ലെങ്കിലും തലയുർത്തിപിടിച്ചാണ് മുഹമ്മദ് ഷമ്മാസ് നാട്ടിലേക്ക് മടങ്ങുന്നത്. സംഘാടകരുടെ അനാസ്ഥ കൊണ്ട് സംഭവിച്ച പരാജയത്തിന്റെ നോവിലും തന്റെ ഇടപെടൽ അധികാരികളുടെ കണ്ണ് തുറപ്പിച്ചതിന്റെ സന്തോഷത്തിലാണ് ഷമ്മാസ്.
താനൂരിലെ മത്സ്യതൊഴിലാളിയായ സാദിഖിന്റെയും ആയിശമോളുടെയും നാലു മക്കളില്‍ മൂത്തവനായ മുഹമ്മദ് ഷമ്മാസിന് ജന്മനാ 60 ശതമാനം കാഴ്ച്ചക്കുറവുണ്ട്. സവിശേഷ കഴിവുകളുള്ള താരങ്ങൾ മത്സരിക്കുന്ന ഇന്‍ക്ലൂസീവ് മേളയിൽ 14 വയസ്സിന് മുകളിലുള്ളവരുടെ 100 മീറ്ററിണ് മലപ്പുറം കാട്ടിലങ്ങാടി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യർഥിയായ ഷമ്മാസ് മത്സരിക്കാനിറങ്ങിയത്.
ഹീറ്റ്സിൽ ഷമ്മാസ് വിസില്‍ കേട്ടയുടനെ ഫിനിഷിങ് പോയിന്റിലേക്ക് കുതിച്ചു. ഏറെ മുന്നിലായി മുന്നേറുന്നതിനിടെയാണ് ഗൈഡ് റണ്ണറുടെ കൈയില്‍ കെട്ടിയിരുന്ന റണ്ണിങ് റ്റെതർ പൊട്ടിയത്. ഇതോടെ വേഗത നഷ്ടപ്പെട്ട ഷമ്മാസ് പിന്നിലായി. സാധാരണ ഉപയോഗിക്കുന്ന ഇലാസ്തിക രൂപത്തിലുള്ള റ്റെതറിന് പകരം നിലവാരമില്ലാത്തതും ആവശ്യാനുസരണം നീളാത്തതുമായ റ്റെതർ ഉപയോഗിച്ചതാണ് പൊട്ടാനുള്ള കാരണം.
ഇത് മത്സരത്തിന്റെ മുമ്പേ ഷമ്മാസിന്റെ പിതാവടക്കമുള്ളവർ സംഘാടകരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ചെവികൊണ്ടില്ല. എന്നാൽ രണ്ടാമത്തെയും മൂന്നാത്തെയും ഹീറ്റ്സിൽ മത്സരിച്ച കുട്ടികളുടെ റ്റെതറും പൊട്ടിയതോടെ പ്രതിഷേധം കനത്തു. ഇതോടെ റ്റെതർ പൊട്ടിയ കുട്ടികളെ വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനമായി. ആദ്യ ശ്രമത്തിലെ ഹീറ്റ്സിലെ പ്രകടനം ഫൈനൽ പ്രവേശത്തിന് മതിയായിരുന്നെങ്കിലും റ്റെതർ പൊട്ടിയ കുട്ടികൾക്കൊപ്പം മത്സരിക്കാൻ ഷമ്മാസ് വീണ്ടുമിറങ്ങി.
ഗൈഡ് റണ്ണറായി ഓടിയ സഹോദരൻ മുഹമ്മദ് സിനാന് ആദ്യ ശ്രമത്തിൽ പരിക്ക് പറ്റിയത് കാരണം മികച്ച പ്രകടനം പുറത്തെടുക്കാനാവാതിരുന്നതോടെ ഷമ്മാസിന് ഫൈനലിലേക്കുള്ള യോഗ്യത ഇല്ലാതായി.
എന്നാൽ, വിജയത്തിനുമപ്പുറം കൂടെയുള്ളവരെ ചേർത്ത് പിടിക്കാനും പ്രശ്നം സംഘാടർക്ക് ബോധ്യപ്പെടുത്തി കൊടുക്കാനും കഴിഞ്ഞല്ലോ എന്നാണ് ഷമ്മാസും പിതാവും പറയുന്നത്.


