സിമോണ ഹാലെപ് വിരമിച്ചു
text_fieldsലണ്ടൻ: രണ്ടു തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ 33കാരി സിമോണ ഹാലെപ് പ്രഫഷനൽ ടെന്നിസിൽനിന്ന് വിരമിച്ചു. സ്വന്തം രാജ്യമായ റുമേനിയയിൽ നടന്ന ടൂർണമെന്റിൽ ആദ്യ റൗണ്ടിൽ തോൽവി പിണഞ്ഞതിനു പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം. ഉത്തേജക കേസിൽ സസ്പെൻഷൻ നേരിട്ട് തിരിച്ചെത്തിയ ശേഷം പരിക്കുവലച്ച കരിയറാണ് അവസാനിപ്പിക്കുന്നത്. പതിവുതാളത്തിൽ കളിക്കാനാകില്ലെന്ന തിരിച്ചറിവിലാണ് പിന്മാറ്റമെന്ന് താരം പറഞ്ഞു.
റുമേനിയയിലെ ക്ലുജിൽ ട്രാൻസിൽവാനിയ ഓപണിൽ 6-1, 6-1നായിരുന്നു അവസാന മത്സരത്തിലെ തോൽവി. ലോക റാങ്കിങ്ങിൽ ഒന്നാം നമ്പർ വരെയെത്തിയ താരത്തിന്റെ നിലവിലെ റാങ്കിങ് 870 ആണ്. 2019ൽ സറീന വില്യംസിനെ വീഴ്ത്തി വിംബിൾഡൺ കിരീടം ചൂടിയ ഹാലെപ് അതിന് മുമ്പ് 2018ൽ ഫ്രഞ്ച് ഓപണിലും ചാമ്പ്യനായി. മൂന്നുതവണ ഗ്രാൻഡ് സ്ലാം റണ്ണറപ്പായി. 24 സിംഗ്ൾസ് കിരീടങ്ങൾ നേടിയിട്ടുണ്ട്. 2022ൽ യു.എസ് ഓപണിലാണ് അവസാനമായി മുൻനിര ടൂർണമെന്റിൽ ഇറങ്ങിയത്. പിറകെ ഉത്തേജക പരിശോധനയിൽ കുടുങ്ങി സസ്പപെൻഷനിലായി.