ആസ്ട്രേലിയൻ ഓപൺ: ട്രിപ്പിളിനരികെ സബലെങ്ക; കീസ് എതിരാളി
text_fieldsമെൽബൺ: ആസ്ട്രേലിയൻ ഓപണിൽ നീണ്ട 26 വർഷത്തിനിടെ ആദ്യമായി തുടർച്ചയായ മൂന്നാം കിരീടനേട്ടമെന്ന ചരിത്രത്തിനരികെ അരിന സബലെങ്ക. ഉറ്റ സുഹൃത്ത് കൂടിയായ പോള ബഡോസയെ നേരിട്ടുള്ള സെറ്റുകളിൽ കടന്നാണ് സബലെങ്ക അവസാന അങ്കത്തിൽ ഇടമുറപ്പിച്ചത്. സ്കോർ 6-4 6-2. വനിതകളുടെ രണ്ടാം സെമിയിൽ രണ്ടാം സീഡ് ഇഗ സ്വിയാറ്റെകിനെ ടൈബ്രേക്കറിൽ വീഴ്ത്തിയ (5-7 6-1 6-6 (9-8)) യു.എസ് താരം മാഡിസൺ കീസാണ് സബലെങ്കക്ക് എതിരാളി.
ആദ്യ സെമിയിൽ ഗ്രാൻഡ്സ്ലാം വേദിയായ മെൽബൺ പാർക്കിൽ തുടർച്ചയായ 20ാം ജയം കുറിച്ചാണ് സബലെങ്ക എതിരാളിയെ നേരിട്ടുള്ള സെറ്റുകളിൽ മറിച്ചിട്ടത്. കളി തുടങ്ങി ആദ്യ രണ്ട് പോയന്റ് നേടി ബഡോസ ഞെട്ടിച്ചെങ്കിലും സമചിത്തത വീണ്ടെടുത്ത ബെലറൂസ് താരം ഉജ്ജ്വല പോരാട്ടവുമായി പിന്നീടെല്ലാം തന്റേതാക്കുകയായിരുന്നു.
രണ്ടാമത്തെ കളിയിൽ ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് പിടിച്ച് ആധിപത്യം കാട്ടിയ ഇഗയെ ഞെട്ടിച്ച് അടുത്ത സെറ്റ് 6-1നാണ് കീസ് തനിക്കാക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടവുമായി ഇരുവരും കോർട്ട് നിറഞ്ഞുകളിച്ച നിർണായകമായ മൂന്നാം സെറ്റും 6-6ൽ ടൈബ്രേക്കർ വിധി നിർണയിക്കുകയായിരുന്നു. 10-8ന് പിടിച്ചാണ് കീസ് കരിയറിൽ ആദ്യത്തെ ഗ്രാൻഡ് സ്ലാം കിരീടത്തിനരികെയെത്തിയത്. പുരുഷ സെമിയിൽ ഇന്ന് നൊവാക് ദ്യോകോവിച്ച് അലക്സാണ്ടർ സ്വരേവിനെയും ജാനിക് സിന്നർ ബെൻ ഷെൽട്ടണെയും നേരിടും.