പ്രഫഷനൽ ടെന്നിസിൽനിന്ന് വിരമിച്ച് രോഹൻ ബൊപ്പണ്ണ; പടിയിറക്കം 46-ാം വയസ്സിൽ
text_fieldsരോഹൻ ബൊപ്പണ്ണ
ബംഗളൂരു: ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ പ്രഫഷനൽ ടെന്നിസിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിന് 46-ാം വയസ്സിലാണ് ബൊപ്പണ്ണ തിരശീലയിടുന്നത്. പാരിസ് മാസ്റ്റേഴ്സിൽ അലക്സാണ്ടർ ബബ്ലിക്കിനൊപ്പമാണ് താരം അവസാനമായി കളത്തിലിറങ്ങിയത്. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാണ് താരം വിരമിക്കൽ തീരുമാനം അറിയിച്ചത്.
“ഗുഡ്ബൈ പറയുകയാണ്.. പക്ഷേ ഇതുകൊണ്ട് അവസാനിക്കുന്നില്ല. ജീവിതത്തിന് അർഥം നൽകിയ ഒന്നിനോട് എങ്ങനെ വിടപറയാനാകും? എന്നിരുന്നാലും മറക്കാനാകാത്ത 20 വർഷത്തെ ടൂറിനൊടുവിൽ എന്‍റെ റാക്കറ്റിന് ഔദ്യോഗികമായി വിശ്രമം നൽകുകയാണ്. ഇതെഴുതുമ്പോൾ ഒരേസമയം സങ്കടവും സന്തോഷവുമുണ്ടെനിക്ക്. കുടകിൽനിന്നാണ് ഞാനെന്‍റെ യാത്ര ആരംഭിച്ചത്. സെർവുകളുടെ കരുത്ത് കൂട്ടാൻ മരച്ചില്ലകൾ വെട്ടിയും സ്റ്റാമിന കൂട്ടാൻ കാപ്പിത്തോട്ടത്തിലൂടെ ഓടിയുമാണ് എന്‍റെ സ്വപ്നത്തെ പിന്തുടർന്നത്.
ലോകത്തെ വലിയ വേദികളിൽ കളിക്കാനായത് പലതും സ്വപ്നസമാനമായ അനുഭവങ്ങളാണ്. ടെന്നിസ് എനിക്ക് കേവലമൊരു ഗെയിം മാത്രമല്ല -തോറ്റപ്പോൾ ലക്ഷ്യബോധവും തകർന്നപ്പോൾ കരുത്തും ലോകം എന്നിൽ സംശയിച്ചപ്പോൾ വിശ്വാസവും പകർന്നു. ഓരോതവണ കോർട്ടിൽ ഇറങ്ങുമ്പോഴും അതെന്നിൽ സ്ഥിരോത്സാഹവും തിരിച്ചുവരാനുള്ള കരുത്തും പോരാട്ട വീര്യവും പകർന്നു - എല്ലാത്തിനുമുപരി ഞാൻ ഇത് എന്തിന് തുടങ്ങിയെന്നും ഞാനാരാണെന്നും ഓർമിപ്പിച്ചു” -ബൊപ്പണ്ണ കുറിച്ചു. ആരാധകർക്ക് നന്ദി പറഞ്ഞാണ് അദ്ദേഹം വിടവാങ്ങൽ കുറിപ്പ് അവസാനിപ്പിച്ചത്.
2002മുതൽ 2023 വരെ ഇന്ത്യയുടെ ഡേവിസ് കപ്പ് ടീം അംഗമായിരുന്നു രോഹൻ ബൊപ്പണ്ണ. 2017 ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസിൽ ഗ്രബ്രിയേൽ ഡബ്രോവ്സ്കിക്കൊപ്പവും 2024 ആസ്ട്രേലിയൻ ഓപ്പണിൽ മാത്യൂ എബ്ദനൊപ്പവും ജേതാവായി. പാകിസ്താൻ താരമായ ഐസാമുൽ ഹഖ് ഖുറേഷിയുമായി ഏഴുവർഷത്തോളം നീണ്ട കൂട്ടുകെട്ടിൽ 2010 യു.എസ് ഓപ്പൺ റണ്ണേഴ്സ് അപ്പായി. 2016 റിയോ ഒളിമ്പിക്സിൽ ബൊപ്പണ്ണ-സാനിയ മിർസ സഖ്യം മെഡലിന് തൊട്ടരികെ നാലാംസ്ഥാനത്താണ് വീണത്. 2023 ഏഷ്യൻ ഗെയിംസിൽ റുഥുജ ഭോസ്ലെ-ബൊപ്പണ്ണ സഖ്യം സ്വർണമെഡൽ നേടിയിരുന്നു.


