യു.എസ് ഓപൺ: ദ്യോകോ കടന്നു, മെദ്വദേവ് വീണു
text_fieldsനൊവാക് ദ്യോകോവിച്
ന്യൂയോർക്: കിരീട വരൾച്ചക്ക് അന്ത്യമിടാൻ യു.എസ് ഓപണിൽ ആദ്യ പോരിനിറങ്ങിയ സൂപ്പർ താരം നൊവാക് ദ്യോകോവിചിന് ജയത്തോടെ തുടക്കം. പുരുഷ സിംഗ്ൾസ് മത്സരത്തിൽ അമേരിക്കൻ താരം ലേണർ ടിയേനിനെ 6-1, 7-6 (3), 6-2 സ്കോറിനാണ് തോൽപിച്ചത്. അതേസമയം, മുൻ ചാമ്പ്യൻ റഷ്യയുടെ ഡാനിൽ മെദ്വദേവ് തോറ്റുമടങ്ങിയപ്പോൾ ടെയ് ലർ ഫ്രിറ്റ്സ്, ബെൻ ഷെൽട്ടൻ തുടങ്ങിയവരും ജയം കണ്ടു. വനിതകളിൽ നിലവിലെ ചാമ്പ്യൻ അരീന സബലങ്ക, ജാസ്മിൻ പാവോലിനി, വിക്ടോറിയ അസരങ്ക ഉൾപ്പെടെയുള്ളവരും രണ്ടാം റൗണ്ടിലെത്തി.
ഫ്രാൻസിന്റെ ബെഞ്ചമിൻ ബോൺസി 6-3, 7-5, 6-7(5), 0-6, 6-4 സ്കോറിന് മെദ്വദേവിനെ വീഴ്ത്തുകയായിരുന്നു. യു.എസ് താരമായ ഷെൽട്ടൻ 6-3, 6-2, 6-4ന് പെറുവിന്റെ ഇഗ്നാസിയോ ബ്യൂസിനെയും പരാജയപ്പെടുത്തി. ആതിഥേയ താരങ്ങൾ തമ്മിൽ നടന്ന മത്സരത്തിൽ ഫ്രിറ്റ്സ് 7-5, 6-2, 6-3ന് എമിലിയോ നവായെ മറികടന്നു. ബെലറൂസുകാരി സബലങ്ക 7-5, 6-1ന് സ്വിസ് താരം റെബേക്ക മസറോവയെ തോൽപിച്ചു. ആസ്ട്രേലിയയുടെ ഡെസ്റ്റനീ ഐയാവക്കെതിരെ 6-2, 7-6നായിരുന്നു ഇറ്റലിക്കാരി പാവോലിനിയുടെ ജയം. യു.എസിന്റെ പെഗുല 6-0, 6-4ന് ഈജിപ്തിന്റെ മയാർ ഷരീഫിനെയും ബെലറൂസിന്റെ അസലങ്ക 7-6, 6-4ന് ആതിഥേയരുടെ ഹിന ഇനൂവിനെയും പരാജയപ്പെടുത്തി.