ആസ്ട്രേലിയൻ ഓപൺ: നാലാം റാങ്കുകാരെ വീഴ്ത്തി ദമ്പതികളായ മോൻഫിൽസും സ്വിറ്റോളിനയും പ്രീക്വാർട്ടറിൽ
text_fieldsമെൽബൺ: ആസ്ട്രേലിയൻ ഓപൺ വേദിയായ മെൽബൺ പാർക്കിൽ ജയം വീട്ടുകാര്യമാക്കി എലിന സ്വിറ്റോളിനയും ഭർത്താവ് ഗെയ്ൽ മോൻഫിൽസും. ഇരുവരും ലോക നാലാം റാങ്കുകാരെ അട്ടിമറിച്ച് നാലാം റൗണ്ടിലെത്തി. പുരുഷന്മാരിൽ 38കാരനായ ഫ്രഞ്ച് താരം മോൻഫിൽസിന് യു.എസ് ഓപൺ റണ്ണർ അപ്പായ അമേരിക്കൻ താരം ടെയ്‍ലർ ഫ്രിറ്റ്സായിരുന്നു എതിരാളി.
വെറ്ററൻ താരത്തിന് മുന്നിൽ കളി അനായാസം കടക്കാമെന്ന കണക്കുകൂട്ടലിൽ എത്തിയ ഫ്രിറ്റ്സ് ആദ്യ സെറ്റ് കാര്യമായ അധ്വാനമില്ലാതെ പിടിച്ചെങ്കിലും പിന്നീടെല്ലാം മോൻഫിൽസ് മയമായിരുന്നു. വീറോടെ തിരിച്ചുവന്ന മോൻഫിൽസ് ഉജ്ജ്വല പ്രകടനവുമായി പിന്നീട് മൂന്നു സെറ്റും പിടിച്ച് നാലാം റൗണ്ട് ഉറപ്പാക്കുകയായിരുന്നു. മറ്റൊരു അമേരിക്കൻ താരം ബെൻ ഷെൽട്ടണാണ് അടുത്ത റൗണ്ടിൽ മോൻഫിൽസിന് എതിരാളി. ആദ്യ അഞ്ചു റാങ്കിങ്ങിലുള്ളവരെ തോൽപിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡും ജയത്തോടെ ഫ്രഞ്ച് താരം തന്റെ പേരിലാക്കി. സ്കോർ 3-6, 7-5,7-6(7-1),6-4.
പ്രിയതമൻ നേടിയ തകർപ്പൻ ജയം ആവേശമാക്കി കോർട്ടിലിറങ്ങിയ യുക്രെയ്ൻ താരം എലിന സ്വിറ്റോളിനക്ക് കരുത്തയായ ഇറ്റലിയുടെ ജാസ്മിൻ പാവോലിനിയായിരുന്നു എതിരാളി. 2023 വിംബിൾഡൺ ക്വാർട്ടറിൽ ഇഗ സ്വിയാറ്റെകിനെ വീഴ്ത്തിയ വീര്യവുമായി റാക്കറ്റേന്തിയ താരം പക്ഷേ, ആദ്യ സെറ്റ് പവോലിനിക്ക് മുന്നിൽ അടിയറവ് വെച്ചു. തോൽവി ഭാരം അവിടെ ഇറക്കിവെച്ച സ്വിറ്റോളിന പിന്നീട് ആവേശപ്പോരാട്ടവുമായി തുടർന്ന് രണ്ടു സെറ്റും പിടിച്ച് നാലാം റൗണ്ടിലെത്തുകയായിരുന്നു. സ്കോർ- 2-6 6-4 6-0.
നേരത്തേ കരുത്തർ മുഖാമുഖം നിന്ന എമ്മ റാഡുകാനു- ഇഗ സ്വിയാറ്റെക് മത്സരത്തിൽ ഏകപക്ഷീയ ജയത്തോടെ ഇഗ പ്രീക്വാർട്ടറിലെത്തി. സ്കോർ 6-1,6-0. പുരുഷ സിംഗിൾസിൽ കിരീട പ്രതീക്ഷയുള്ള ജാനിക് സിന്നർ നേരിട്ടുള്ള സെറ്റുകളിൽ മാർകോസ് ജിറോണെ വീഴ്ത്തി. സ്കോർ 6-3,6-4,6-2. വനിതകളിൽ തുനീഷ്യൻ താരം ഉൻസ് ജബ്യൂറിന് അടിതെറ്റി. എമ്മ നവാരോയാണ് താരത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകളിൽ മറികടന്നത്. ഹോൾഗർ റൂൺ അടക്കം പ്രമുഖരും ജയത്തോടെ പ്രീക്വാർട്ടർ ഉറപ്പാക്കി.