സൂപ്പർ ലീഗ് കേരള ;ആറാം നാൾ കൊടിയേറ്റം
text_fieldsമഞ്ചേരി: കാൽപന്ത് ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിലെ സൂപ്പർ പോരാട്ടങ്ങൾ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. ഒക്ടോബർ രണ്ടിന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെ ആദ്യമത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സിയും റണ്ണേഴ്സായ ഫോഴ്സ കൊച്ചിയും ഏറ്റുമുട്ടുന്നതോടെ രണ്ടു മാസത്തിലേറെ നീളുന്ന ഫുട്ബാൾ മാമാങ്കത്തിന് വിസിൽ മുഴങ്ങും.
പ്രഥമ സീസണിലെപ്പോലെ ആറു ടീമുകൾ പന്തുതട്ടും. കണ്ണൂർ വാരിയേഴ്സ്, മലപ്പുറം എഫ്.സി, തൃശൂർ മാജിക് എഫ്.സി, തിരുവനന്തപുരം കൊമ്പൻസ്, കാലിക്കറ്റ് എഫ്.സി, ഫോഴ്സ കൊച്ചി എന്നീ ടീമുകളാണ് പങ്കെടുക്കുക. ഇത്തവണ തൃശൂരിനും കണ്ണൂരിനും സ്വന്തം ഹോം ഗ്രൗണ്ട് സജ്ജമാക്കിയതോടെ പുതിയ രണ്ടു വേദികൾകൂടി ലീഗിന്റെ ഭാഗമായി. കണ്ണൂർ മുനിസിപ്പൽ ജവഹർ സ്റ്റേഡിയവും തൃശൂർ കോർപറേഷൻ സ്റ്റേഡിയവുമാണ് പുതിയ വേദികൾ. കഴിഞ്ഞ തവണ പയ്യനാട് സ്റ്റേഡിയമായിരുന്നു തൃശൂരിന്റെ ഹോം ഗ്രൗണ്ട്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയമായിരുന്നു കണ്ണൂരിന്റേത്.
ഹോം, എവേ അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സെമിഫൈനലിലേക്ക് യോഗ്യത നേടും. ഫൈനലടക്കം 33 മത്സരങ്ങളാണുള്ളത്. കലാശപ്പോരാട്ടം ഡിസംബർ 14ന്. മലപ്പുറം എഫ്.സിയുടെ ആദ്യ മത്സരം മൂന്നിന് വൈകീട്ട് 7.30ന് ഹോം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കും. തൃശൂർ എഫ്.സിയാണ് എതിരാളികൾ. മികച്ച വിദേശതാരങ്ങളും കോച്ചുമാരും രണ്ടാം സീസണിന്റെ ഭാഗമാകും.
ഐ.എസ്.എൽ സൂപ്പർ താരം റോയ് കൃഷ്ണ അടക്കം ഒട്ടേറെ പ്രമുഖരും വിവിധ ടീമുകൾക്കായി കളത്തിലിറങ്ങും. പ്രഥമ സീസണിൽ 33 മത്സരങ്ങളിൽനിന്നായി 84 ഗോളുകളാണ് ടീമുകൾ നേടിയത്. എട്ടു ഗോളുകൾ നേടിയ കൊച്ചിയുടെ ഡോറിയൽട്ടണായിരുന്നു ഗോൾഡൻ ബൂട്ടിന്റെ അവകാശി. കാലിക്കറ്റ് എഫ്.സിയുടെ ബെൽഫോർട്ട് ടൂർണമെന്റിന്റെ താരമായി. കൊച്ചിയുടെ ഗോൾകീപ്പർ ഹജ്മൽ സക്കീർ ഗോൾഡൻ ഗ്ലൗവും കരസ്ഥമാക്കിയിരുന്നു. ആറു ടീമുകളിലായി കഴിഞ്ഞ തവണ 94 മലയാളി താരങ്ങളാണ് പന്തുതട്ടിയത്. ഇത്തവണയും യുവതാരങ്ങളടക്കം ലീഗിന്റെ ഭാഗമാകും.
പ്രതീക്ഷയിൽ ഫോഴ്സ കൊച്ചി
കൊച്ചി: സൂപ്പര്‍ ലീഗ് കേരളയുടെ (എസ്.എൽ.കെ) പ്രഥമ സീസണില്‍ കൈവിട്ടുപോയ കിരീടത്തിൽ ഇത്തവണ മുത്തമിടാനൊരുങ്ങി ഫോഴ്സ കൊച്ചി. ഫുട്ബാളില്‍ അതികായരായ ബാഴ്സലോണയില്‍ നിന്നുള്ള മിഖേല്‍ ലാഡോ പ്ലനെ പരിശീലിപ്പിക്കുന്ന കൊച്ചിക്കായി തന്ത്രങ്ങള്‍ മെനയാന്‍ സനുഷ് രാജും ഗോള്‍ കീപ്പര്‍ കോച്ചായി ഹര്‍ഷല്‍ റഹ്മാനും ടീമിനൊപ്പമുണ്ട്. ഇത്തവണ പുതിയ താരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് ടീം ഒരുക്കിയിരിക്കുന്നത്.
ഫ്രാന്‍സില്‍ നിന്നുള്ള രചിത് ഐത് അത്മാനെ, ഇക്കര്‍ ഹെര്‍ണാണ്ടസ്, റീഗോ റമോണ്‍, ജിംനാവാന്‍ കെസല്‍, ഡഗ്ലസ് ടാര്ഡിന് അടക്കം വിദേശതാരങ്ങളാണ് കൊച്ചിയുടെ കരുത്ത്. മൈക്കല്‍ സുസൈ രാജ്, നിജോ ഗിൽബർട്ട്, ഗോൾ കീപ്പർ റഫീഖ് അലി സര്‍ദാര്‍ അടക്കം താരങ്ങളും കൊച്ചിക്ക് പ്രതീക്ഷ നല്കുന്നു.
ഒക്ടോബര്‍ രണ്ടിന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരത്തില്‍ തങ്ങളുടെ കിരീടമോഹം തകര്‍ത്ത എതിരാളികള്‍ക്ക്മേല്‍ മിന്നും വിജയത്തില്‍ കുറച്ചൊന്നും ക്ലബ് പ്രതീക്ഷിക്കുന്നില്ല. ഹോം ഗ്രൗണ്ടായ മഹാരാജാസ് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ മൂന്നാം വാരമാണ് ആദ്യമത്സരം. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രകടനവും, പൃഥ്വിരാജിന്റെ താര സാന്നിധ്യവും ക്ലബിന് ഫുട്ബാൾ ആരാധകരില്‍ ഏറെ സ്വാധീനം നേടാന്‍ കഴിഞ്ഞിട്ടുണ്ട്.


