വിരമിക്കൽ പ്രഖ്യാപിച്ച് ടേബ്ൾ ടെന്നിസ് ഇതിഹാസം ശരത് കമൽ
text_fieldsചെന്നൈ: കാൽ നൂറ്റാണ്ടോളം കാലം ആരാധകരെ കുഞ്ഞൻ മേശയിലേക്ക് പിടിച്ചിരുത്തിയ ഇന്ത്യയുടെ ടേബ്ൾ ടെന്നിസ് ഇതിഹാസം ശരത് കമൽ വിരമിക്കൽ പ്രഖ്യാപിച്ചു. മാർച്ച് 25 മുതൽ 30 വരെ ചെന്നൈയിൽ നടക്കുന്ന ലോക ടേബ്ൾ ടെന്നിസ് കണ്ടന്റർ തന്റെ അവസാന ടൂർണമെന്റായിരിക്കുമെന്ന് 42കാരൻ അറിയിച്ചു.
കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലുമായി ഇന്ത്യക്ക് വേണ്ടി മെഡലുകൾ വാരിക്കൂട്ടിയ ശരത്, ഒളിമ്പിക്സിൽ നാലുതവണ രാജ്യത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. 40 വർഷം മുമ്പ്, അതായത് രണ്ടാം വയസ്സിൽ കൈയിലേന്താൻ തുടങ്ങിയതാണ് റാക്കറ്റെന്നും വിശ്രമം നൽകാൻ സമയമായെന്നും ശരത് പറഞ്ഞു.
‘‘എന്റെ ആദ്യ അന്താരാഷ്ട്ര ടൂർണമെന്റ് ചെന്നൈയിലാണ് ഞാൻ കളിച്ചത്. അവസാന അന്താരാഷ്ട്ര മത്സരവും ചെന്നൈയിൽതന്നെയായിരിക്കും. ഒരു പ്രഫഷനൽ അത്‌ലറ്റ് എന്ന നിലയിൽ ഇത് എന്റെ അവസാന ടൂർണമെന്റായിരിക്കും. എനിക്ക് കോമൺവെൽത്ത് ഗെയിംസ് മെഡലുകളും ഏഷ്യൻ ഗെയിംസ് മെഡലുകളും ഉണ്ട്. ഒളിമ്പിക് മെഡൽ എന്റെ കൈവശമില്ലാത്ത ഒന്നാണ്. ഇളയ പ്രതിഭകൾ വരുന്നതിലൂടെ ആ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’’ -ലോക 42ാം നമ്പർ താരം പറഞ്ഞു.
‘‘ഞാൻ ഇത് പൂർണമായും ഉപേക്ഷിക്കുന്നുവെന്ന് പറയുന്നില്ല. പക്ഷേ, വലിയ മേശകളിൽ, വലിയ ജനക്കൂട്ടത്തിന് മുന്നിൽ, തീർച്ചയായും ഇത് അവസാനമാണ്. എന്റെ ബന്ദനക്കും (തൂവാല) റാക്കറ്റിനും അൽപം വിശ്രമം നൽകാനുള്ള സമയമാണിത്. എല്ലാ സന്തോഷത്തിനും സ്നേഹത്തിനും വേദനക്കും പാഠങ്ങൾക്കും ഈ രംഗം എനിക്ക് നൽകിയ എല്ലാവർക്കും വാക്കുകൾക്ക് അതീതമായ നന്ദിയുണ്ട്. ഓരോ ചെറിയ അംശവും എപ്പോഴും എന്നോടൊപ്പം ഉണ്ടാകും’’ -ശരത് കൂട്ടിച്ചേർത്തു.
ചെന്നൈയിലെ തെലുഗു കുടുംബത്തിലാണ് ശരത് ജനിച്ചത്. നിലവിലെ അന്താരാഷ്ട്ര ടേബ്ൾ ടെന്നിസ് റാങ്കിങ്ങിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യക്കാരനാണ്. വ്യക്തിഗത, ഡബ്ൾസ്, ടീം ഇനങ്ങളിലായി കോമൺ വെൽത്ത് ഗെയിംസിൽ ഏഴ് സ്വർണമടക്കം 13 മെഡലുകൾ നേടിയിട്ടുണ്ട്. 2022ൽ രാജ്യം പരമോന്നത കായിക ബഹുമതിയായ ഖേൽ രത്ന നൽകി ആദരിച്ചു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അത്‌ലറ്റ്സ് കമീഷന്റെ ഉപാധ്യക്ഷനായി പ്രവർത്തിച്ചുവരുന്നു.
ശരത് കമലിന്റെ അന്താരാഷ്ട്ര മെഡലുകൾ
കോമൺവെൽത്ത് ഗെയിംസ്
സ്വർണം -പുരുഷ സിംഗ്ൾസ് -2006 മെൽബൺ
സ്വർണം -പുരുഷ ടീം -2006 മെൽബൺ
സ്വർണം -പുരുഷ ഡബ്ൾസ്
-2010 ഡൽഹി
സ്വർണം -പുരുഷ ടീം
-2018 ഗോൾഡ് കോസ്റ്റ്
സ്വർണം -പുരുഷ സിംഗ്ൾസ് -2022 ബർമിങ്ഹാം
സ്വർണം -മിക്സഡ് ഡബ്ൾസ്
-2022 ബർമിങ്ഹാം
സ്വർണം -പുരുഷ ടീം -2022 ബർമിങ്ഹാം
വെള്ളി -പുരുഷ ഡബ്ൾസ് -2014 ഗ്ലാസ്‌ഗോ
വെള്ളി -പുരുഷ ഡബ്ൾസ് -2018 ഗോൾഡ് കോസ്റ്റ്
വെള്ളി -പുരുഷ ഡബ്ൾസ് -2022 ബർമിങ്ഹാം
വെങ്കലം -പുരുഷ സിംഗ്ൾസ് -2010 ഡൽഹി
വെങ്കലം -പുരുഷ ടീം -2010 ഡൽഹി
വെങ്കലം -പുരുഷ സിംഗ്ൾസ്
-2018 ഗോൾഡ് കോസ്റ്റ്
ഏഷ്യൻ ഗെയിംസ്
വെങ്കലം -പുരുഷ ടീം -2018 ജകാർത്ത
വെങ്കലം -മിക്സഡ് ഡബ്ൾസ് -2018 ജകാർത്ത
ഏഷ്യൻ ചാമ്പ്യൻഷിപ്
വെങ്കലം -പുരുഷ ടീം -2021 ദോഹ
വെങ്കലം -പുരുഷ ഡബ്ൾസ് -2021 ദോഹ
വെങ്കലം -പുരുഷ ടീം -2023 പ്യോങ്ചാങ്
വെങ്കലം -പുരുഷ ടീം -2024 അസ്താന