ഇന്ന് ഫൈനലിനു മുമ്പൊരു ഫൈനൽ; സൂപ്പർ ലീഗിൽ കാലിക്കറ്റ് എഫ്.സി മലപ്പുറത്തെ നേരിടും
text_fieldsകോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള ടൂര്‍ണമെന്റിൽ ആവേശപോരാട്ടത്തിന് തിങ്കളാഴ്ച കോർപ്പറേഷൻ സ്റ്റേഡിയം വേദിയാകും. എട്ടാം റൗണ്ടിലെ മത്സരത്തിൽ കാലിക്കറ്റ് എഫ്.സിയും മലപ്പുറം എഫ്.സിയുമാണ് കൊമ്പുകോർക്കുന്നത്. കഴിഞ്ഞ മത്സരങ്ങളിൽ ഏറ്റവുമധികം കാണികളെ എത്തിച്ച ടീമുകൾ എന്നനിലയിൽ ഇരുടീമും വീണ്ടും നേർക്കുനേർ വരുമ്പോൾ ഗാലറിയിലെത്തുന്നവരുടെ ഗ്രാഫ് ഉയരും.
മൂന്നാം റൗണ്ട് മത്സരത്തിലെ 1-1 സ്കോർ തിരുത്താനുള്ള തയാറെടുപ്പുമായാണ് മലപ്പുറവും കാലിക്കറ്റും ബൂട്ടുകെട്ടുക. തുടർച്ചയായ മൂന്നു മത്സരങ്ങളിൽ തിരുവനന്തപുരം കൊമ്പൻസിനെയും ഫോഴ്സ കൊച്ചിയെയും, ഇതുവരെ തോൽപിക്കാനാവാതിരുന്ന തൃശൂർ മാജിക്കിനെയും പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് കാലിക്കറ്റ് എഫ്.സി സ്വന്തം തട്ടകത്തിൽ പോരിനിറങ്ങുന്നത്.
കഴിഞ്ഞ കളിയിൽ കണ്ണൂർ യോദ്ധാക്കളോട് സമനിലയായിരുന്നു മലപ്പുറത്തിന്. ഏഴുകളികളിൽ 14 പോയന്റാണ് കാലിക്കറ്റിന്. അത്രയും കളികളിൽ മലപ്പുറത്തിന് 10 പോയന്റും. എട്ടുകളികളിൽ 14 പോയന്റുള്ള തൃശൂർ മാജിക്കാണ് പട്ടികയിൽ ഒന്നാമത്. അത്രയും കളിച്ച് 11 പോയന്റാണ് കൊമ്പൻസിനുള്ളത്. 14 ഗോളുകളാണ് കാലിക്കറ്റ് ഇതുവരെ അടിച്ചുകൂട്ടിയത്. മലപ്പുറത്തിനാകട്ടെ 12 ഗോളുകളാണ് പട്ടികയിലുള്ളത്.


