ഉത്തേജകം: മൂന്നുമാസ വിലക്കിന് സമ്മതിച്ച് ജാനിക് സിന്നർ
text_fieldsറോം: കഴിഞ്ഞ വർഷം രണ്ടുതവണ ഉത്തേജക ഉപയോഗം തെളിഞ്ഞ് കുരുക്കിലായ ലോക ഒന്നാം നമ്പർ ടെന്നിസ് താരം ജാനിക് സിന്നർ ഒടുവിൽ വിലക്കിന് സമ്മതിച്ചു. ലോക ഉത്തേജക വിരുദ്ധ ഏജൻസിയുമായി എത്തിയ ധാരണ പ്രകാരം ഫെബ്രുവരി ഒമ്പതു മുതൽ മേയ് നാല് വരെ താരത്തിന് പ്രഫഷനൽ ടെന്നിസ് ടൂർണമെന്റുകളിൽ കളിക്കാനാകില്ല. ആസ്ട്രേലിയൻ ഓപൺ ജേതാവായ താരത്തിന് മേയ് 19ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപണിൽ ഇറങ്ങാനാകും.
ഇറ്റാലിയൻ താരമായ 23കാരൻ ഉത്തേജക പരിശോധനയിൽ രണ്ടുതവണ പരാജയപ്പെട്ടിട്ടും വിലക്കു വീഴാത്തതിനെ തുടർന്ന് ടെന്നിസിൽ രണ്ടു നീതിയെന്ന കടുത്ത വിമർശനമുയർന്നിരുന്നു. താനറിയാതെയാണ് ശരീരത്തിൽ ഉത്തേജകം എത്തിയതെന്നും അതിന്റെ പേരിൽ വിലക്ക് അരുതെന്നുമായിരുന്നു സിന്നറുടെ വിശദീകരണം. പ്രകടനമികവ് നൽകുന്നതല്ല പിടിക്കപ്പെട്ട ഉത്തേജകമെന്നും ബോധപൂർവം ശരീരത്തിലെത്തിയതല്ലെന്നും ശനിയാഴ്ച ലോക ഉത്തേജക വിരുദ്ധ ഏജൻസി പറഞ്ഞു.
ടെന്നിസിൽ മുൻനിര താരങ്ങൾ ഉത്തേജക പരിശോധനയിൽ പരാജയപ്പെടുന്നത് സമീപകാലത്ത് തുടർവാർത്തയാണ്. വനിതകളിൽ മുൻനിര താരം ഇഗ സ്വിയാറ്റെക് കഴിഞ്ഞ നവംബറിൽ ഒരുമാസ വിലക്കിന് സമ്മതിച്ചിരുന്നു.