ആസ്ട്രേലിയൻ ഓപണിൽ തീപാറും പോര്! ക്വാർട്ടറിൽ ഇന്ന് ദ്യോകോവിചും അൽകാരസും നേർക്കുനേർ
text_fieldsമെൽബൺ: ആസ്ട്രേലിയൻ ഓപണിലെ കിരീട ഫേവറിറ്റുകളായ രണ്ട് വമ്പന്മാരിലൊരാൾ ചൊവ്വാഴ്ച പുറത്താവും. സെർബിയൻ ഇതിഹാസം നൊവാക് ദ്യോകോവിചും സ്പാനിഷ് യുവ സൂപ്പർ താരം കാർലോസ് അൽകാരസും റെഡ് ലാവെർ അറീനയിൽ നടക്കുന്ന പുരുഷ സിംഗിൾസ് രണ്ടാം ക്വാർട്ടർ ഫൈനലിൽ മുഖാമുഖം വരുമ്പോൾ അക്ഷരാർഥത്തിൽ ഫൈനലിന്റെ പ്രതീതി.
ഇന്ത്യൻ സമയം ഉച്ചക്ക് ശേഷം 2.40 മുതലാണ് മത്സരം. രാവിലെ നടക്കുന്ന ഒന്നാം ക്വാർട്ടറിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവും യു.എസിന്റെ ടോമി പോളും ഏറ്റുമുട്ടും. ലോകത്ത് ഏറ്റവുമധികം ഗ്രാൻഡ് സ്ലാം നേടിയ താരമെന്ന റെക്കോഡ് ആസ്ട്രേലിയക്കാരി മാർഗരറ്റ് കോർട്ടിനൊപ്പം പങ്കിടുന്ന ദ്യോകോക്ക് ചരിത്രം സ്വന്തം പേരിലേക്ക് മാത്രമാക്കാൻ വേണ്ടത് ഒറ്റ കിരീടമാണ്. 24 തവണയാണ് ഇരുവരും ജേതാക്കളായത്. 2023ൽ ഒരു ഗ്രാൻഡ് സ്ലാം ടൂർണമെന്റിൽ പോലും ചാമ്പ്യനാവാൻ ദ്യോകോക്ക് കഴിഞ്ഞിരുന്നില്ല. 24ൽ പത്ത് കിരീടവും ലഭിച്ചത് ആസ്ട്രേലിയൻ ഓപണിലാണ്. 37കാരനെ സംബന്ധിച്ച് ലോക റെക്കോഡിലേക്കുള്ള സുവർണാവസരമാണിത്. രണ്ടാമത്തെ മാത്രം ആസ്ട്രേലിയൻ ഓപൺ കളിക്കുന്ന അൽകാരസ് കഴിഞ്ഞ വർഷം ക്വാർട്ടർ ഫൈനലിൽ പുറത്തായിരുന്നു.
വിംബിൾഡണിൽ രണ്ടും ഫ്രഞ്ച്, യു.എസ് ഓപണുകളിൽ ഓരോ കിരീടവുമുള്ള 21കാരന് കരിയർ സ്ലാമിന് ആസ്ട്രേലിയൻ ഓപണാണ് ബാക്കി.
സിന്നർ, ഇഗ ക്വാർട്ടറിൽ; റിബാകിന പുറത്ത്
നിലവിലെ ചാമ്പ്യൻ ഇറ്റലിയുടെ യാനിക് സിന്നർ നാലാം റൗണ്ട് മത്സരത്തിൽ ഡെന്മാർക്കിന്റെ ഹോൾഗർ റൂണെയെ 6-3, 3-6, 6-3, 6-2ന് തോൽപിച്ച് ക്വാർട്ടറിൽ കടന്നു. ആസ്ട്രേലിയയുടെ അലക്സ് ഡി മനോർ യു.എസിന്റെ അലക്സ് മിച്ചൽസെനെ 6-0, 7-6, 6-3നും സഹതാരം ബെൻ ഷെൽട്ടൻ ഫ്രാൻസിന്റെ ഗേൽ മോൺഫിൽസുമായി 7-6, 6-7, 7-6, 1-0ത്തിന് ലീഡ് ചെയ്യുമ്പോൾ എതിരാളി പരിക്കേറ്റ് പിന്മാറിയതിനെത്തുടർന്നും മുന്നേറി. മറ്റൊരു കളിയിൽ യു.എസിന്റെ ലേണർ ടിയെനിനെ 6-3, 6-2, 3-6, 6-1ന് തോൽപിച്ച് ഇറ്റലിയുടെ ലോറെൻസോ സൊനേഗോയും അവസാന എട്ടിലെത്തി.
ബുധനാഴ്ചത്തെ ക്വാർട്ടറിൽ സിന്നറിനെ ഡി മനോറും ഷെൽട്ടനെ സൊനേഗോയും നേരിടും.
പോളിഷ് സൂപ്പർ താരം ഇഗ സ്വിയാറ്റക് വനിത സിംഗിൾസ് ക്വാർട്ടറിൽ ഇടംപിടിച്ചു. ജർമനിയുടെ ഇവ ലിസിനെ 6-0, 6-1 സ്കോറിൽ നാലാം റൗണ്ടിൽ അനായാസം കീഴടക്കി. അതേസമയം, കസാഖ്സ്താന്റെ പ്രതീക്ഷ എലേന റിബാകിനയെ യു.എസിന്റെ മഡിസൺ കീസ് 6-3, 1-6, 6-3 സ്കോറിൽ മറിച്ചിട്ടു. യു.എസിന്റെ കൊകൊ ഗോഫ്-സ്പെയിനിന്റെ പൗല ബഡോസ, ബെലറൂസിന്റെ അരീന സെബലങ്ക-റഷ്യയുടെ അനസ്തേഷ്യ പാവ്ലിയുചെങ്കോവ ക്വാർട്ടറുകൾ ഇന്ന് നടക്കും. നാളെ ഇഗയെ യു.എസിന്റെ എമ്മ നവാരോയും കീസിനെ യുക്രെയ്ൻ താരം എലീന സ്വിറ്റോളിനയും നേരിടും.
നേർക്കുനേർ: മത്സരം 7 ദ്യോകോവിച് 4 അൽകാരസ് 3
2024 പാരിസ് ഒളിമ്പിക്സ് ഫൈനൽ -ദ്യോകോവിച് 7-6(3), 7-6(2)
2024 വിംബിൾഡൺ ഫൈനൽ - അൽകാരസ് 6-2, 6-2, 7-6(4)
2023 എ.ടി.പി aഫൈനൽസ് സെമി ഫൈനൽ - ദ്യോകോവിച് 6-3, 6-2
2023 സിൻസിനാറ്റി മാസ്റ്റേഴ്സ് ഫൈനൽ - ദ്യോകോവിച് 5-7, 7-6(7), 7-6(4)
2023 വിംബിൾഡൺ ഫൈനൽ - അൽകാരസ് 1-6, 7-6(6), 6-1, 3-6, 6-4
2023 ഫ്രഞ്ച് ഓപൺ സെമി ഫൈനൽ - ദ്യോകോവിച് 6-3, 5-7, 6-1, 6-1.
2022 മഡ്രിഡ് ഓപൺ സെമി ഫൈനൽ - അൽകാരസ് 6-7(5), 7-5, 7-6(5)