ജെ.ഡി.ടി ടേബ്ൾ ടെന്നിസിന് തുടക്കം
text_fieldsആറാമത് ജെ.ഡി.ടി ഓൾ കേരള ടേബ്ൾ ടെന്നിസ് ടൂർണമെന്റ് ഒളിമ്പ്യൻ വി. ദിജു ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: ആറാമത് ജെ.ഡി.ടി ഓൾ കേരള ടേബ്ൾ ടെന്നിസ് ടൂർണമെന്റിന് തുടക്കം. വിവിധ വിഭാഗങ്ങളിലായി 285 താരങ്ങൾ കോഴിക്കോട് ടേബ്ൾ ടെന്നിസ് അക്കാദമി സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്ന് ദിവസത്തെ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കും. ആദ്യദിനം അണ്ടർ 9 ഗേൾസ് ഹോപ്സ് വിഭാഗം ഫൈനലിൽ ക്രൈസ്റ്റ് ടി.ടി അക്കാദമിയിലെ എവ്ലിൻ ലിസ ജിജോ സഹതാരമായ ഇഷിക ടി. രഞ്ജിത്തിനെ 2-1ന് പരാജയപ്പെടുത്തി കിരീടം നേടി. ആൺകുട്ടികളിൽ ആലപ്പുഴ യു.ടി.ടി-വൈ.എം.സി.എ അക്കാദമിയിലെ ദക്ഷിത് ഉണ്ണികൃഷ്ണൻ ജേതാവായി. വൈ.എം.സി.എ അക്കാദമിയിലെ ധ്യാൻ കൃഷ്ണനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു (2-0).
അണ്ടർ 11 പെൺകുട്ടികളിൽ ടേബ്ൾ ടെന്നിസ് അക്കാദമിയിലെ അനുശ്രീ എസ്, എക്സ് ക്ലൂസിവ് സ്പോർട്സ് അക്കാദമിയിലെ ഫാരിൻ എഫിനെ അഞ്ച് സെറ്റുകൾ നീണ്ട മത്സരത്തിൽ 3-2ന് മറികടന്ന് കിരീടം നേടി. ഒളിമ്പ്യൻ വി. ദിജു മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ജെ.ഡി.ടി ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. പി.സി. അൻവർ അധ്യക്ഷനായിരുന്നു. കോഴിക്കോട് ടേബ്ൾ ടെന്നിസ് അക്കാദമി ചെയർമാൻ സനിൽ ശിവദാസ് സ്വാഗതവും ട്രഷറർ ശ്രീറാം കാവശ്ശേരി നന്ദിയും പറഞ്ഞു.