കൊമ്പന്മാരെ തളക്കാൻ മലപ്പുറം ഇന്നിറങ്ങും
text_fieldsമഞ്ചേരി: സൂപ്പർ ലീഗ് കേരളയിൽ കൊമ്പന്മാരെ തളക്കാൻ മലപ്പുറം എഫ്.സി ഇന്നിറങ്ങും. പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന നാലാം റൗണ്ട് മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്.സിയാണ് ആതിഥേയരുടെ എതിരാളികൾ. ചൊവ്വാഴ്ച രാത്രി 7.30നാണ് കിക്കോഫ്.
ഈ സീസണിൽ ഇതുവരെ തോൽവിയറിയാത്ത ടീമുകളിലൊന്നാണ് മലപ്പുറം. ഒരു ജയവും രണ്ടു സമനിലയും ഉൾപ്പെടെ അഞ്ചു പോയന്റുമായി മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ കാലിക്കറ്റിനെതിരെ പരാജയത്തിന്റെ വക്കിൽനിന്നും സമനില പിടിച്ചുവാങ്ങിയതിന്റെ ആത്മവിശ്വാസവുമായാണ് മലപ്പുറം കളത്തിലേക്കെത്തുന്നത്. കോച്ച് മിഗ്വേൽ കോറൽ ടൊറൈറ ആദ്യ ഇലവനിൽ കാര്യമായ മാറ്റങ്ങൾ വരുത്താനാണ് സാധ്യത. കൊമ്പൻസാണെങ്കിൽ രണ്ടു തോൽവിയും ഒരു ജയവുമുൾപ്പെടെ അഞ്ചാം സ്ഥാനത്താണ്. അവസാനം നടന്ന ഹോം മത്സരത്തിൽ തൃശൂരുമായി ഒരു ഗോളിന് തിരുവനന്തപുരം പരാജയപ്പെട്ടിരുന്നു.
ആദ്യ സീസണിൽ ലീഗ് ഘട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ രണ്ടു മത്സരങ്ങളും സമനിലയിലായിരുന്നു. തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ 1-1, പയ്യനാട് നടന്ന കളിയിൽ 2-2 എന്നിങ്ങനെയായിരുന്നു ഫലം. സമനിലപ്പൂട്ട് പൊട്ടിക്കാനാണ് ഇത്തവണ ഇരുടീമുകളും എത്തുന്നത്. മലപ്പുറം എഫ്.സിയുടെ തുടർച്ചയായ നാലാം ഹോം മത്സരമാണിത്. ഈ സീസണിലെ ആദ്യ എവേ മത്സരത്തിന് പോകുന്നതിനുമുമ്പ് സ്വന്തം കാണികൾക്കു മുന്നിൽ ഹോം മത്സരത്തിലെ മൂന്നു പോയന്റുകൾ നേടി പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കെത്തുകയാണ് ടീമിന്റെ ലക്ഷ്യം. നവംബർ നാലിന് കൊച്ചി മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ ഫോഴ്സ കൊച്ചിക്കെതിരെയാണ് മലപ്പുറത്തിന്റെ അടുത്ത മത്സരം.


