ആസ്ട്രേലിയൻ ഓപ്പൺ: സെമി ഫൈനൽ മത്സരത്തിനിടെ ദ്യോകോവിച്ച് പിന്മാറി; സ്വരേവ് ഫൈനലിൽ
text_fieldsആസ്ട്രേലിയൻ ഓപ്പണിലെ സെമി ഫൈനൽ മത്സരത്തിനിടെ പരിക്ക് മൂലം കളിയിൽ നിന്നും പിന്മാറി സെർബിയൻ താരം നൊവാക് ദ്യോകോവിച്ച്. ആദ്യ സെറ്റ് നഷ്ടമായതിനു ശേഷമായിരുന്നു ദ്യോകോവിച്ചിന്റെ നാടകീയ പിന്മാറ്റം. ആദ്യ സെറ്റ് 7-6നാണ് ദ്യോകോവിച്ചിന് നഷ്ടമായത്. പരിക്കേറ്റതിനെ തുടർന്ന് മത്സരത്തിൽനിന്നും പിന്മാറുകയാണെന്ന് ദ്യോകോവിച്ച് അംപയറെ അറിയിക്കുകയായിരുന്നു.
നേരത്തെ കാർലോസ് അൽകാരസിനെതിരായ മത്സരത്തിലും പരിക്കുമൂലം ദ്യോകോവിച്ച് വലഞ്ഞിരുന്നു. ഇടതുകാലിന് പ്രശ്നമുണ്ടായതിനെ തുടർന്ന് ദ്യോകോവിച്ച് വൈദ്യസഹായം തേടി. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ദ്യോകോവിച്ച് അൽകാരസിനെ തോൽപ്പിക്കുകയായിരുന്നു. രണ്ടാം സെറ്റിൽ തോറ്റിരുന്നുവെങ്കിൽ മത്സരത്തിൽ നിന്നും താൻ പിന്മാറുമെന്ന് ദ്യോകോവിച്ച് പറഞ്ഞിരുന്നു.
വ്യാഴാഴ്ച പരിശീലനവും ദ്യോകോവിച്ച് ഒഴിവാക്കിയിരുന്നു. സെമി ഫൈനലിന് മുമ്പുള്ള മുൻകരുതൽ എന്ന നിലക്കാണ് താരം പരിശീലന സെഷൻ ഒഴിവാക്കിയത്. സ്വരേവിന്റെ ആദ്യ ആസ്ട്രേലിയൻ ഓപ്പൺ ഫൈനലാണിത്. ഞായറാഴ്ചയാണ് ആസ്ട്രേലിയൻ ഓപ്പണിന്റെ കലാശപോര് നടക്കുന്നത്.
ജാനിക് സിന്നർ -ബെൻ ഷെൽട്ടൺ പോരാട്ടത്തിലെ വിജയികളെയാവും ഫൈനലിൽ സ്വരേവ് നേരിടുക. അതേസമയം, മത്സരത്തിൽ നിന്നും പിന്മാറിയതിന് പിന്നാലെ ചില കാണികൾ ദ്യോകോവിച്ചിനെ കൂവി വിളിച്ചു.