യു.എസ് ഓപൺ പുരുഷ സിംഗിൾസ് കിരീടം കാർലോസ് അൽകാരസിന്; ലോക ഒന്നാം നമ്പർ സ്ഥാനവും തിരിച്ചുപിടിച്ചു
text_fieldsന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസ് പൊരുതി നേടി. ലോക ഒന്നാം നമ്പർ സ്ഥാനവും തിരിച്ചുപിടിച്ചു.
നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ യാനിക് സിന്നറിനെ പരാജയപ്പെടുത്തിയാണ് അൽകാരസ് തന്റെ രണ്ടാമത്തെ യു.എസ് ഓപണ്‍ കിരീടവും ആറാമത്തെ ഗ്രാന്‍ഡ്സ്ലാം കിരീടവും സ്വന്തമാക്കിയത്. 6-2, 3-6, 6-1, 6-4 എന്ന സ്‌കോറിനാണ് വിജയം. ഫൈനലിന്റെ ആദ്യസെറ്റ് നേടി അൽകാരസ് ആധിപത്യം പുലര്‍ത്തി. തുടർച്ചയായ പിഴവുകളായിരുന്നു സിന്നറിന് വിനയായത്. രണ്ടാം സെറ്റിൽ പതിവുപോലെ പിറകിൽനിന്ന് പൊരുതിക്കയറുന്ന കളിയായിരുന്നു കണ്ടത്.
സിന്നർ രണ്ടാം സെറ്റ് പിടിച്ചെങ്കിലും മൂന്നാം സെറ്റും നാലാം സെറ്റും അൽകാരസ് നേടുകയായിരുന്നു. 2023 സെപ്റ്റംബറിന് ശേഷം ആദ്യമായാണ് അല്‍കാരസ് ഒന്നാംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നത്. 24ാം വയസ്സിൽ റാഫേൽ നദാലാണ് നാലു ഗ്രാൻഡ് സ്‍ലാമുകളും സ്വന്തമാക്കിയ താരമെങ്കിലും അൽകാരസ് അടുത്ത ജനുവരിയിൽ നടക്കുന്ന ആസ്ട്രേലിയൻ ഓപൺ കിരീടം സ്വന്തമാക്കിയാൽ നാലു ഗ്രാൻഡ് സ്‍ലാം കിരീടങ്ങൾ സ്വന്തമാക്കിയ റെക്കോഡും 22ാം വയസ്സിൽ തന്റെ പേരിലാവും.
ഹാര്‍ഡ് കോര്‍ട്ട്, ഗ്രാസ് കോര്‍ട്ട്, ക്ലേ കോര്‍ട്ടുകളില്‍ ഒന്നിലധികം കിരീടം നേടുന്ന ചരിത്രത്തിലെ നാലാമത്തെ കളിക്കാരനായി അൽകാരസ് മാറി.യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മത്സരം കാണാനെത്തിയത് ശ്രദ്ധേയമായെങ്കിലും ട്രംപിന്റെ സുരക്ഷകനടപടികൾ കാരണം മൽസരം അരമണിക്കൂർ വൈകിയത് കാണികളുടെ അതൃപ്തിക്ക് കാരണമായി. സ്ക്രീനിൽ ട്രംപിനെ കാണിച്ചപ്പോൾ കാണികൾ കൂക്കിവിളിച്ചതും വേറിട്ട കാഴ്ചയായി