യു.എസ് ഓപണിനിടെ പരിക്കേറ്റ് പിന്മാറി പ്രമുഖർ
text_fieldsപരിക്കേറ്റ് മടങ്ങുന്ന പോളണ്ട് താരം കാമിൽ മജ്സാക്
ന്യൂയോർക്: യു.എസ് ഓപൺ ടെന്നിസ് മത്സരത്തിനിടെ, പരിക്കേറ്റ് പിന്മാറി കൂടുതൽ താരങ്ങൾ. പുരുഷ സിംഗ്ൾസ് മൂന്നാം റൗണ്ടിൽ നാലുപേർക്കാണ് മടങ്ങേണ്ടിവന്നത്. ഇറ്റാലിയൻ താരം ഫ്ലാവിയോ കൊബോളി സ്വന്തം നാട്ടുകാരൻ ലോറെൻസി മുസേറ്റിക്കെതിരായ കളിക്കിടെ പിൻവാങ്ങി.
ഇതോടെ, മുസേറ്റി പ്രീ ക്വാർട്ടറിൽ കടന്നു. ജർമനിയുടെ ഡാനിയൽ അൾട്ട്മയർ ആസ്ട്രേലിയയുടെ അലക്സ് ഡി മനോറിനും വാക്കോവർ നൽകി. സ്വിസ് താരം ലിയാൻഡ്രോ റിയേഡിയോട് ഏറ്റുമുട്ടവെ, പോളണ്ടിന്റെ കാമിൽ മജ്സാക്കും കളംവിട്ടു. കഴിഞ്ഞ ദിവസം യു.എസിന്റെ ബെൻ ഷെൽട്ടനും സമാന കാരണത്താൽ പിന്മാറിയിരുന്നു.
അതേസമയം, കിരീടപ്രതീക്ഷയായ ഇറ്റാലിയൻ സൂപ്പർ താരം യാനിക് സിന്നർ പ്രീക്വാർട്ടറിലെത്തി. മൂന്നാം റൗണ്ടിൽ കാനഡയുടെ ഡെനിസ് ഷാപോലോവിനെ 5-7, 6-4, 6-3, 6-3നാണ് തോൽപിച്ചത്. അലക്സാൻഡർ ബബ്ലിക്കാണ് സിന്നറിന്റെ അടുത്ത എതിരാളി. ജർമനിയുടെ അലക്സാൻഡർ സ്വരേവിനെ കാനഡയുടെ ഫെലിക്സ് ഓഗർ അലിയാസിം മറിച്ചിട്ടു. സ്കോർ: 6-4, 6-7 (9), 4-6, 4-6. വനിത പ്രീ ക്വാർട്ടറിൽ ആതിഥേയ താരം കൊകൊ ഗോഫിനെ ജപ്പാന്റെ നാവോമി ഒസാകയും പോളണ്ടിന്റെ ഇഗ സ്വിയാറ്റക്കിനെ റഷ്യയുടെ എകാതറിന അലക്സാൻഡ്രോവയും നേരിടും.