ജാനിക് സിന്നർ ആസ്ട്രേലിയൻ ഓപൺ സെമിയിൽ
text_fieldsമെൽബൺ: 25ാം ഗ്രാൻഡ് സ്ലാമെന്ന ചരിത്രത്തിലേക്ക് രണ്ടുകളി അകലെ നിൽക്കുന്ന നൊവാക് ദ്യോകോവിച്ചിന് വലിയ വെല്ലുവിളിയാകുമെന്നുറപ്പുള്ള നിലവിലെ ചാമ്പ്യൻ ജാനിക് സിന്നർ ആസ്ട്രേലിയൻ ഓപൺ സെമിയിൽ. പരിക്ക് ഭീഷണിയായി കൂടെ കൂടിയിട്ടും വകവെക്കാതെ ഉജ്ജ്വലമായി പൊരുതിയ താരം ആസ്ട്രേലിയയുടെ അലക്സ് ഡി. മിനോറിനെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് അവസാന നാലിലേക്ക് ടിക്കറ്റുറപ്പിച്ചത്. സ്കോർ 6-3, 6-2, 6-1.
കഴിഞ്ഞ ദിവസം ഡെന്മാർക്ക് താരം ഹോൾഗർ റൂണിനെതിരായ മത്സരത്തിനു മുമ്പ് രോഗബാധയെ തുടർന്ന് ഡോക്ടറെ കണ്ടിരുന്നു. അതിന്റെ ക്ഷീണം കാട്ടാതെയാണ് ആദ്യവസാനം ആധികാരിക പ്രകടനവുമായി ഇറ്റാലിയൻ താരം ചാമ്പ്യന്റെ കളി പുറത്തെടുത്തത്. മറ്റൊരു ക്വാർട്ടറിൽ സീഡില്ലാ താരം ലോറൻസോ സോനെഗോയെ നാല് സെറ്റ് പോരാട്ടത്തിൽ കടന്ന് 22കാരനായ അമേരിക്കൻ താരം ബെൻ ഷെൽട്ടണും സെമിയിലെത്തി. ആദ്യ സെമിയിൽ ദ്യോകോവിച്ച് അലക്സാണ്ടർ സ്വരേവിനെ നേരിടുമ്പോൾ രണ്ടാം സെമി സിന്നർ- ഷെൽട്ടൺ പോരാട്ടമാകും.
സ്വന്തം നാട്ടിൽ ആരാധകർ നിറപിന്തുണയുമായി ഗാലറി നിറഞ്ഞിട്ടും സിന്നറുടെ കരുത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ഡി മിനോർക്കായില്ല. ആറ് സെർവ് ബ്രേക്കുകളുമായി തനിനിറം കാട്ടിയ ഇറ്റാലിയൻ താരം വരുംമത്സരങ്ങളിലും കരുത്ത് കൂട്ടുമെന്ന സൂചന നൽകിയാണ് സെമിപ്രവേശനം രാജകീയമാക്കിയത്.
ഇഗ Vs കീസ്
വനിതകളിൽ ലോക രണ്ടാം നമ്പർ താരം ഇഗ സ്വിയാറ്റെകും സമാന പ്രകടനവുമായി സെമിയിലെത്തി. ആദ്യ പോയന്റ് മുതൽ അവസാനം വരെ നിലംതൊടീക്കാത്ത കളിയുമായി എട്ടാം സീഡായ എമ്മ നവാരോയെ 6-1, 6-2നാണ് താരം തകർത്തുവിട്ടത്. രണ്ടാം ക്വാർട്ടറിൽ എലിന സ്വിറ്റോളിനയെ 3-6, 6-3, 6-4ന് തോൽപിച്ച് സെമിയിലെത്തിയ മാഡിസൺ കീസ് ആണ് ഇഗയുടെ എതിരാളി.