യു.എസ് ഓപ്പൺ കിരീടം നിലനിർത്തി അരീന സബലങ്ക
text_fieldsഅരീന സബലങ്ക
യു.എസ് ഓപ്പണിൽ കിരീടം നിലനിർത്തി ബെലാറഷ്യൻ താരം അരീന സബലങ്ക. അമാൻഡ അനിസ്മോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് അവരുടെ കിരീടനേട്ടം. ഒരു മണിക്കൂറും 34 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് അവർ വീണ്ടും യു.എസ് ഓപ്പണിൽ മുത്തമിട്ടത് സ്കോർ 6-3, 7-6(3).
യു.എസ് ഓപ്പണിലെ വിജയത്തോടെ നാലാമത്തെ ഗ്രാൻഡ്സ്ലാം കിരീടമാണ് അരീന സ്വന്തമാക്കുന്നത്. രണ്ട് തവണ ആസ്ട്രേലിയൻ ഓപ്പണിലും അവർ കിരീടം ചൂടിയിരുന്നു. 2014ലെ സെറീന വില്യംസിന്റെ വിജയത്തിന് ശേഷം ഇതാദ്യമായാണ് ഒരാൾ യു.എസ് ഓപ്പൺ കിരീടം നിലനിർത്തുന്നത്.
ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ തുടര്‍ച്ചയായ നാലുഗെയിമുകള്‍ ജയിച്ചാണ് സബലേങ്ക ആദ്യ സെറ്റ് സ്വന്തമാക്കിയത്. എന്നാല്‍, രണ്ടാം സെറ്റില്‍ പോരാട്ടം കടുപ്പമായി. മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങി. ഒടുവില്‍ വാശിയേറിയ പോരാട്ടത്തില്‍ ടൈബ്രേക്കര്‍ ജയിച്ച ലോക ഒന്നാംനമ്പര്‍ താരമായ സബലേങ്ക രണ്ടാംസെറ്റും കിരീടവും സ്വന്തമാക്കുകയായിരുന്നു
ഈ വർഷം വിംബിൾഡണിലും ഫ്രഞ്ച് ഓപ്പണിലും റണ്ണേഴ്സ് അപ്പായ അരീന യു.എസ് ഓപ്പൺ വിജയത്തോടെ കിരീട മധുരം കൂടി നുണഞ്ഞിരിക്കുകയാണ്. വിബിൾഡണിൽ അനിസ്മോവയോട് വഴങ്ങിയ തോൽവിക്കും അവർ മധുരപ്രതികാരം ചെയ്തിരിക്കുകയാണ്. അനിസ്മോവയെ സംബന്ധിച്ചടുത്തോളം കനത്ത തിരിച്ചടിയാണ് പരാജയം. നേരത്തെ വിംബിൾഡണിലും അവർ തോൽവി വഴങ്ങിയിരുന്നു.പരാജയത്തിനിടയിലും റാങ്കിങ്ങിൽ നാലാം സ്ഥാനത്തേക്ക് മുന്നേറാനായത് അവർക്ക് നേട്ടമായി.
യു.എസ് ഓപണിൽ ഇന്ന് സിന്നർ-അൽകാരസ് ഫൈനൽ
ന്യൂയോർക്: 25 ഗ്രാൻഡ് സ്ലാം സിംഗ്ൾസ് കിരീടങ്ങൾ നേടുന്ന ആദ്യ താരമെന്ന റെക്കോഡിന് തൊട്ടരികത്തുനിന്ന് ഇനിയും മുന്നേറാനാവാതെ സെർബിയൻ ഇതിഹാസം നൊവാക് ദ്യോകോവിച്. യു.എസ് ഓപൺ പുരുഷ സിംഗ്ൾസ് സെമി ഫൈനലിൽ സ്പാനിഷ് യുവതാരം കാർലോസ് അൽകാരസിനോട് നേരിട്ടുള്ള സെറ്റുകൾക്ക് ദ്യോകോ മുട്ടുമടക്കി. സ്കോർ: 4-6, 6-7 (4-7), 2-6. പ്രതീക്ഷിച്ചപോലെ, നിലവിലെ ചാമ്പ്യൻ ഇറ്റലിയുടെ യാനിക് സിന്നറാണ് ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 11.30ന് തുടങ്ങുന്ന കിരീടപ്പോരിൽ അൽകാരസിന്റെ എതിരാളി. സെമിയിൽ കാനഡയുടെ ഫെലിക്സ് ഓഷ്യെ അലിയാസിമിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് സിന്നർ ഫൈനൽ ബർത്ത് നേടിയത്. സ്കോർ: 6-1, 3-6, 6-3, 6-4.
ദ്യോകോവിചിനെതിരെ തുടക്കം മുതൽ മുന്നിട്ടുനിന്ന അൽകാരസ് ആദ്യ സെറ്റ് 48 മിനിറ്റിൽ സ്വന്തമാക്കി. ആദ്യ മൂന്നു ഗെയിമുകൾ സ്വന്തമാക്കി രണ്ടാം സെറ്റിൽ മികച്ച തിരിച്ചുവരവാണ് ദ്യോകോവിച് നടത്തിയത്. എന്നാൽ, ശക്തമായി തിരിച്ചടിച്ച അൽകാരസ്, തുടർന്നുള്ള മൂന്നു ഗെയിമുകൾ സ്വന്തമാക്കി ഒപ്പമെത്തി. തുടർന്ന് 6 - 6 എന്ന നിലയിൽ ഒപ്പം പിടിച്ചതോടെ ടൈബ്രേക്കറിലേക്കു നീണ്ടു. ടൈബ്രേക്കറിൽ 4-7 എന്ന നിലയിൽ സെറ്റ് അൽകാരസ് നേടി. മൂന്നാം സെറ്റിൽ അൽകാരസിനു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ കീഴടങ്ങുന്ന ദ്യോകോവിചിനെയാണ് കണ്ടത്. രണ്ടിനെതിരെ ആറു ഗെയിമുകൾക്ക് സെറ്റ് നേടി സ്പാനിഷ് താരം. അലിയാസിമിനെതിരെ ആദ്യ സെറ്റ് സിന്നർ കൈക്കലാക്കിയപ്പോൾ രണ്ടാമത്തെതിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച് ഫെലിക്സ് തിരികെയെത്തി. എന്നാൽ, മൂന്നും നാലും സെറ്റുകളിൽ ഫെലിക്സിന് അവസരം നൽകാതെ മുന്നേറിയതോടെ സിന്നർ ഫൈനലിൽ.
ഈ വർഷം മൂന്നാം തവണയാണ് ഗ്രാൻഡ് സ്ലാം ഫൈനലിൽ സിന്നറും അൽകാരസും പരസ്പരം ഏറ്റുമുട്ടുന്നത്. ഫ്രഞ്ച് ഓപണിൽ അൽകാരസും വിംബ്ൾഡണിൽ സിന്നറും കിരീടം ചൂടി.