ഫ്രഞ്ച് ഓപൺ: സബലങ്ക, ഇഗ, പ്രീക്വാർട്ടറിൽ; ദ്യോകോവിച് മൂന്നാം റൗണ്ടിൽ
text_fieldsപാരിസ്: 25ാം ഗ്രാൻഡ് സ്ലാം കിരീടം തേടുന്ന നൊവാക് ദ്യോകോവിച് ഫ്രഞ്ച് ഓപൺ ടെന്നിസ് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. പുരുഷ സിംഗ്ൾസ് രണ്ടാം റൗണ്ടിൽ ഫ്രാൻസിന്റെ കോറന്റിൻ മൂട്ടെറ്റിനെയാണ് സെർബിയൻ സൂപ്പർ താരം തോൽപിച്ചത്.
സ്കോർ: 6-3, 6-2, 7-6. ഇറ്റലിയുടെ ലോറെൻസോ മുസേറ്റി അർജന്റീന താരം മാരിയാനോ നവോനെ ഉയർത്തി വെല്ലുവിളി മറികടന്ന് പ്രീക്വാർട്ടറിലെത്തി. സ്കോർ: 4-6, 6-4, 6-3, 6-2 വനിതകളിൽ ടോപ് സീഡ് ബെലറൂസിന്റെ അരീന സബലങ്കയും പോളണ്ടിന്റെ ഇഗ സ്വിയാറ്റക്കും പ്രീ ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്.
സെർബിയയുടെ ഒൽഗ ഡാനിലോവിചിനെ 6-2, 6-3നാണ് സബലങ്ക മടക്കിയത്. റുമേനിയൻ താരമായ ജാക്വലിൻ ക്രിസ്റ്റ്യനെ 6-2, 7-5ന് ഇഗയും പറഞ്ഞുവിട്ടു. കനേഡിയൻ കൗമാര താരം വിക്ടോറിയ എമ്പോകോയെ 6-3, 6-4ന് വീഴ്ത്തി ഒളിമ്പിക് ചാമ്പ്യൻ ഷെങ് ക്വിൻവെനും അവസാന 16ലെത്തി.